മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി മലയാള സിനിമാ ലോകത്തിന്റെ അഭിമാനം ഉയർത്തിയ നടിയാണ് അപർണ്ണ ബാലമുരളി. പുരസ്‌കാര നേട്ടത്തിൽ നിൽക്കുമ്പോഴും താരം തന്റേതായ തിരക്കുകളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഉത്തരം എന്ന ചിത്രമാണ് ഇപ്പോൾ തീയ്യേറ്റർ റിലീസിനൊരുങ്ങുന്നത്. ചിത്രത്തിന്റെ പ്രൊമഷൻ വർക്കുകളിലാണ് ഇപ്പോൾ നടി. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ഫഹദിന്റെ നായികയായിട്ടായിരുന്നു അപർണ്ണ ക്യാമറ ലോകത്തേയ്ക്ക് ചുവടുവെച്ചത്.
പിന്നീട് ചുരുങ്ങിയ കാലം കൊണ്ടാണ് അപർണ്ണ തന്റെതായ ഒരിടം മലയാള സിനിമയിൽ ഉറപ്പിച്ചെടുത്തത്. ആദ്യ ചിത്രത്തിലൂടെ തന്നെ ഒരുപാട് ആരാധകരെ സമ്പാദിക്കാനും നടിക്ക് സാധിച്ചു. ശേഷം, താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കൈനിറയെ ചിത്രങ്ങളാണ് അപർണ്ണയ്ക്ക് ലഭിച്ചത്. സൂര്യ നായകനായി എത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനാണ് നടിയെ തേടി ദേശീയ പുരസ്‌കാരം എത്തിയത്.
താരത്തിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് സുരറൈ പോട്ര്. ചിത്രത്തിൽ ബൊമ്മി എന്ന കഥാപാത്രമായാണ് അപർണ്ണ എത്തിയത്. അസാധ്യ പ്രകടനത്തിന് ലഭിച്ച അംഗീകാരം കൂടിയായിരുന്നു ദേശീയ നടിക്കുള്ള പുരസ്‌കാരം. ചിത്രത്തിലെ അഭിനയത്തിന് നടിക്ക് തമിഴകത്തും കേരളത്തിലും ഒരുപോലെ കൈയ്യടിയും ലഭിച്ചിരുന്നു.
ദേശീയ പുരസ്‌ക്കാരം നേടിയതിന് പിന്നാലെ സിനിമാ മേഖലയിലെ പ്രതിഫലത്തെക്കുറിച്ച് താരം അഭിപ്രായപ്പെട്ടതാണ് വിവാദത്തിലേയ്ക്കും ചർച്ചകൾക്കും ഒരുപോലെ വഴിതുറന്നത്. ഇപ്പോഴും ചർച്ചകൾ നടന്നുകൊണ്ടേയിരിക്കുകയാണ്. നടൻ ടിനി ടോമും വിമർശനവുമായി എത്തിയിരുന്നു. ഈ വേളയിൽ തന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയാണ് നടി അപർണ്ണ ബാലമുരളി.
ദേശീയ പുരസ്‌കാരത്തിന് ശേഷം, വ്യക്തിപരമായി വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ഞാൻ പറയുന്നതു കേൾക്കാൻ ആളുകളുണ്ടായെന്ന് പറഞ്ഞ അപർണ്ണ വിമർശിക്കാനാണെങ്കിലും ഞാൻ പറയുന്നത് ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായെന്നും കൂട്ടിച്ചേർത്തു. പക്ഷേ പറഞ്ഞതു മനസ്സിലാക്കാതെ സംസാരിക്കുന്നവരും ഉണ്ട്. അതിൽ ഇടയ്ക്കു ദേഷ്യവും തോന്നാറുണ്ടെന്നും നടി വെളിപ്പെടുത്തി.
സ്വന്തം അഭിപ്രായം പറയുന്നതുകൊണ്ട് എന്താണു പ്രശ്‌നം തനിക്ക് ഇതുവരെ മനസിലായില്ലെന്നും ആരോടുമുള്ള ദേഷ്യംകൊണ്ടൊന്നും അല്ലല്ലോ അഭിപ്രായങ്ങൾ ഉണ്ടാകുന്നതെന്നും താരം ചോദിക്കുന്നു. അതിൽ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ചർച്ചകൾ ആവാമല്ലോ. അതൊരു വലിയ സാധ്യതയുമാണ്. പക്ഷേ, അതു മനസ്സിലാക്കി ഇടപെടുന്നവർ കുറവാണെന്നും അപർണ പറയുന്നു. അതേസമയം, തടിച്ചല്ലോ എന്നു കേട്ടാൽ പെട്ടെന്നു വിഷമം വരുന്ന ആളായിരുന്നു ഞാൻ.
പക്ഷേ ഇപ്പോൾ അങ്ങനെ നിന്നു കൊടുക്കാറില്ലെന്നും, തനിക്ക് ആരോഗ്യപരമായും അല്ലാതെയും പല പ്രശ്‌നങ്ങളും ഉള്ളതുകൊണ്ടാണ് തടിവെയ്ക്കുന്നതെന്നും അപർണ്ണ വെളിപ്പെടുത്തി. പണ്ട് കഥ മാത്രം കേട്ട് ചെയ്ത സിനിമകളിൽ നിന്നു പണി കിട്ടിയിട്ടുണ്ടെന്നും അപർണ്ണ വെളിപ്പെടുത്തി, എന്റെ തെറ്റായിരുന്നു അതെന്നും നടി കൂട്ടിച്ചേർത്തു. അവർ കഥ പറയുമ്പോൾ എന്റെ കഥാപാത്രം വലിയതും പ്രസക്തവുമായിരിക്കും.
പക്ഷേ സിനിമയിലേക്കെന്തുമ്പോൾ അതൊക്കെ മാറിപ്പോകും. അതുണ്ടാവാതിരിക്കാൻ ഇപ്പോൾ ഞാൻ വരുന്ന സ്‌ക്രിപ്റ്റുകൾ മുഴുവൻ വായിക്കുമെന്നും നടി കൂട്ടിച്ചേർത്തു. ഞാൻ എന്റെ ജോലിയിൽ നൂറു ശതമാനം കൃത്യത പുലർത്തുന്നുണ്ട്. അതിനു വേതനം ചോദിക്കാൻ എനിക്കു മടിയുമില്ല. ഒരിക്കൽ വേതനം ചോദിച്ചതിന് ഒരു പ്രൊഡ്യൂസർ വളരെ മോശമായി പെരുമാറിയിട്ടുണ്ടെന്നും അപർണ്ണ വെളിപ്പെടുത്തുന്നു.