തെലുങ്കിലെ മെഗാസ്റ്റാർ ആണ് ചിരഞ്ജീവി. അദ്ദേഹത്തിന്റെ മകൻ രാംചരൺ ആകട്ടെ പാൻ ഇന്ത്യൻ താരവും. രാംചരൺ അഭിനയിച്ച് ആർ ആർ ആർ ഫിലിമിലെ പാട്ടിനാണ് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭിച്ചത്. സിനിമയിൽ സ്വന്തമായി ഇടം നേടിയെടുക്കാൻ കഴിഞ്ഞ താരമാണ് രാംചരൺ. നടൻ എന്നതിലുപരി ബിസിനസ്മാനും, നിർമ്മാതാവും കൂടിയാണ് രാംചരൺ.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താരം അച്ഛനാകാൻ പോകുന്നു എന്ന് രാംചരൺ വ്യക്തമാക്കിയത്. അതേസമയം താനൊരു മുത്തച്ഛനാകാൻ പോകുന്നു എന്ന വിവരം ചിരഞ്ജീവിയും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ രാംചരണിന്റെ സഹോദരി സുസ്മിത കുഞ്ഞിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സുസ്മിതയുടെ വാക്കുകൾ ഇങ്ങനെ;” ചരൺ അച്ഛനാകാൻ പോകുന്ന വാർത്ത ഞങ്ങൾക്ക് വളരെ അധികം സന്തോഷം തരുന്നതാണ്. ഞങ്ങളെല്ലാം ആഘോഷത്തിലാണ്. ചരണിന് ആൺകുട്ടി ഉണ്ടാകുന്നതാണ് നല്ലത്. ഇതിനകം നാല് പെൺകുട്ടികളാണ് ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് ഇനി വരുന്നത് ആൺകുട്ടി ആവണമെന്നാണ് ആഗ്രഹം. ആഗ്രഹം സഫലമാകുക തന്നെ ചെയ്യും എന്നാണ് പ്രതീക്ഷയെന്നും സുസ്മിത പറഞ്ഞു.
ചിരഞ്ജീവിയുടെ മൂത്ത മകളായ സുസ്മിത നിർമ്മാതാവും, കോസ്റ്റ്യൂം ഡിസൈനറുമാണ്. താരത്തിന്റെ രണ്ടാമത്തെ മകനാണ് രാംചരൺ. മൂന്നാമത്തെ മകൾ ശ്രീജ പുനർവിവാഹത്തിന് ഒരുങ്ങുകയാണെന്ന വിവരം ഈയടുത്താണ് പുറത്ത് വന്നത്.
2012 ലാണ് രാംചരണും ഉപാസന കാമിനേനിയും വിവാഹിതരായത്. 10 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവർക്കും കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞുങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ദമ്പതികൾക്ക് നേരെ വൻ വിമർശനങ്ങളാണ് ഉയർന്നിരുന്നത്. മുൻപ് കുഞ്ഞിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് പറഞ്ഞവർ തന്നെയാണ് ഇപ്പോൾ മാതാപിതാക്കളാകാൻ ഒരുങ്ങുന്നത്.