ദുല്‍ഖര്‍ സല്‍മാന്‍ പാന്‍ ഇന്ത്യന്‍ താരമായി മാറിയതിന്റെ ഉദാഹരണമായാണ് മലയാളികള്‍ സൂപ്പര്‍ഹിറ്റ് ചിത്രം സീതാ രാമം ആഘോഷിച്ചത്. തെലുങ്കില്‍ പുറത്തിറങ്ങിയ ചിത്രം തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ബോളിവുഡിലും വലിയ ഹിറ്റായി മാറുകയായിരുന്നു.
എന്നാല്‍ സീതാരാമം ചിത്രം ദുല്‍ഖറിന് മാത്രമല്ല, ചിത്രത്തിലെ നായികാ കഥാപാത്രമായി മനം കവര്‍ന്ന മൃണാള്‍ താക്കൂറിന്റേയും തലവര മാറ്റിയ ചിത്രമായി മാറുകയായിരുന്നു. ചിത്രത്തിന്റെ വമ്പന്‍ ഹിറ്റോടെ തെന്നിന്ത്യയാകെ വലിയ ആരാധക കൂട്ടം തന്നെ മൃണാളിനും സ്വന്തമായിരിക്കുകയാണ്. മൃണാള്‍ അവതരിപ്പിച്ച സീതാ മഹാലക്ഷ്മിയെ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തു. 100 കോടിയാണ് ചിത്രം ബോക്സ് ഓഫീസില്‍ കൊയ്തത്.
അതേസമയം, നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2018ല്‍ ലവ് സോണിയ എന്ന ചിത്രത്തിലൂടെ ബോളിവുഡിലായിരുന്നു മൃണാളിന്റെ അരങ്ങേറ്റം. എന്നാല്‍ അത്ര ശ്രദ്ധേയമായ വേഷങ്ങളോകേന്ദ്ര കഥാപാത്രമായി തിളങ്ങാനുള്ള അവസരമോ മൃണാളിന് ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഇപ്പോഴുണ്ടായ വിജയം മൃണാളിനെ അീവ സന്തുഷ്ടയാക്കിയിരിക്കുകയാണ്.
ബോളിവുഡിലടക്കം താന്‍ തുടക്കകാലത്ത് നേരിട്ട വെല്ലുവിളികളെ കുറിച്ച് പറയുകയാണ് മൃണാള്‍. ഹിന്ദിയില്‍ തനിക്ക് അധികം അവസരങ്ങള്‍ ലഭിച്ചില്ലെന്നും കഴിവുണ്ടെന്ന് സംവിധായകരെ ബോധ്യപ്പെടുത്താന്‍ വളരെയധികം ബുദ്ധിമുട്ടിയെന്നും മൃണാള്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.
താന്‍ സത്യം പറയുകയാണ്. സീതാ രാമം പോലെയൊരു അവസരം എനിക്ക് ബോളിവുഡില്‍ കിട്ടിയിട്ടില്ല. എനിക്ക് നന്നായി അഭിനയിക്കാന്‍ പറ്റും എന്ന് സംവിധായകരെ ബോധ്യപ്പെടുത്താന്‍ നന്നായി കഷ്ടപ്പെട്ടു. എന്നാല്‍ എനിക്ക് അവസരങ്ങള്‍ ലഭിച്ചില്ല. എനിക്ക് ലഭിച്ചതിലെല്ലാം ഞാന്‍ സന്തോഷിച്ചിരുന്നു. എന്നാല്‍ പിന്നീട് കുറച്ച് കൂടി നല്ല സിനിമകള്‍ ലഭിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു.
ഞാന്‍ ഓരോ കഥാപാത്രങ്ങള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്തു. ഞാന്‍ അര്‍ഹതപ്പെട്ടവളാണെന്ന് തെളിയിക്കാന്‍ വര്‍ഷങ്ങള്‍ ചെലവഴിക്കേണ്ടി വന്നെന്നാണ് മൃണാള്‍ പറയുന്നത്.
മുന്‍പ്, ഹൃത്വിക് റോഷനൊപ്പം അഭിനയിച്ച സൂപ്പര്‍ 30, ഷാഹിദ് കപൂര്‍ നായകനായ ജേഴ്സി എന്നീ ചിത്രങ്ങളിലെ മൃണാളിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ മുന്‍നിര താരമായി വളര്‍ന്ന മൃണാളിന് കൈനിറയെ അവസരങ്ങളാണ്. സീതാ രാമത്തിന് ശേഷം 1971 ഇന്ത്യ-പാക്ക് യുദ്ധത്തെ ആസ്പദമാക്കിയുള്ള പിപ്പ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ഡിസംബര്‍ രണ്ടിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.