മലയാളികള്‍ക്ക് നൊസ്റ്റാള്‍ജിയ തുളുമ്പുന്ന ഒട്ടേറെ ആല്‍ബം ഗാനങ്ങളിലൂടെ പ്രശസ്തനാണ് രാജീവ് പരമേശ്വര്‍ എന്ന നടന്‍. ഈസ്റ്റ്‌കോസ്റ്റിന്റെ ‘ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലെ നായകനായ രാജീവിനെ ഇഷ്ടപ്പെടാത്തതായി ആരുമുണ്ടാവില്ല. ആല്‍ബം പുറത്തിറങ്ങിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും നായകന്‍ രാജീവ് ഇന്നും പഴയ സുന്ദരന്‍ തന്നെ. ഇപ്പോള്ഡ സീരിയലുകളാണ് തട്ടകമെന്ന് മാത്രം.
രാജീവ് സാന്ത്വനം സീരിയലിലെ ബാലേട്ടനെന്ന ജനപ്രിയ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അനിയന്മാരുടെയും അവരുടെ ഭാര്യമാരുടേയുമൊക്കെ പ്രിയങ്കരനായ സ്വന്തം ഏട്ടനായി തിളങ്ങുകയാണ് ഈ ബാലേട്ടന്‍. ഒരു അച്ഛന്റെ കരുതലാണ് രാജീവ് ചെയ്യുന്ന ബാലേട്ടന്‍ കുടുംബത്തിനായി ചെയ്യുന്നത്.
ദിലീപ് നായകനായി എത്തിയ പാപ്പി അപ്പച്ചയിലെ വില്ലന്‍ വേഷം അവതരിപ്പിച്ചപ്പോള്‍ രാജീവിനെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ അതിനു ശേഷം സിനിമകളില്‍ കണ്ടിരുന്നില്ല. തനിക്ക് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും നല്ല കഥാപാത്രങ്ങള്‍ക്ക് ക്ഷണിച്ചില്ല എന്നും രാജീവ് പറയുന്നു.
ഇപ്പോഴിതാ സാന്ത്വനത്തിലെ കഥാപാത്രത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് താരം. ബാലേട്ടന്‍ എന്ന കഥാപാത്രം കേട്ടപ്പോള്‍ ആദ്യം വേണ്ട എന്ന് വെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എടുത്തത് നന്നായി എന്ന് തോന്നുന്നു.
ഇപ്പോള്‍ തന്നെ കാണുന്ന കുട്ടികള്‍ വരെ ബാലേട്ടന്‍ എന്നാണ് വിളിക്കുന്നത്, ഇത്രയ്ക്ക് ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ലെന്ന് രാജീവ് പറയുന്നു.
തന്റെ വീട്ടുകാരും മുടങ്ങാതെ പരമ്പര കാണാറുണ്ട്. അവരും വിളിച്ചു അഭിപ്രായങ്ങള്‍ പറയും. ആ സപ്പോര്‍ട്ടും കൊണ്ടാണ് അഭിനയത്തില്‍ തുടരുന്നത്. തനിക്കൊരു മകളും മകനുമാണ് ഉള്ളത്. ഇളയ ആള്‍ പരമ്പര കണ്ടിട്ട് ഓരോന്ന് ചോദിക്കും.
പരമ്പരയില്‍ ചിപ്പിക്കു വാരി കൊടുക്കുന്നത് കണ്ടപ്പോള്‍ അമ്മയ്ക്ക് എന്താ അച്ഛന്‍ വാരി കൊടുക്കാത്തത് എന്നായിരുന്നു മകളുടെ ചോദ്യം. അമ്മയ്ക്ക് വാരി കൊടുക്കുന്നത് നീ കാണാത്തത് കൊണ്ടാണ് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും രാജീവ് തുറന്നു പറയുന്നു.