മിനിസ്‌ക്രീൻ ആരാധകരുടെ ഇഷ്ടപ്പെട്ട താരങ്ങളാണ് ബീനാ ആന്റണിയും, മനോജും. ഇപ്പോഴിതാ പുതുവർഷം എത്തുന്നതിന് മുമ്പേ തന്നെ തങ്ങളുടെ ജീവിതത്തിൽ ലഭിച്ച സന്തോഷം തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരങ്ങൾ.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, പ്രിയരേ, 2022 തീരാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ ഞങ്ങളുടെ വീട്ടിലേക്ക് ദൈവം തന്ന ഒരു ഇരട്ടിമധുരത്തിന്റെ സന്തോഷം നിങ്ങളുമായി പങ്കിടുന്നു. മലയാള സിനിമയുടെ എക്കാലത്തേയും അഭിമാനമായ ഇന്ത്യൻ സിനിമയുടെ ആദരണീയനായ ചലച്ചിത്രകാരൻ ശ്രീ രാമു കാര്യാട്ട് സാറിന്റെ പേരിലുള്ള പുരസ്‌കാരങ്ങളാണ് ഞങ്ങളെ തേടിയെത്തിയത്. ഇത് ഞങ്ങളെ സംബന്ധിച്ച് വലിയൊരു ഭാഗ്യവും അഭിമാനവുമാണ്.
2021 – 22 ൽ ഞാൻ അഭിനയിച്ച ‘നാമം ജപിക്കുന്ന വീട് ‘ (മഴവിൽ മനോരമ) എന്ന സീരിയലിൽ ഭാര്യയേയും മക്കളേയും ചേർത്ത് പിടിച്ച് ജീവിക്കുന്ന സത്യസന്ധനായ തഹസീൽദാർ രമേശൻ നായർ , ഞാൻ ഒരു പാട് ആസ്വദിച്ച് ചെയ്ത കഥാപാത്രമാണ്. ഇതേ സമയം തന്നെ ഇന്ദുലേഖ ( സൂര്യ ടിവി) എന്ന സീരിയലിലെ കൊടും ക്രൂരനായ മാളിയേക്കൽ ത്രിവിക്രമൻ എന്ന ദുഷ്ട കഥാപാത്രത്തേയും ഞാനേറെ ഇഷ്ടപ്പെട്ടിരുന്നു.
ഇപ്പോൾ അഭിനയിക്കുന്ന ‘ഭാഗ്യലക്ഷ്മി’ (സീ കേരളം) യിലെ ഭാര്യയുടേയും മക്കളുടേയും വെറുപ്പ് നേടി പണത്തിന് വേണ്ടി എന്ത് ദുഷ്ടതയും ചെയ്യുന്ന അഡ്വ: വിജയകുമാർ എന്ന കഥാപാത്രവും ഞാൻ ഒരുപാട് ആസ്വദിച്ച് ചെയ്യുന്നു. ഈ മൂന്ന് സീരിയലുകളെ മുൻനിർത്തിയാണ് എനിയ്ക്ക് മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം അവാർഡ് ജൂറി കമ്മിറ്റി നല്കിയത്. നന്ദി. ഒരുപാട് നന്ദി. ഈ മൂന്ന് ചാനലുകളോടും എന്റെ സീരിയലിൽ പ്രവർത്തിച്ച ഏവരോടുമുള്ള നന്ദിയും സ്‌നേഹവും ഞാൻ രേഖപ്പെടുത്തുന്നു.
ബീനയ്ക്ക് ജനപ്രിയ നടി പുരസ്‌കാരമാണ് ലഭിച്ചത്. തീർച്ചയായും എന്റെ ഭാര്യയാണെങ്കിലും ഒരു അഭിനേത്രി എന്ന നിലയിൽ അവൾക്ക് ജനങ്ങളിൽ നിന്ന് കിട്ടുന്ന നിറഞ്ഞ സ്‌നേഹവായ്പ്പുകൾ കിട്ടുമ്പോൾ ഈ പുരസ്‌കാരത്തിന് അവൾ തീർച്ചയായും അർഹയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒപ്പം ‘ഭാഗ്യലക്ഷ്മി’ സീരിയലിൽ എന്റെ ഭാര്യയായി അഭിനയിക്കുന്ന രശ്മി സോമൻ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതും വളരെയധികം സന്തോഷവും അഭിമാനവും നല്കുന്നു. ഞങ്ങൾക്കൊപ്പം ഈ പുരസ്‌കാരത്തിൽ തെരെഞ്ഞെടുക്കപ്പെട്ട വിവിധ മേഖലയിലുള്ള ഞങ്ങളുടെ മറ്റ് സഹപ്രവർത്തകർക്കും നിറഞ്ഞ അഭിനന്ദനങ്ങൾ. എല്ലാത്തിനും സർവ്വേശ്വരനോട് നന്ദി.
പിന്നെ ഞങ്ങളുടെ എല്ലാ സന്തോഷത്തിലും വിഷമഘട്ടങ്ങളിലും നിറഞ്ഞ സ്‌നേഹവും പ്രാർത്ഥനകളുമായ് ഞങ്ങൾക്ക് വേണ്ടി എന്നും നിലകൊള്ളുന്ന നിങ്ങൾ ഓരോരുത്തരോടും ഞങ്ങളുടെ ഹൃദയത്തിൽ തൊട്ട കൂപ്പുകൈ. 2023 നമ്മൾക്കെല്ലാവർക്കും ഒരു അനുഗ്രഹവർഷമാവട്ടേ എന്ന പ്രാർത്ഥനയോടെ. നിർത്തുന്നു. ഡിസംബർ 30 ന് വൈകീട്ട് ചാവക്കാട് ബീച്ച് ഫെസ്റ്റിൽ വച്ചാണ് അവാർഡ് വിതരണം. വരാൻ കഴിയുന്നവർ വരണേ. നമുക്കവിടെ വച്ച് കാണാമെന്നുമായിരുന്നു മനോജിന്റെ കുറിപ്പ്.