മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വിനയന്‍ മണിക്കുട്ടനെ നായകനാക്കി ഒരുക്കിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഹണി റോസ്. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു ആദ്യമായി ഹണി ചിത്രത്തിലേക്ക് കടന്ന് വന്നത്.
ബോയ്ഫ്രണ്ടിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ താരത്തെ തേടി നിരവധി അവസരങ്ങള്‍ എത്തുകയായിരുന്നു. നിരവധി സിനിമകളില്‍ ചെറുതും വലുതുമായി വേഷങ്ങള്‍ ചെയ്ത് പോന്നിരുന്ന നടിക്ക് അനൂപ് മേനോന്‍, ജയസൂര്യ എന്നിവര്‍ നായകരായി എത്തിയ ട്രിവാന്‍ഡ്രം ലോഡ്ജ് ചിത്രത്തിലെ ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം വലിയ ഒരു ബ്രേക്ക് തന്നയാണ് നല്‍കിയത്. താരത്തിന്റെ കരിയറില്‍ തന്നെ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു ട്രിവാന്‍ഡ്രം ലോഡ്ജ്.
ഇതോടു കൂടി സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നിരവധി ചിത്രങ്ങള്‍ അടക്കമുള്ള സൂപ്പര്‍താരചിത്രങ്ങള്‍ ഹണി റോസിനെ തേടി എത്തി. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍ ആണ് താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഭാമിനി ലെസ്ബിയന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് താരം ഏറെ കൈയ്യടി നേടി.
ഇന്ന് മുന്‍നിര നായികമാരില്‍ ഒരാളാണ് ഹണി റോസ് എന്നുതന്നെ പറയാം. ഇപ്പോഴിതാ സിനിമയിലേക്കുള്ള ഹണി റോസിന്റെ കടന്നുവരവിനെയും കഠിനാധ്വാനത്തിലൂടെ അറിയപ്പെടുന്ന നായികയായി മാറിയതിനെ കുറിച്ചും സംസാരിക്കുകയാണ് ഹണി റോസിന്റെ മാതാപിതാക്കള്‍.
ഹണിയുമായി ഏറ്റവും അടുപ്പം അമ്മയേക്കാള്‍ അച്ഛനായിരുന്നു. ഹണിക്ക് സങ്കടം വന്നാല്‍ കൂടുതല്‍ വിഷമിക്കുന്ന അച്ഛനായിരിക്കും. അതുകൊണ്ട് താന്‍ മകളെ സിനിമയില്‍ നിന്നും വിലക്കിയിരുന്നുവെന്നും കാരണം ആദ്യം ഒരു സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ അവള്‍ സന്തോഷിച്ചിരുന്നുവെന്നും എന്നാല്‍ ആ സിനിമ മറ്റൊരാളെ വെച്ച് ചെയ്തപ്പോള്‍ അവള്‍ക്ക് വലിയ സങ്കടമായി എന്നും അച്ഛന്‍ പറയുന്നു.
ഇത് കണ്ടപ്പോള്‍ തനിക്കും സഹിക്കാനായില്ല. അപ്പോഴാണ് ഇനി അഭിനയിക്കേണ്ട എന്ന് പറഞ്ഞതെന്നും അച്ഛന്‍ പറയുന്നു. അഭിനയിക്കാന്‍ പോകേണ്ട എന്നു പറഞ്ഞ് അച്ഛന്‍ മാസങ്ങളോളം വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാതെയിരുന്നുവെന്നും വളരെ കഷ്ടപ്പെട്ടാണ് താന്‍ അച്ഛനെ കൊണ്ട് സമ്മതിപ്പിച്ചതെന്നും ഹണി റോസ് പറയുന്നു.
അതേസമയം, മകള്‍ വലിയ വഴക്കാളിയാണെന്നും ദേഷ്യം വന്നാല്‍ കൈയ്യില്‍ കിട്ടിയതെല്ലാം എടുത്തെറിയുമെന്നും മോള്‍ക്ക് കല്യാണക്കാര്യം പറയുന്നതേ ഇഷ്ടമല്ലെന്നും തങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം എന്നത് അവളുടെ കല്യാണമാണെന്നും അമ്മ പറയുന്നു.
തന്റെ അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹമാണെന്ന് ഹണി റോസ് പറയുന്നു. 10 വര്‍ഷത്തോളം പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചതെന്നും അച്ഛനും കുടുംബവും സ്ഥലം മാറി വന്നപ്പോള്‍ അമ്മയുടെ വീടിനടുത്ത് ആയിരുന്നു താമസമെന്നും അങ്ങനെ കണ്ട് ഇഷ്ടപ്പെടുകയായിരുന്നുവെന്നും ഇപ്പോള്‍ വിവാഹം കഴിഞ്ഞിട്ട് 30 വര്‍ഷമായെന്നും ഹണി റോസ് പറയുന്നു.