സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു ക്രിക്കറ്റ് താരം റിഷഭ് പന്തും ബോളിവുഡ് നടിയും മോഡലുമായ ഉര്‍വശി റൗട്ടേലയും തമ്മിലുള്ള ബന്ധം. വിവാദം കത്തിയതോടെ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉര്‍വശി.
സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പറോട് മാപ്പു പറഞ്ഞത്. ‘എന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ല. എന്നോട് ക്ഷമിക്കണം’- കൂപ്പുകൈയോടെ നടി പറഞ്ഞു. അതേസമയം, പന്ത് കാമുകനാണോ എന്ന ചോദ്യത്തിന് പ്രതികരിക്കാനില്ല എന്ന് മാത്രമായിരുന്നു താരത്തിന്റെ മരുപടി.
ഇതിനിടെ, സോഷ്യല്‍ മീഡിയയില്‍ പന്തുമായുണ്ടായ വാക്കുതര്‍ക്കങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്നും, അക്കാര്യങ്ങളെ കുറിച്ച് എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല. വേണ്ടാത്തതൊന്നും ചെയ്തിട്ടില്ല എന്നാണ് എനിക്ക് പറയാനുള്ളത്.സോറി, അയാം സോറി എന്നുമാത്രമാണെന്നും ഉര്‍വശി പ്രതികരിച്ചു.
റൗട്ടേലയുടെ പന്തിനെ സംബന്ധിച്ച ചില പ്രസ്താവനകളാണ് വിവാദത്തിന് കാരണമായത്. പന്ത് കാണാന്‍ പത്തു മണിക്കൂര്‍ കാത്തുനിന്നെന്ന ഉര്‍വശിയുടെ അവകാശവാദമാണ് ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിന് കാരണമായത്. വിനോദ മാധ്യമമായ ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഉര്‍വശിയുടെ പ്രതികരണം. റൗട്ടേലയുടെ വാക്കുകളോട് രൂക്ഷമായ ഭാഷയിലാണ് പന്ത് പ്രതികരിച്ചത്. എന്തിനാണ് വില കുറഞ്ഞ ജനപ്രീതിക്ക് വേണ്ടി നുണ പറയുന്നത് എന്നായിരുന്നു പന്തിന്റെ പ്രതികരണം.
എന്നാല്‍ റിഷഭ് പന്ത് കാത്തു നില്‍ക്കുക മാത്രമല്ല, തന്റെ ഫോണിലേക്ക് ധാരാളം തവണ വിളിച്ചെന്നും നടി അഭിമുഖത്തില്‍ അവകാശപ്പെട്ടിരുന്നു. ഞാന്‍ വാരാണസിയില്‍ ഷൂട്ടിലായിരുന്നു. അവിടെ നിന്ന് ഒരു ഷോയ്ക്ക് വേണ്ടി ഡല്‍ഹിയിലേക്ക് പോകേണ്ടതുണ്ടായിരുന്നു. പിന്നീട്, ന്യൂഡല്‍ഹിയില്‍ മുഴുവന്‍ ദിവസം ഷൂട്ടുണ്ടായിരുന്നു. പത്തു മണിക്കൂര്‍ ഷൂട്ടിന് ശേഷമാണ് തിരിച്ചു പോന്നത്. ഒരുക്കത്തിനിടെ, മിസ്റ്റര്‍ ആര്‍ പി വന്ന് ലോബിയില്‍ എന്നെ കാത്തിരുന്നു. അദ്ദേഹത്തിന് എന്നെ കാണണമായിരുന്നു. എന്നാല്‍ ഞാന്‍ അത്രയും ക്ഷീണിതയായിരുന്നു. ഉണര്‍ന്നപ്പോള്‍ 16-17 മിസ്ഡ് കോളുകളാണ് കണ്ടത്. എനിക്ക് ദുഃഖം തോന്നി. ഒരാള്‍ എനിക്കു വേണ്ടി കാത്തിരിക്കുന്നു. എന്നിട്ടും പോകാന്‍ കഴിഞ്ഞില്ലെന്നും നടി അഭിനുഖത്തില്‍ അവകാശപ്പെട്ടു.
പിന്നീട് മുംബൈയില്‍ വച്ച് കാണാം എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. മുംബൈയില്‍ കണ്ടുമുട്ടുകയും ചെയ്തു. എന്നാല്‍ അവിടെ ഏറെ പാപ്പരാസികളുണ്ടായിരുന്നു. മറ്റൊരാളുടെ സ്വകാര്യതയെ മാനിക്കേണ്ടത് പ്രധാനമാണെന്നാണ് ഉര്‍വശി പറഞ്ഞത്.
എന്നാല്‍, വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനും വിലകുറഞ്ഞ ജനപ്രീതിക്ക് വേണ്ടിയും ചിലര്‍ നുണ പറയുന്നത് കാണുമ്പോള്‍ കൗതുകം തോന്നുന്നു. പ്രശസ്തിക്കും പേരിനും വേണ്ടിയുള്ള ചിലരുടെ ദാഹം കാണുമ്പോള്‍ സങ്കടം വരുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ, എന്നാണ് പന്ത് ഇതിനോട് പ്രതികരിച്ചത്.
പിന്നീട് അല്‍പ സമയം കഴിഞ്ഞ് റിഷഭ് പോസ്റ്റ് ഡിലീറ്റു ചെയ്തു. ഇതിന് പിന്നാലെ മറുപടിയുമായി റൗട്ടേലയും രംഗത്തെത്തി. ‘ചോട്ടു ഭയ്യാ, (അനിയാ) ബാറ്റും ബോളും കളിക്കൂ. മൈം കോയി മുന്നി നഹീ ഹൂം ബദ്‌നാം ഹോനെ വിത്ത് യങ് കിഡ്ഡോ ഡാര്‍ലിങ് തേരെ ലിയേ (പേരുദോഷം കേള്‍ക്കാന്‍ ഞാന്‍ മുന്നിയല്ല)’-എന്നായിരുന്നു ഉര്‍വശിയുടെ പരിഹാസ മറുപടി.
താരം നേരത്തെ, താന്‍ റിഷഭ് പന്തുമായി പ്രണയത്തിലാണ് എന്ന് അവകാശപ്പെട്ടിരുന്നു. പന്ത് ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് അണ്‍ഫോളോ ചെയ്യുകയും ചെയ്തിരുന്നു. കാമുകി ഇഷ നേഗിക്കൊപ്പമുള്ള ചിത്രങ്ങളും വൈകാതെ പന്ത് ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.