ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് ഭര്‍ത്താവിനോടാണോ, മക്കളോടാണോ അടുപ്പം കൂടുതല്‍ എന്നതായിരുന്നു കുറച്ചു കാലം മുന്‍പു വരെയുണ്ടായിരുന്ന സംശയം. പിന്നീട് സോഷ്യല്‍ മീഡിയയുടെ വരവോടെ അതങ്ങ് മാറി. വീട്ടിലും ഓഫീസിലും മാത്രമായി ഒതുങ്ങിയിരുന്ന സ്ത്രീകളുടെ ലോകം വളര്‍ന്നു. പഴയ സുഹൃത്തുക്കളെയുള്‍പ്പെടെ തേടി പിടിച്ച് ഒരേ മനോഭാവമുള്ളവര്‍ ചേര്‍ന്ന് യാത്രകളും, ബിസ്സിനസ്സുകളും, ഒത്തുകൂടലുമൊക്കെയായി തങ്ങളുടെ ലോകം സ്ത്രീകള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. ഇതോടെ സുഹൃത്തുക്കളെയാണോ ഭര്‍ത്താവിനെയാണോ സ്ത്രീക്ക് കൂടുതല്‍ ഇഷ്ടം അഥവാ അടുപ്പം എന്ന ചോദ്യവും വന്നു.
എന്നെയല്ലാതെ വേറെ ആരെ അവളെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ എന്ന് വിചാരിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഒരടിയായി പോയി ഈ ചോദ്യത്തിനുള്ള ഉത്തരം. ഹെല്‍ത്ത്-ബ്യൂട്ടി കമ്പനിയായ ഷഹനാസ് നടത്തിയ പഠനത്തില്‍ 50%ലേറെ സ്ത്രീകളും ഭര്‍ത്താവിനെക്കാള്‍ ഉറ്റസുഹൃത്തിനെ സ്നേഹിക്കുന്നവരാണ്. ഇതില്‍ പെണ്‍സുഹൃത്തുക്കളാണ് പരസ്പരം ഏറ്റവും അടുക്കുന്നത്.
ബ്യൂട്ടിപാര്‍ലറുകളില്‍ എന്തുകൊണ്ടാണ് കൂടുതല്‍ സ്ത്രീകളും ഭര്‍ത്താവില്ലാതെ ഒറ്റയ്ക്ക് വരുന്നത് എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് കമ്പനി സര്‍വേ നടത്തിയത്. ഇതില്‍ ഭൂരിഭാഗവും പറഞ്ഞത് ഹൃദയം തുറന്ന് സംസാരിക്കാന്‍ സാധിക്കുന്നത് ഉറ്റ സുഹൃത്തിനോടാണെന്നായിരുന്നു. യാതൊരു തരത്തിലുള്ള മുന്‍ വിധിയുമില്ലാതെ നമ്മളെ കേള്‍ക്കാന്‍ സാധിക്കുന്നത് സുഹൃത്തിനാണെന്നാണ് ഇവര്‍ പറയുന്നത്.
കൂടാതെ വ്യക്തിപരമായ രഹസ്യങ്ങള്‍ കൂടുതലും അറിയാവുന്നത് സുഹൃത്തിനാണ്. ഭര്‍ത്താവിന്റെയത്ര സുഹൃത്ത് വെറുപ്പിക്കാറില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. അതിനാല്‍ ഭര്‍ത്താവെന്നതിനൊപ്പം സുഹൃത്താകാനും ശ്രമിച്ചാല്‍ ചിലപ്പോള്‍ സ്ത്രീകളുടെ മനസ്സിനെ വിജയിക്കാനാകുമെന്ന് സര്‍വേ നടത്തിയവര്‍ പറയുന്നു.