മലയാള സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളാണ് ജയറാം. ഓര്‍ത്തിരിക്കാന്‍ ഒത്തിരി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച അദ്ദേഹം മലയാളത്തില്‍ മാത്രമല്ല മറ്റ് സൗത്ത് ഇന്ത്യന്‍ ഭാഷകളിലെ സിനിമകളിലെല്ലാം ഭാഗമായിട്ടുണ്ട്. തന്റെ അഭിനയ ശൈലിയാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തനാക്കുന്നത്.
ഒരു കാലത്ത് മലയാള പ്രേക്ഷകരുടെ ജനപ്രിയ നടന്‍ കൂടിയായിരുന്നു ജയറാം. കൊച്ചിന്‍ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയാണ് ജയറാം സിനിമാ ലോകത്തിലേയ്ക്ക് എത്തിയത്. 1988ല്‍ പി പത്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ അരങ്ങേറ്റം കുറിച്ചത്.
ആദ്യ സിനിമയില്‍ നായകനായി തന്നെയാണ് ജയറാം എത്തിയത്. പിന്നീട് ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും കണ്ണുനിറയ്ക്കുന്നതുമായ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ നടന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. എന്നാല്‍ കഴിഞ്ഞ കുറേകാലമായി മലയാള സിനിമാ ലോകത്ത് ഒരു ഓളം സൃഷ്ടിക്കാന്‍ കഴിയാതെ പോയ നടന്‍ കൂടിയാണ് ജയറാം.
ജയറാമിന്റെ മിക്ക ഹിറ്റ് സിനിമകളുടേയും സംവിധായകന്‍ രാജസേനന്‍ ആയിരുന്നു. ഈ കൂട്ടുകെട്ട് പിരിഞ്ഞതോടെ ജയറാമിന് തിളങ്ങാന്‍ സാധിക്കാത്ത കഥാപാത്രങ്ങളും ലഭിക്കാതെയായി. ഇപ്പോഴിതാ സിനിമയില്‍ താന്‍ പരാജയം നേരിട്ടതിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം.
താന്‍ കൈക്കുമ്പിളോളം മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂവെന്നും അത് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും സിനിമയില്‍ ഒന്നും ആവാന്‍ കഴിയാത്തതില്‍ വിഷമം ഇല്ലെന്നും നടന്‍ പറയുന്നു. ഒരുപക്ഷേ ആഗ്രഹിച്ചതിലും കൂടുതല്‍ കിട്ടിയിട്ടുണ്ടെന്ന് തന്നെ പറയാമെന്നും തനിക്ക് പടം ഇല്ലല്ലോ, സിനിമകള്‍ കുറവാണല്ലോ, അതില്ലല്ലോ, ഇതില്ലല്ലോ, എന്നൊന്നും പറയാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും നടന്‍ പറയുന്നു.
തന്റെ ജീവിതത്തില്‍ താന്‍ സന്തോഷവാനാണെന്നും ജോലിയൊക്കെ കഴിഞ്ഞ് വീട്ടില്‍ എത്തിയാല്‍ പുറത്തൊന്നും പോകാതെ കുടുംബ്‌ത്തോടൊപ്പം കഴിയാനാണ് ഇഷ്ടമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.താന്‍ ഒരു സെന്‍സിറ്റീവ് ആയിട്ടുള്ള മനുഷ്യനാണെന്നും അതുകൊണ്ടുതന്നെ വൈകാരികമായ സീനുകള്‍ അഭിനയിക്കുമ്പോള്‍ കരഞ്ഞുപോയിട്ടുണ്ടെന്നും താരം പറഞ്ഞു.