കൊച്ചി: വിചാരണ നടപടികള്‍ തുടങ്ങുന്നതിന്റെ മുന്നോടിയായി നടി ആക്രമിക്കപ്പെട്ട കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളോടും ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. വിചാരണ ഇപ്പോള്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സെഷന്‍സ് കേസ് കോടതി പരിഗണിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ദിലീപ് ഉള്‍പ്പെടെ 12 പ്രതികളോടും നേരിട്ട് ഹാജരാകണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. ഏത് കോടതിയില്‍ എന്ന് വിചാരണ തുടങ്ങണമെന്ന് സെഷന്‍സ് കോടതിയാണ് തീരുമാനമെടുക്കുക. മുഴുവന്‍ പ്രതികളുടെയും അഭിപ്രായം കൂടി രേഖപ്പെടുത്തിയ ശേഷമാകും സെഷന്‍സ് കോടതിയുടെ തീരുമാനം.
ഇന്ന് നാളെ മറ്റു നടപടിയൊന്നും ഉണ്ടാവില്ല. പേരുവിളിച്ച് പ്രതിക്കൂട്ടില്‍ കയറ്റി നിര്‍ത്തും. പ്രതികള്‍ക്കുവേണ്ടി അഭിഭാഷകര്‍ ഹാജരായാലും മതി. തുടര്‍ന്നു കക്ഷികളുടെ പ്രാരംഭ വാദവും കുറ്റപത്രം വായിച്ചു കേള്‍ക്കാനും വേണ്ടി കേസ് മറ്റൊരു ദിവസത്തിലേക്കു മാറ്റും. പിന്നീടാകും വിസ്താരം ആരംഭിക്കുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ മധ്യവേനല്‍ അവധിക്കുശേഷമാകും വിചാരണ ആരംഭിക്കുക. വിചാരണ തുടങ്ങിയാല്‍ ഇടയ്ക്കിടെ താരം കോടതി കയറേണ്ടി വരും. അതുകൊണ്ടുതന്നെ സിനിമാ അഭിനയത്തില്‍നിന്നു തല്‍ക്കാലം വിട്ടുനില്‍ക്കാനാണ് ദിലീപ് ആലോചിക്കുന്നത്. നാളെ കോടതിയില്‍ ദിലീപ് എത്തുമോ എന്നത് ഏവരും ആകാംഷയോടെ ഉറ്റുനോക്കുന്ന കാര്യമാണ്. പള്‍സറും ദിലീപും ഒരു പ്രതിക്കൂട്ടില്‍ നില്‍ക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
അതിനിടെ വിചാരണ ഇപ്പോള്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഈ മാസം 21ന് പരിഗണിക്കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ലഭിക്കാന്‍ പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു ഹര്‍ജിയും ദിലീപ് സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹര്‍ജികളില്‍ കൂടി വിധി പറഞ്ഞ ശേഷമാകും വിചാരണക്കോടതിയില്‍ നടപടികള്‍ തുടങ്ങുക.
അതേസമയം കേസില്‍ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്നും വനിതാ ജഡ്ജിയെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മേല്‍ക്കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. കേസില്‍ എട്ടാം പ്രതിയായ ദിലീപ് തന്റെ ജാമ്യം നീട്ടി നല്‍കണമെന്ന് വിചാരണക്കോടതിയില്‍ ആവശ്യപ്പെടും. ദിലീപിനെതിരേ ഗൂഢാലോചന, കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങീ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന പത്തോളം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
തന്റെ ദാമ്പത്യം തകരുന്നതിന് കാരണക്കാരിയായി കരുതുന്ന നടിയോടുളള പകയാണ് ദിലീപിനെ കുറ്റകൃത്യത്തിന് പ്രരിപ്പിച്ചതെന്നും കുറ്റകൃത്യത്തില്‍ പറയുന്നു. മഞ്ജുവാര്യര്‍ ഉള്‍പ്പെടെ 355 പേരെ സാക്ഷികളായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദിലീപിനെതിരെ ഗൂഢാലോചന ഉള്‍പ്പെടെ തെളിയിക്കുക എന്നതാണ് അന്വേഷണ സംഘം നേരിടുന്ന വെല്ലുവിളി.
ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ അവകാശവാദം. ഈ തെളിവുകളും സാക്ഷിമൊ!ഴികളും കോടതിയില്‍ എത്തുന്പോള്‍ വലിയ വാദപ്രതിവാദങ്ങളാകും വിചാരണക്കോടതിയില്‍ നടക്കുക.
രക്ഷപ്പെടാന്‍ ആകാത്ത വിധം വാഹനത്തില്‍ തടഞ്ഞ് വച്ച് ബലാത്സംഗം ചെയ്യുക, ഗൂഢാലോചന നടത്തി തട്ടിക്കൊണ്ട് പോകുക,തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുക തുടങ്ങിയ ഒന്നാം പ്രതിക്കെതിരെയുള്ള പ്രധാനകുറ്റങ്ങള്‍. ബലാത്സംഗത്തിനും, പതട്ടിക്കൊണ്ട് പോകലിനും,തെളിവ് നശിപ്പിക്കലിനുമുള്ള ഗൂഢാലോചനയില്‍ എട്ടാം പ്രതിക്ക് പങ്ക്. മറ്റുള്ളവര്‍ കൂട്ടായും ഉത്സാഹികളുമായി കുറ്റകൃത്യത്തില്‍ പങ്കെടുത്തവരെന്നും പരാമര്‍ശം.
നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ നടത്തിയിട്ടുള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രത്തിലെ പ്രധാന സൂചന ഇങ്ങനെ. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും എട്ടാം പ്രതി നടന്‍ ദിലീപുമാണ്. കേസില്‍ ഇവരുള്‍പ്പെടെ 12 പേര്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.