ദുബായ്: പതിമൂന്നുകാരിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച ഇന്ത്യന്‍ യുവാവിന് മൂന്നുമാസം തടവുശിക്ഷ. ചെന്നൈ സ്വദേശിയായ 27കാരനാണ് പ്രതി. പെണ്‍കുട്ടിയുടെ മെയിലിലേക്കാണ് പ്രതി ദൃശ്യങ്ങള്‍ അയച്ചത്. പെണ്‍കുട്ടിയുടെ അമ്മ അവിചാരിതമായി ഈ ദൃശ്യങ്ങള്‍ കാണാനിടയായതാണ് സംഭവം പുറത്തറിയാന്‍ കാരണം.
അതേസമയം, പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ പ്രതി നിഷേധിച്ചു. പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. അവധി ദിവസങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോകുമ്പോള്‍ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. പെണ്‍കുട്ടിയെ ചുംബിക്കുന്നത് ഒരിക്കല്‍ അമ്മ കാണുകയും തന്നെ ഫ്ളാറ്റില്‍ നിന്നും പിടിച്ച് പുറത്താക്കുകയും ചെയ്തിരുന്നുവെന്നും പ്രതി അവകാശപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഈ വാദങ്ങള്‍ തള്ളുകയായിരുന്നു.
കുടുംബ സുഹൃത്തുകൂടിയായ ഇയാള്‍ വീട്ടില്‍ വരുമ്പോള്‍ തന്നോട് മോശമായി പെരുമാറാറുണ്ടായിരുന്നുവെന്ന് കോടതി കണ്ടെത്തി. 2017 ആഗസ്റ്റിലാണ് സംഭവം നടന്നത്. ഫെബ്രുവരിയില്‍ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി പ്രതിക്ക് മൂന്നു മാസം ശിക്ഷ വിധിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് ഉന്നത കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളുകയായിരുന്നു. ഇതോടെയാണ് പ്രതിക്ക് മൂന്നു മാസം ശിക്ഷ ലഭിച്ചത്. തടവിനുശേഷം ഇയാളെ നാടുകടത്താനും ഉത്തരവിട്ടു. മകളുടെ ഇമെയില്‍ അക്കൗണ്ടില്‍ സുപരിചിതനായ വ്യക്തി അയച്ച അശ്ലീല ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ അമ്മയാണ് കണ്ടത്.
ഏറെ അടുപ്പമുണ്ടായിരുന്ന വ്യക്തി ചെയ്ത പ്രവര്‍ത്തി അമ്മയെ ഞെട്ടിച്ചുവെങ്കിലും തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അശ്ലീലം കലര്‍ന്ന നിരവധി മെയിലുകള്‍ ഇയാള്‍ അയച്ചതായി മാതാവ് കണ്ടെത്തി. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍, ഇന്ത്യക്കാരനായ വ്യക്തി മോശമായ രീതിയില്‍ തന്നോട് പെരുമാറിയിട്ടുണ്ടെന്നു വെളിപ്പെടുത്തി. തുടര്‍ന്ന്, പൊലീസിനെ വിവരം അറിയിക്കുകയും കേസുമായി മുന്നോട്ടു പോവുകയുമായിരുന്നു. സംഭവത്തില്‍ പ്രതി സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യക്കാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അതിക്രമം കാണിച്ചുവെന്നും ഇന്റര്‍നെറ്റ് തെറ്റായ രീതിയില്‍ ഉപയോഗിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.