ഏറെ കഷ്ടപ്പാടുകളും പരിഹാസവും വീട്ടുകാരുടെ എതിര്‍പ്പും എല്ലാം മറികടന്ന് ഒന്നായ സ്വര്‍ഗ അനുരാഗികളാണ് ആദില നസ്‌റിനും ഫാത്തിമ നൂറയും. സൗദിയിലെ പ്ലസ്ടു പഠനകാലത്ത് ഇഷ്ടപ്പെട്ട് തുടങ്ങിയ പ്രണയിനികള്‍ ഒടുവില്‍ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് നാട്ടില്‍ വെച്ച് ഒന്നിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ വിവാഹ വസ്ത്രത്തില്‍ അണിഞ്ഞൊരുങ്ങി ഇരുവരും പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യല്‍മീഡിയയുടെ മനംകവരുന്നത്. സോഷ്യല്‍മീഡിയ പേജിലൂടെയാണ് ഇരുവരും ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
‘എന്നെന്നേക്കുമായി നേട്ടം സ്വന്തമാക്കി’ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രം കണ്ടവരെല്ലാം ഇരുവരുടേയും ിവവാഹം കഴിഞ്ഞോ എന്ന് അന്വേഷിച്ച് എത്തിയത് എങ്കിലും വിവാഹ ഫോട്ടോഷൂട്ട് മാത്രമാണ് ഇതെന്നാണ് വ്യക്തമാകുന്നത്.
മനോഹരമായ ലെഹങ്കകള്‍ അണിഞ്ഞും പരസ്പരം കല്യാണ ഹാരം ചാര്‍ത്തിയും മോതിരം കൈമാറിയും കേക്ക് മുറിച്ചുമൊക്കെ ആഘോഷിക്കുന്ന ചിത്രങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ചിത്രത്തിന് വലിയ വരവേല്‍പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്.
പ്ലസ് ടു പഠനകാലത്ത് ആരംഭിച്ച പ്രണയം വീട്ടിലറിഞ്ഞതോടെയാണ് ആദിലയും നൂറയും വല്ലാതെ കഷ്ടത അനുഭവിക്കാന്‍ ആരംഭിച്ചത്. വീട്ടുകാര്‍ ശക്തമായി എതിര്‍ത്തതോടെ ഇരുവരേയും ബന്ധുക്കള്‍ നാട്ടിലെത്തിച്ചു. ഇവിടെ നിന്നും ഡിഗ്രി പൂര്‍ത്തിയാക്കിയ ഇരുവരും പക്ഷെ, പ്രണയം കൈവിട്ടില്ല.
ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും ഒന്നിച്ച് ജീവിക്കാനായി തീരുമാനം എടുത്തതോടെ വീട്ടുകാര്‍ കടുത്ത രീതിയില്‍ തന്നെ പെരുമാറാന്‍ ആരംഭിച്ചു. നൂറ വീട്ടുതടങ്കലില്‍ ആയതോടെ നൂറയ്‌ക്കൊപ്പം ജീവിക്കാന്‍ അനുമതി തേടി ആദില നസ്‌റിന്‍ ഹൈക്കോടതിയില്‍ ഹേബിയസ് ഹര്‍ജി നല്‍കുകയായിരുന്നു. പങ്കാളിയെ വീട്ടുകാരുടെ തടവില്‍ നിന്നും മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കണം എന്നാണ് ആദില നസ്‌റിന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ പറഞ്ഞത്. കോടതി അനുമതി നല്‍കിയതോടെ സ്വതന്ത്ര്യരായ ആദിലയും നൂറയും ബംഗളൂരുവിലേക്ക് താമസം മാറ്റിയിരുന്നു. അവിടെ ജോലി ചെയ്താണ് ഇരുവരും ജീവിക്കുന്നത്.
സത്യത്തില്‍ ഇത് പൊലീസ് സ്റ്റേഷനില്‍ വച്ച് പരിഹരിച്ച് വിടേണ്ട പ്രശ്‌നമായിരുന്നു. അവര്‍ കാണിച്ച അനാസ്ഥയാണ് കോടതി വരെ എത്തിയത് എന്നാണ് ഇരുവരും പിന്നീട് അഭിമുഖത്തില്‍ പറഞ്ഞത്.
എന്നെ ബലം പിടിച്ച് കൂട്ടി കൊണ്ടു പോയി ബന്ധുവീടുകളില്‍ താമസിപ്പിച്ചു എന്ന് നൂറ പറയുന്നു. കൗണ്‍സിലുകള്‍ ചെയ്യാന്‍ ശ്രമിച്ചു. പക്ഷെ എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു ഞാന്‍ മാറില്ല എന്ന്. ആദിലയുമായി കോണ്ടാക്ട് ചെയ്യാതിരിക്കാന്‍ വേണ്ടി എന്റെ ഫോണും വാങ്ങി വച്ചിരുന്നു. പിന്നെ പരസ്പരം കാണാന്‍ ഒരു വഴിയും ഇല്ലാതായപ്പോഴാണ് ആദില ഹേര്‍ബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചത്.
എന്നില്‍ നിന്ന് ബലമായി നൂറയെ പിടിച്ചു കൊണ്ട് പോയതിന് ശേഷം ഏട്ട് ദിവസം കഴിഞ്ഞാണ് ഞങ്ങള്‍ പരസ്പരം കണ്ടത് എന്ന് ആദില പറഞ്ഞു. പക്ഷെ നൂറയെ വീട്ടുകാര്‍ കായികമായി ഉപദ്രവിയ്ക്കുമോ എന്ന നല്ല ഭയം എനിക്കുണ്ടായിരുന്നു. പക്ഷെ അത്രയും ശക്തമായ കേസ് ആയത് കൊണ്ട് അവര്‍ തൊടില്ല എന്നതായിരുന്നു സത്യം. കൗണ്‍സിലിങ് നല്‍കി നൂറയെ മാറ്റും എന്ന ഭയം എനിക്കുണ്ടായിരുന്നില്ല. കാരണം വാക്കുകള്‍ കൊണ്ട് പറഞ്ഞ് തിരുത്തുന്നത് തെറ്റുകളാണ്, പക്ഷെ ഞങ്ങള്‍ തമ്മിലുള്ള ബന്ധം തെറ്റല്ല.
ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹം വാക്കുകള്‍ കൊണ്ട് പറഞ്ഞ് പ്രകടിപ്പിക്കാന്‍ സാധിയ്ക്കില്ല. അത് വേറിട്ടൊരു അനുഭവം തന്നെയാണ്. ഞങ്ങളുടെ ബന്ധം പ്ലസ് വണ്ണില്‍ നിന്നാണ് തുടങ്ങിയത്. അപ്പോള്‍ തന്നെ ഞങ്ങളുടെ ചാറ്റുകള്‍ എല്ലാം വീട്ടുകാര്‍ പിടിച്ചിരുന്നു. ശാരീരകമായും മാനസികമായും അപ്പോള്‍ മുതല്‍ പല തരത്തിലും സ്ട്രഗിള്‍ ചെയ്യുന്നുണ്ടായിരുന്നു. അടി കിട്ടിയിട്ടുണ്ട്. പക്ഷെ വീട്ടുകാര്‍ കാരണം ഞങ്ങള്‍ പിരിയില്ല എന്ന വിശ്വാസം അപ്പോഴും ഉണ്ടായിരുന്നു.
എന്നാല്‍ വീട്ടുകാര്‍ ഞങ്ങളുടെ ബന്ധം പിടിച്ചപ്പോഴാണ് പരസ്പരം ഞങ്ങള്‍ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലായത്. മാനസികമായും ശരീരികമായും അവള്‍ക്ക് ഞാന്‍ ഇല്ലാതെയും എനിക്ക് അവള്‍ ഇല്ലാതെയും പറ്റില്ല. അപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചതാണ് ഡിഗ്രി കഴിഞ്ഞ് എന്തെങ്കിലും ജോലി ആയാല്‍ ഉടന്‍ വീട് വിട്ട് ഇറങ്ങണം എന്ന്.