മലയാള സിനിമാ ലോകത്തെ മികച്ച മാതൃകാ ദമ്പതികള്‍ ആയ നടന്‍ ജയറാമിന്റെയും ഭാര്യയും മുന്‍കാല സൂപ്പര്‍ നായികാ നടിയുമായ പാര്‍വ്വതിയുടെ മകന്‍ കാളാദാസ് ജയറാം ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയനായ യുവ നടനാണ്. മലയാളത്തിലും തമിഴിലും അടക്കം നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ കാളിദാസ് വേഷമിട്ട് കഴിഞ്ഞു.
ജയറാമിന് ഒപ്പം ബാലതാരമായിട്ട് ആയിരുന്നു കാളിദാസ് സിനിമയില്‍ എത്തിയത്. പിന്നീട് മുതിര്‍ന്നപ്പോള്‍ എബ്രിഡ് ഷൈന്‍ ഒരുക്കിയ പൂമരം എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ നായകനായും കാളിദാസ് അരങ്ങേറി. മലയാളത്തില്‍ ഒരു പിടി മികച്ച ചിത്രങ്ങളില്‍ നായകനായി വേഷമിട്ട കാളിദാസ് തമിഴകത്തേക്കും ചേക്കറി.
അതേ സമയം അഭിനയം കൊണ്ടായാലും വിജയം കൊണ്ടായായലും കാളിദാസിന്റെ മികച്ച സിനിമകള്‍ എല്ലാം തമിഴിലാണ് പിറന്നിരിക്കുന്നത്. ഇപ്പോഴിതാ കാളിദാസ് ജയറാമിന്റെ ഒരു അഭിമുഖമാണ് ഏറെ ശ്രദ്ധ നേടുന്നത്. ജയറാമിനെ കുറിച്ചു, താരങ്ങളുടെ മക്കള്‍ സിനിമയിലേക്ക് എത്തുമ്പോഴുള്ള ചില രീതികളെക്കുറിച്ചുമൊക്കെയാണ് കാളിദാസ് ഗലാട്ട പ്ലസില്‍ ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ഒരു താരത്തിന്റെ മകന്‍ എന്ന രീതിയിലുള്ള ഒരു ലോഞ്ചിംഗ് ഒന്നും തനിക്ക് സിനിമയില്‍ കിട്ടിയിട്ടില്ല. സാധാരണ താരങ്ങളുടെ മക്കളെ എങ്ങനെ ഒരു സിനിമയില്‍ അഭിനയിപ്പിക്കണമെന്നും അവര്‍ക്ക് വേണ്ടി എന്തൊക്കെ ഒരുക്കണം എന്നൊക്കെ നേരത്തെ പ്ലാന്‍ ചെയ്യും. എന്നാല്‍ തനിക്ക് വേണ്ടി അത്തരത്തിലുള്ള ഒന്നും നടന്നില്ലെന്ന് കാളിദാസ് പറയുന്നു.
അച്ഛന്‍ ജയറാമിന് ഇതിനെക്കുറിച്ചൊന്നും അറിയില്ലായിരുന്നു, അദ്ദേഹം ഇതൊന്നും ശ്രദ്ധിച്ചില്ലായിരുന്നുവെന്നും കാളിദാസ് കൂട്ടിച്ചേര്‍ത്തു. തനിക്ക് വേണ്ടി സിനിമകള്‍ നിര്മ്മിക്കുമെന്ന് അച്ഛന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അഥവാ അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ താന്‍ രക്ഷപ്പെട്ടേനെ എന്നും താരം കൂട്ടിച്ചേര്‍ത്തു.
വലിയ സഹായമോ പിന്തുണയോ തനിക്ക് സിനിമയില്‍ നിന്നും കിട്ടിയിരുന്നില്ല. ഇതൊന്നും കിട്ടിയില്ലെങ്കിലും ജയറാമിന്റെ മകന്‍ എന്ന പേര് ഉണ്ടായിരുന്നു. അത് മാത്രം മതിയായിരുന്നു സമ്മര്‍ദത്തിലാക്കാന്‍ എന്നും താന്‍ ചെയ്ത സിനിമകളെല്ലാം തന്റെ തീരുമാനമായിരുന്നുവെന്നും കാളിദാസ് പറയുന്നു.