പുതുമുഖങ്ങളായ ഒരു പറ്റം യുവാക്കള്‍ ഒരുക്കിയ ക്വീന്‍ സിനിമയില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് മുറിച്ച് മാറ്റാന്‍ പറഞ്ഞ സീന്‍ പുറത്ത് വിട്ട് സംവീധായകന്‍ ഡിജോ ആന്റണി. ‘പിന്നെ എന്തിനാണ് സാര്‍ കോടതികള്‍, നൂറ് രൂപ കൊടുത്ത് സിനിമ കാണാന്‍ വന്നവനെ കൊണ്ട് ജനഗണമന പാടിക്കാനോ ? അതോ ആറായിരം കോടി കടമുള്ളവനെ വിദേശത്തേക്ക് പറക്കാന്‍ സഹായിച്ച് അവനെ യാത്രയാക്കാനോ’? എന്ന വാചകത്തിനായിരുന്നു സെന്‍സര്‍ബോര്‍ഡ് കത്രിക വെച്ചത്.
തൂക്കുകയര്‍ വാങ്ങി കൊടുക്കാന്‍ അല്ല കോടതികള്‍ എന്ന് ജഡ്ജിയുടെ പരാമര്‍ശത്തെ സലിംകുമാര്‍ അവതരിപ്പിക്കുന്ന അഡ്വക്കേറ്റ് മുകുന്ദന്‍ ചോദ്യം ചെയ്യുന്ന സീനാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്ത് വിട്ടത്. ചിത്രത്തില്‍ എറ്റവും കൈയ്യടി നേടിയ കഥാപാത്രമായിരുന്നു സലീം കുമാറിന്റെ അഡ്വ;മുകുന്ദന്‍.
ഡിലിറ്റ് ചെയ്ത കോടതി സീനുകളില്‍ ഒന്ന്, കത്രക വെക്കാന്‍ പറഞ്ഞു, കാരണം അവര്‍ ഇത് കുറ്റമായാണ് കണ്ടെത്തിയത് എന്ന് പറഞ്ഞായിരുന്നു സീന്‍ റിലീസ് ചെയ്തത്. സമകാലിക സംഭവങ്ങള്‍ കൂടി മുന്‍നിര്‍ത്തി അവതരിപ്പിച്ച സിനിമയില്‍ സലിംകുമാറിന്റെ കഥാപാത്രം പറയുന്ന ഓരോ ഡയലോഗും സാമൂഹിക പ്രസക്തിയുള്ളതായിരുന്നു.
ഒരു കൂട്ടം പുതുമുഖങ്ങളെ അണി നിരത്തി പുതുമുഖങ്ങള്‍ തന്നെ ഒരുക്കിയ ക്യാമ്പസ് എന്റെര്‍റ്റൈനെര്‍ സിനിമയാണ് ക്വീന്‍. ഒരു എഞ്ചിനീയറിംഗ് കോളേജിന്റെ പശ്ചാത്തലത്തില്‍ ആണ് കഥ ഒരുക്കിയരിക്കുന്നത്.