പ്രദർശനത്തിന് എത്തി ആദ്യ ഷോ കഴിയുമ്പോൾ തമിഴകത്തിന്റെ ദളപതി വിജയ് നായകനായ വാരിസ് എന്ന ഏറ്റവും പുതിയ ചിത്രത്തെ കുറിച്ച് കിടിലൻ അഭിപ്രായം ആണ് പുറത്തു വരുന്നത്. സമീപകാലത്ത് ഇറങ്ങിയ വിജയ് ചിത്രങ്ങളിൽ നിന്ന് എല്ലാം വ്യത്യസ്തമായി കുടുംബത്തെ പ്രധാന പ്ലോട്ടായി കണ്ടാണ് വാരിസ് അവതരിച്ചിരിക്കുന്നത്.
അതു കൊണ്ടു തന്നെ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ഒന്നായി ചിത്രം മാറിക്കഴിഞ്ഞു. ഒരു കുടുംബ ചിത്രം എന്ന ഴോണറിനോട് തീർത്തും സത്യസന്ധത പുലർത്തിയാണ് വംശി പൈഡപള്ളി ചിത്രം ഒരുക്കിയിരിക്കുന്നത്. ഇമോഷൻ, കോമഡി, റൊമാൻസ്, ആക്ഷൻ, വില്ലത്തരങ്ങൾ, ഡാൻസ് എന്നിങ്ങനെ വാണിജ്യ സിനിമയ്ക്ക് അനിവാര്യമായ എല്ലാ ചേരുവകളും കൃത്യമായി ചേർത്തുമാണ് വംശി വാരിസ്’തിയറ്ററുകളിലേക്ക് എത്തിച്ചിരിക്കുന്നത്.
സ്വന്തം പേരാണ് വിജയ്ക്ക് ചിത്രത്തിൽ. വിജയ് രാജേന്ദ്രൻ ആയി നിറഞ്ഞാടുകയാണ് ചിത്രത്തിൽ താരം. പഴയ കാലത്ത് വിജയ് ചെയ്തതു പോലുള്ള കോമഡികൾ ചിത്രത്തിന്റെ ആകർഷകമായി മാറുന്നുണ്ട്. നൃത്ത രംഗങ്ങളിൽ വിജയിയുടെ ഇളകിയാട്ടം തന്നെയാണ്.
Also Read
ദളപതി ഷോ, വിജയ് ചിത്രം വാരിസിന്റെ ആദ്യ പകുതിയെ കുറിച്ച് പ്രേക്ഷകര് പറയുന്നത് കേട്ടോ
ചിത്രത്തിലെ വൈകാരിക രംഗങ്ങളും വിജയ് തന്റേതായ സ്വാഭാവിക രീതിയിൽ മികവുറ്റതാക്കിയിരിക്കുന്നു . ആരാധകരെ ത്രസിപ്പിക്കുന്ന തരത്തിൽ ആക്ഷൻ രംഗങ്ങളിൽ കസറിയിരിക്കുകയാണ് വിജയ്. എന്തായാലും തിയറ്ററിൽ ആരാധകർ ആഘോഷിക്കാനുള്ള ഒരു ചിത്രം തന്നെയാണ് വാരിസ്
രാജേന്ദ്രൻ എന്ന വൻ വ്യവസായിയെ ചുറ്റിപ്പറ്റിയാണ് വാരിസിന്റെ കഥ. മൂന്ന് മക്കളുടെ അച്ഛനായ രാജേന്ദ്രൻ തന്റെ വാരിസ് അഥവാ പിന്തുടർച്ചക്കാരനെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ്. മക്കളിൽ വ്യവസായത്തിൽ ആരാണ് കേമൻ എന്ന് കണ്ടെത്തി അനന്തരവകാശിയായി പ്രഖ്യാപിക്കാനാണ് നീക്കം.
അജയ്, ജയ് എന്നീ മക്കളിൽ നിന്ന് വ്യത്യസ്തനായ മൂന്നാമൻ വിജയിയ്ക്ക് കുടുംബവും ബിസിനസും ഒരേതരത്തിൽ കാണുന്നതിൽ താൽപര്യവില്ല. ഒരു പ്രത്യേക സാഹചരത്തിത്തിൽ അച്ഛനുമായി വഴക്കിട്ട് വിജയ് വീടുവിട്ടിറങ്ങുകയും ചെയ്യുന്നു. കുടുംബത്തിലെ ചടങ്ങിന് അമ്മ ആവശ്യപ്പെട്ടത് അനുസരിച്ച് വിജയ് വീണ്ടും വീട്ടിലെത്തുകയും ചെയ്യുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്.
വിജയ് അച്ഛന്റെ ബിസിനസ് ഏറ്റെടുക്കുന്നു. എന്തൊക്കെ വെല്ലുവിളികളാകും വിജയ് നേരിടേണ്ടി വരിക, എങ്ങനെയാണ് വിജയ് പ്രതിസന്ധികളെ അതിജീവിക്കുക, തുടങ്ങിയ സ്വാഭാവിക ചോദ്യങ്ങൾക്ക് ഉത്തരമാകുന്ന തരത്തിൽ ത്രസിപ്പിക്കുന്നതും രസിപ്പിക്കുന്നതുമായ കഥാ സന്ദർഭങ്ങളിലൂടെയാണ് വാരിസ് പൂർത്തിയാകുന്നത്.
രശ്മിക മന്ദാനയാണ് വിജയിയ്ക്ക് നായികയായി എത്തുന്നത്. പ്രകടനത്തിൽ ശ്രദ്ധയാകർഷിക്കുന്ന പ്രധാന കഥാപാത്രം ശരത്കുമാറിന്റെ രാജേന്ദ്രൻ ആണ്. ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായി വാണ കാലത്തിലേയും ജീവിതം കൈവിടുന്ന സമയത്തെയും വിവിധ ഘട്ടങ്ങളെ ശരത്കുമാർ മികച്ച രീതിയിൽ പകർത്തിയിട്ടുണ്ട്. ജയസുധ അവതരിപ്പിച്ച സുധ എന്ന അമ്മ കഥാപാത്രത്തിനും പ്രധാന്യം നൽകിയാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്.
വിജയ് ശരത് കുമാർ കോംബോ പോലെ തന്നെ ജയസുധയുമായുള്ള രംഗങ്ങളും വർക്ക് ആയിട്ടുണ്ട്. ട്രെയിലറിൽ കണ്ടപോലെ വില്ലൻ അംശങ്ങൾ ചേർന്ന പ്രകാശ് രാജ് കഥാപാത്രത്തിനൊപ്പം സഞ്ചരിച്ചിക്കുന്ന പ്രകടനം നടത്തിയിരിക്കുന്നു. ശാം, ശ്രീകാന്ത്, പ്രഭു, വിടിവി ഗണേഷ്, സുമൻ, ശ്രീമാൻ തുടങ്ങിയവർ അവരുടെ കഥാപാത്രങ്ങൾ കൈയ്യടക്കത്തോടെ ചെയ്ത് മികച്ചതാക്കി.
നേരത്തെ വാരിസിന്റെ വേൾഡ് പ്രീമിയർ ചെന്നൈ സത്യം സിനിമാസിൽ വച്ച് പൂർത്തിയായിരുന്നു. മാധ്യമ പ്രവർത്തകർ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ഇതിനാൽ തന്നെ വലിയതോതിലുള്ള അഭിപ്രായങ്ങളും റിവ്യൂകളുമാണ് വാരിസിന് ലഭിച്ചുവരുന്നത്. വാരിസ് കളർഫുള്ളും വിനോദിപ്പിക്കുന്നതും ആണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാല ട്വീറ്റ് ചെയ്തു.
അച്ഛൻ മകൻ തർക്കമാണ് ചിത്രത്തെ നയിക്കുന്നതെന്നും ചിത്രം ദളപതി ഷോ ആണെന്നും ബാല പറയുന്നു. അദ്ദേഹം ചെറുപ്പമായും പുതുമയോടെയും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നർമ്മവും കൈകാര്യം ചെയ്തിട്ടുണ്ട്. യോഗി ബാബുവിൻറെ കോമഡിയും നന്നായി, എന്നാണ് രമേശ് ബാലയുടെ വാക്കുകൾ. ഗംഭീരം എന്നാണ് മാധ്യമപ്രവർത്തകനായ രാജശേഖർ പറഞ്ഞിരിക്കുന്നത്.
മാസ് നിമിഷങ്ങളുള്ള മനോഹരമായ ഒരു ഫാമിലി എൻറർടെയ്നർ ആണ് ചിത്രമെന്നും തമൻ നൽകിയിരിക്കുന്ന പശ്ചാത്തല സംഗീതം മികച്ചതാണെന്നും അദ്ദേഹം പറയുന്നു. വിവിധഫാൻസുകളും ട്വിറ്ററിലും മറ്റും പ്രതികരണങ്ങൾ നടത്തുന്നുണ്ട്. എന്നാൽ പുതുമയൊന്നും ഇല്ല വിജയ് ഷോ എന്ന നിലയിലും ട്വീറ്റുകൾ വരുന്നുണ്ട്.
ക്ലെവർ സെല്ലർ എന്നൊക്കെയാണ് ചിത്രത്തെക്കുറിച്ച് ചില ആരാധകരുടെ അഭിപ്രായം. കേരളത്തിൽ നിന്നുള്ള ആരാധകരുടെ അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.