ഒരു കാലത്ത് മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയിരുന്നു ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ. നിരവധി യുവ ഗായകരെ മലയാളത്തിന് സമ്മാനിച്ച ഷോ കൂടി ആയിരുന്നു ഐഡിയ സ്റ്റാർ സിംഗർ. ഓരോ സീസണിലേയും മൽസരാർത്ഥികൾ മലയാളികൾക്ക് സ്വന്തം കുടുംബാംഗങ്ങളെ പോലെ ആയിരുന്നു.
ഈ ഷോയിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത ഗായിക ആയിരുന്നു അഞ്ജു ജോസഫ്. അതേ സമയം ഷോയിൽ നിന്നും ഇടയ്ക്ക് വെച്ച് പുറത്ത് ആയെങ്കിലും പിന്നീട് അഞ്ജുവിനെ തേടി നിറയെ അവസരങ്ങൾ എത്തിയിരുന്നു. സ്റ്റേജ് ഷോകളും ചാനൽ പരിപാടികളും യൂട്യൂബ് ചാനലും ഒക്കെയായി സജീവമാണ് അഞ്ചു ഇപ്പോൾ.
യൂട്യൂബ് ചാനലുമായി സജീവമായ അഞ്ജു പങ്കുവെയ്ക്കുന്ന പാട്ടുകളെല്ലാം നിമിഷ നേരം കൊണ്ട് വൈറലാവാറുണ്ട്. കവർ സോങ് വീഡിയോകൾക്കെല്ലാം മികച്ച സ്വീകാര്യതയും ലഭിക്കാറുണ്ട്. മിന്നിത്തെന്നും, പൊന്നോലത്തുമ്പീ, കൈതപ്പൂവിൻ തുടങ്ങിയ ഗാനങ്ങൾ അഞ്ജു സ്‌പെഷ്യൽ കവർ വേർഷനും വൈറലായിരുന്നു.
അടുത്തിടെ പറയാം നേടാം പരിപാടിയിലേക്ക് അതിഥിയായി അഞ്ജു എത്തിയിരുന്നു. കരിയറിലേയും ജീവിതത്തിലേയും വിശേഷങ്ങളും ഇതിലൂടെ പങ്കുവെച്ചിരുന്നു. റിയാലിറ്റി ഷോ ചരിത്രം നോക്കിയാൽ ഏറ്റവും കൂടുതൽ എലിമിനേഷൻ നേരിട്ട ആൾ താനായിരിക്കുമെന്ന് അഞ്ജു പറയുന്നു.
ഒൻപത് പ്രാവശ്യം നിന്നിട്ടുണ്ട്, എലിമിനേഷന് തലേദിവസം അമ്മ എന്നെയും കൊണ്ട് പള്ളിയിൽ പോവുമായിരുന്നു. അന്ന് ദൈവമെ ഞാൻ പുറത്താവണേ എന്നായിരുന്നു ഞാൻ പ്രാർത്ഥിക്കുക. ഇനിയും എലിമിനേഷനിൽ നിൽക്കണ്ടല്ലോ അതിനായിരുന്നു.
എന്നെ ഒരു പാട്ടുകാരിയായി കാണണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും അമ്മയാണ്. പഠിച്ചില്ലേലും വേണ്ടില്ല, പാടിയാൽ മതിയെന്ന് അമ്മ പറയും. അമ്മയ്ക്ക് ഏറ്റവുമിഷ്ടം ഡിവോഷണൽ പാട്ടുകളാണ്. പാട്ടുകാരിയായി തന്നെ മുന്നോട്ട് പോവണം എന്നാണ് ആഗ്രഹം.
അതേ സമയം താൻ ചെറുതായിട്ട് പിയാനോ വായിക്കുമെന്നും അഞ്ജു പറഞ്ഞിരുന്നു. പ്രണയാഭ്യർത്ഥനകൾ കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരു പയ്യൻ ഒരു ബോക്സിൽ കുറെ മഞ്ച് ഒക്കെ വെച്ച് തന്നിരുന്നു. കണ്ടപ്പോൾ അതിലെ മഞ്ച് എല്ലാം എടുത്തിട്ട് ബോക്സൊന്നും വേണ്ട, കൊണ്ടു പൊക്കോയെന്ന് പറഞ്ഞു.
പ്രണയ അഭ്യർത്ഥന ആണ് അതെന്നു അന്ന് മനസിലായിരുന്നില്ല. വാ തുറന്ന് പറഞ്ഞൂടേ എന്ന് പിന്നീട് താൻ ചോദിച്ചിരുന്നു. അഞ്ജുവിനൊപ്പം അമ്മയും ഷോയിലേക്ക് എത്തിയിരുന്നു. ഞങ്ങളുടെ വീട്ടിൽ ഏത് പരിപാടിയുണ്ടായാലും അപ്പന്റെ പാട്ടും അമ്മയുടെ അഭിനയവും കാണാം. പക്ഷെ അതൊക്കെ മടുത്തു തുടങ്ങി ഞാൻ വിളിച്ചാലും പോവാറില്ല എന്ന് അമ്മ പറയുന്നു.
ഭക്ഷണം വെച്ച് തന്നുകൊണ്ടാണ് അമ്മ സ്നേഹം കാണിക്കുന്നതെന്നും അഞ്ജു പറഞ്ഞു. സഹോദരനെ തബല പഠിപ്പിക്കാനായി വിട്ടപ്പോഴാണ് അഞ്ജു പാടുന്നത് ശ്രദ്ധിച്ച് തുടങ്ങുന്നത്. ആ സമയത്താണ് ഇവൾ പാടുമെന്ന് ഞങ്ങൾക്കു പോലും മനസ്സിലായതെന്ന് അഞ്ജുവിന്റെ അമ്മ പറയുന്നു.