മലയാള സിനിമയില്‍ ഒരു മാറ്റം കൊണ്ടുവന്ന സിനിമയാണ് നമ്മള്‍. അതുവരെ കണ്ട ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതുമുഖങ്ങളെ അണിനിരത്തിയാണ് കമല്‍ നമ്മള്‍ ഒരുക്കിയത്. നായകന്മാരും നായികമാരും ഉള്‍പ്പടെ എല്ലാവരും പുതുമുഖങ്ങളായിരുന്ന ചിത്രം വലിയ വിജയമാണ് നേടിയത്. സിനിമയിലേക്ക് ഭാവന, രേണുക മേനോന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ജിഷ്ണു രാഘവന്‍ തുടങ്ങി ഒരുപിടി കലാകാരന്മാര്‍ അരങ്ങേറിയത് നമ്മളിലൂടെയായിരുന്നു.
ഈ കൂട്ടത്തില്‍ നായികയായി തിളങ്ങിയ രേണുക മേനോന്‍ അന്ന് ക്യാംപസുകളില്‍ ഉണ്ടാക്കിയത് ചെറുതല്ലാത്ത ഒരു ഓളമാണ്. ഭാവനയേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് രേണുകയായിരുന്നു. രേണുക മോഡലിങ് രംഗത്ത് കൂടിയാണ് സിനിമയിലേക്ക് എത്തിയത്.
താരത്തിന്റേയും ആദ്യ സിനിമയായിരുന്നു നമ്മള്‍. തെലുങ്കിലേക്കും തമിഴിലേക്കും ചിത്രം റീമേക്ക് ചെയ്തപ്പോള്‍ നായികയായി രേണുക തന്നെ എത്തി. ഇതിനിടെ അന്യഭാഷാ സിനിമയിലേക്കും രേണുക എത്തി. അനേകം നടന്മാരുടെ നായികയായി തിളങ്ങിയെങ്കിലും പിന്നീട് നമ്മള്‍ ചിത്രത്തോളം വേറെ ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് സിനിമയില്‍ വേഷങ്ങള്‍ കുറഞ്ഞപ്പോള്‍ രേണുക പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഉപരിപഠനത്തിനായി യുഎസ്സിലേക്ക് പോവുകയും ചെയ്തു. പഠനകാലം കഴിഞ്ഞിട്ടും താരം സിനിമയെ വീണ്ടും തെരഞ്ഞെടുത്തില്ല.
യുഎസില്‍ സ്ഥിരതാമസമാക്കിയ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ സുരജുമായുള്ള രേണുകയുടെ വിവാഹം 2006ല്‍ കഴിഞ്ഞതോടെ താരം യുഎസിലേക്ക് പറിച്ചുനടപ്പെട്ടു. ഇപ്പോള്‍ ഭര്‍ത്താവിനും മക്കളോടുമൊപ്പം യുഎസില്‍ തന്നെയാണ് താരം. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണുക.
യുഎസില്‍ ജനിച്ച് വളര്‍ന്നവരാണ് മക്കളെങ്കിലും അവരെ മലയാളം പഠിപ്പിക്കാനായി വീട്ടില്‍ മലയാളം സംസാരിക്കാറുണ്ടെന്നു രേണുക പറയുന്നു. സ്വാതിയും അനികയും ആണ് രേണുകയുടെ മക്കള്‍. അമ്മ അഭിനയത്രി ആണെന്ന് മക്കള്‍ അറിയില്ല എന്നും രേണുക പറയുന്നു.
രേണുകയ്ക്ക് അവിടെ ഡാന്‍സ് പഠിപ്പിക്കാന്‍ അവസരം കിട്ടിയതോടെ സ്വന്തമായി ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ചിരിക്കുകയാണ്. സിനിമയിലേക്ക് ഇനി ഒരു തിരിച്ചു വരവുണ്ടോ എന്ന് ആരാധകരില്‍ പലരും ചോദിച്ചെങ്കിലും സിനിമയിലേക്ക് താന്‍ ഇനി ഒരു തിരിച്ചു വരവിനില്ല എന്നാണ് രേണുക മറുപടി പറയുന്നത്.
മികച്ച നടിയല്ല താനെന്നും ഒരു ആവറേജ് ആക്ടറാണ് എന്നാണ് തനിക്കു തന്നെ തോന്നിയതെന്നും രേണുക പറയുന്നു. ഇപ്പോഴുള്ള ഈ ലൈഫില്‍ ഞാന്‍ ഹാപ്പിയാണ്. ഒന്നും നഷ്ടപ്പെട്ടതായി ഇതുവരെ തനിക്ക് തോന്നിയിട്ടില്ലെന്നാണ് താരത്തിന്റെ വാക്കുകള്‍.