ബ്രഹ്‌മാണ്ഡ ചിത്രം ആദിപുരുഷ് ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതോടെ ആരാധകരും സിനിമാ പ്രേമികളുമെല്ലാം അമ്പരന്നിരുന്നു. 500 കോടി മുടക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ മോശം വിഎഫ്എക്‌സ് കണ്ടാണ് സിനിമാപ്രേമികള്‍ നിരാശരായിരിക്കുന്നത്.
ഇതിനോടകം തന്നെ ആദിപുരുഷ് സംവിധായകന്‍ ഓം റൗട്ട് ട്രോളുകളില്‍ നിറയുകയും ചെയ്തു. ഇപ്പോഴിതാ സിനിമാ ടീസര്‍ കണ്ട ചിത്രത്തിലെ നായകന്‍ പ്രഭാസിന്റെ ഒരു റിയാക്ഷന്‍ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
സിനിമയുടെ ടീസര്‍ കണ്ട് സംവിധായകന്‍ ഓം റൗട്ടിനെ തന്റെ റൂമിലേക്ക് വിളിച്ചുവരുത്തി പ്രഭാസ് വഴക്കടിച്ചതായാണ് തെലുങ്ക് മാധ്യമങ്ങളിലെ വാര്‍ത്തകള്‍. ടീസറിനെതിരെ ട്രോളുകള്‍ നിറയുന്നതിനിടെയാണ് പ്രഭാസിന്റെ വിഡിയോയും പുറത്തുവന്നിരിക്കുന്നത്.
താരത്തിന്റെ മുഖത്ത് ദേഷ്യം പ്രകടമാണ്. ‘ഓം എന്റെ റൂമിലേക്ക് വരൂ’ എന്നാണ് പ്രഭാസ് വിഡിയോയില്‍ പറയുന്നത്. ടീസര്‍ കണ്ട് ക്ഷുഭിതനായ പ്രഭാസ് സംവിധായകനോട് ദേഷ്യപ്പെടാനായി വിളിച്ചതാണ് എന്നാണ് വീഡിയോ കണ്ട ആരാധകരടക്കം പറയുന്നത്.
രാമായണം പശ്ചാത്തലമാക്കി ഫാന്റസി സിനിമയായെത്തുന്ന ആദിപുരുഷിന്റെ വിഎഫ്എക്‌സ് ആണ് ട്രോളുകള്‍ക്ക് കാരണം. കൊച്ചുടിവിയില്‍ പ്രദര്‍ശിപ്പിക്കുന്ന സീരിയലുകള്‍ക്കുപോലും ഇതിലും നിലവാരമുണ്ടെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ടെമ്പിള്‍ റണ്‍ എന്ന മൊബൈല്‍ ഗെയിമിനു പോലും ഇതിലും മികച്ച വിഎഫ്എക്‌സ് ആണെന്നും ട്രോളുകളിലുണ്ട്.
അതേസമയം, അജയ് ദേവ്ഗണ്‍ ദേശീയ അവാര്‍ഡ് നേടിയ താനാജി ഒരുക്കിയ ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തെ സംബന്ധിച്ച് സിനിമാ പ്രേമികള്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. ചിത്രം രാമ-രാവണ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലന്‍ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണ്‍ ആണ് എത്തുന്നത്. ലക്ഷ്മണനായി സണ്ണി സിങ്. ഹനുമാന്റെ വേഷത്തില്‍ ദേവദത്ത നാഗേ എന്നിവരും എത്തുന്നുണ്ട്.
ചിത്രത്തിന്റെ ബജറ്റായ 500 കോടിയില്‍ 250 കോടിയും വിഎഫ്എക്‌സിനു വേണ്ടിയാണ് ചിലവഴിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും മുതല്‍ മുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഈ ത്രിഡി ചിത്രം അടുത്തവര്‍ഷം ജനുവരിയിലാണ് റിലീസ്.