നാടക രംഗത്തു നിന്നും എത്തി സീരിയലുകളിലും സിനിമയിലും സജീവമായ താരമാണ് പ്രിയ മേനോന്‍. നെഗറ്റീവ് വേഷങ്ങളിലൂടെയാണ് പ്രിയ ശ്രദ്ധിക്കപ്പെട്ടത്. വ്യത്യസ്തമായ വസ്ത്രധാരണവും ആഭരണങ്ങളും എല്ലാം പ്രിയയുടെ ക്യാരക്ടറുകളുടെ പ്രത്യേകതയാണ്.
ഇപ്പോള്‍ സിനിമയ്ക്ക് പുറമെ സ്വന്തം സുജാത പരമ്പരയിലും താരം സജീവമാണ്. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയിലെ പ്രിയയുടെ കഥാപാത്രവും ഏറെ ശ്രദ്ധേയമാണ്. തന്റെ നെഗറ്റീവ് വേഷങ്ങള്‍ കണ്ട് ചിലര്‍ തന്നെ തല്ലണമെന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ടെന്ന് പ്രിയ പറയുന്നു.
നാടകം ചെയ്തതോടെയാണ് സിനിമയിലേക്ക് അവസരം ലഭിച്ചത്. പിന്നീട് സിനിമകള്‍ക്കിടെ അടൂര്‍ ഗോപാലകൃഷ്ണന്റെ 11 സിനിമകളെക്കുറിച്ച് ഞാനൊരു മ്യൂറല്‍ പെയിന്റിംഗ് ചെയ്തിരുന്നു. അന്നാണ് പ്രസാദ് നൂറനാടിനെ പരിചയപ്പെട്ടതെന്നും താരം പറയുന്നു.
അദ്ദേഹം പിന്നീട് വിളിച്ച് സീരിയലില്‍ അവസരം നല്‍കുകയായിരുന്നു. സീരിയലിന്റെ കാര്യം പറഞ്ഞപ്പോള്‍ തനിക്ക് മലയാളമറിയില്ലെന്നായിരുന്നു താന്‍ പറഞ്ഞത്. സീരിയലില്‍ കുറേ ഡയലോഗുകളുണ്ടാവില്ലേ എന്ന് ചോദിച്ചെങ്കിലും നിങ്ങളൊന്ന് വന്ന് നോക്കൂയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത് ബൈജു ദേവരാജിന്റെ സീരിയലിലേക്കായിരുന്നു. അങ്ങനെയാണ് താന്‍ മാണിക്യമംഗലത്ത് ജലജകുമാരിയായതെന്നും പ്രിയ വിശദീകരിക്കുന്നു.
ഒരുപാട് വേരിയേഷനുള്ള ക്യാരക്ടറായിരുന്നുവെങ്കിലും അത് പോസിറ്റീവായിരുന്നില്ല. ആ വേഷം ചെയ്ത തന്നോട് ആളുകളൊക്കെ ദേഷ്യവും വെറുപ്പം കാണിക്കുമായിരുന്നു. ബൈജു സാറിന്റെ അമ്മ വരെ അവരെ കണ്ടിട്ടുണ്ടെങ്കില്‍ എന്ന് പറഞ്ഞിരുന്നു. ആ സ്ത്രീയെ കണ്ടിട്ടുണ്ടെങ്കില്‍ കസേര കൊണ്ട് തല്ലുമെന്ന് പറഞ്ഞവരെക്കുറിച്ചും ബൈജു സാര്‍ പറഞ്ഞിരുന്നെന്നും ഇത് ക്യാരക്ടറിന്റെ വിജയമാണെന്നും പ്രിയ മേനോന്‍ പറയുന്നു.
പിന്നീട് വേഷമിട്ട വാനമ്പാടിയിലും നെഗറ്റീവായിരുന്നു വേഷം. ആളുകളെ എന്നെ കാണുമ്പോള്‍ ഇപ്പോഴും രുക്മിണി മാഡം എന്ന് വിളിക്കും. എനിക്ക് അഭിനയിക്കാനിഷ്ടമാണെന്നും അതിന് നൂറ് ശതമാനവും കൊടുത്താണ് ചെയ്യുന്നതെന്നും താരം പറയുന്നു.