മണി ഇത്ര പെട്ടെന്നു പോകേണ്ട ഒരാളല്ല, ഞാൻ വഴക്കു പറയുമ്പോൾ തലകുനിച്ച് കണ്ണു നിറയ്ക്കുമായിരുന്നു, കലാഭവൻ മണിയെ കുറിച്ച് സങ്കടത്തോടെ മമ്മൂട്ടി

2524

മലയാളികളെ ഒന്നടങ്കം തീരാ ദുഃഖത്തിൽ ആക്കിയ ഒന്നായിരുന്നു പ്രിയ നടൻ കലാഭവൻ മണിയുടെ അകാലത്തിൽ ഉള്ള വേർപാട്. ദാരിദ്ര്യത്തിൽ നിന്നും മിമിക്രിയിലേക്കും അവിടെ നിന്നും സിനിമയിലേക്കും എത്തി തെന്നിന്ത്യൻ സിനിമയിലെ മികച്ച നടൻമാരിൽ ഒരാളായി കലാഭവൻ മണി മാറിയിരുന്നു.

മിമിക്രി വേദികളിലൂടെയാണ് കലാഭവൻ മണി സിനിമയിലെത്തുന്നത്. കോമഡിയായിരുന്നു കലാഭവൻ മണിയെ ജനപ്രിയൻ ആക്കി മാറ്റുന്നത്. പിന്നീട് നായകനായും സഹനടനായും വില്ലനായുമെല്ലാം കൈയ്യടി നേടിയ മണി മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു.

Advertisements

നാടൻ പാട്ടുകളെ മലയാളി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാനും കലാഭവൻ മണിയ്ക്ക് സാധിച്ചു. ചാലക്കുടിയിൽ ഓട്ടോറിക്ഷ ഓടിച്ച് ജീവിതം പോറ്റിയിരുന്ന മണിയുടെ നാടൻ പാട്ടുകൾ ആയിരുന്നു ആദ്യം മലയാളി മനസ്സിനെ കീഴടക്കിയിരുന്നത്. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും കലാഭവൻ മണിയുടെ പാട്ട് കേട്ടാൽ മലയാളിയുടെ മനസ് നിറയുമായിരുന്നു.

Also Read
ദേശീയ പുരസ്‌കാരം നേടിക്കഴിഞ്ഞതിന് ശേഷം എന്നിൽ വന്ന മാറ്റങ്ങൾ ഇങ്ങനെയൊക്കെയാണ്; അപർണ്ണ ബാലമുരളി പറയുന്നു

ഒരു ശരാശരി മലയാളിയുടെ ജീവിതത്തോട് ഇത്രത്തോളം ചേർന്നു നിന്ന മറ്റൊരു താരം മലയാള സിനിമയിൽ ഉണ്ടായാട്ടില്ല എന്നു തന്നെ വേണമെങ്കിൽ പറയാം. ഇപ്പോഴിതാ കലാഭവൻ മണി എന്ന നടനെക്കുറിച്ചും സുഹൃത്തിനെക്കുറിച്ചും സഹ പ്രവർത്തകനെ കുറിച്ചുമൊക്കെ മലയാളത്തിന്റെ മെഗാസ്റ്റാർ തുറന്നു പറഞ്ഞതാണ് വൈറലായി മാറുന്നത്.

ആദ്യം മണിയെ കണ്ടപ്പോൾ തനിക്ക് ഓർമ്മ വന്നത് ഇതിഹാസ താരം കാൾ ലൂയിസിനെ ആണെന്ന് ആയിരുന്നു മമ്മൂട്ടി പറഞ്ഞത്. സ്റ്റാർ ആന്റ് സ്‌റ്റൈലിൽ എഴുതിയ ഓർമ്മക്കുറിപ്പിൽ ആയിരുന്നു മമ്മൂട്ടി മണിയെ കുറിച്ച് വികാരഭരിതമായി പറഞ്ഞത്. മണിയെ ആദ്യമായി കണ്ട നാളുകളിൽ തനിക്ക് അത്‌ലറ്റ് കാൾ ലൂയിസിനെയാണ് ഓർമ്മവന്നത്.

അയാളുടെ ശരീരഭാഷയ്ക്ക് വേഗവും ദൂരവും താണ്ടുന്ന ആ കായികതാരത്തിനോട് ഒരുപാട് സാമ്യമുണ്ടായിരുന്നുവെന്ന് മമ്മൂട്ടി പറയുന്നു. കാൾ ലൂയിസിനെ പോലുള്ളയാൾ എന്നാണ് മണിയെക്കുറിച്ച് തന്റെ വീട്ടിലെ സംസാരങ്ങളിൽ താൻ പറഞ്ഞിരുന്നതെന്നും മമ്മൂട്ടി പറയുന്നു. ആൾക്കൂട്ടങ്ങളെ ആവേശം കൊള്ളിക്കും വിധം നാടൻ പാട്ടുകളെ ശക്തമായി അവതരിപ്പിച്ചതിൽ മണിക്ക് വലിയ പങ്കുണ്ട്.

നൂറു കണക്കിനു പാട്ടുകൾ മണി തേടിപ്പിടിച്ചു കണ്ടെത്തി അവതരിപ്പിക്കുമായിരുന്നു അറിയാവുന്നവരെ കൊണ്ടെല്ലാം എഴുതിക്കുമായിരുന്നു. സ്വന്തമായൊരു ഗായകസംഘം ഉണ്ടാക്കുകയും ചെയ്തു മണിയെന്നാണ് അദ്ദേഹം പറയുന്നത്. വിദേശ രാജ്യങ്ങളിൽ നമ്മുടെ നാട്ടുകാർക്കൊപ്പം മലയാളം അറിയാത്തവർ പോലും മണിയുടെ പാട്ടിനൊത്ത് ചുവടു വയ്ക്കുന്നത് അദ്ഭുതത്തോടെ ഞാൻ നോക്കി നിന്നിട്ട് ഉണ്ടെന്നും താരം പറയുന്നു.

കാറിന്റെ ഡിക്കിയിൽ നിറയെ പഴങ്ങളും പച്ചക്കറികളും ചെടികളുമായി മണി വരാറുണ്ടായിരുന്നു. തൃശ്ശൂർ, ചാലക്കുടി ഭാഗങ്ങളിൽ എവിടെയെങ്കിലും ഷൂട്ടിങ് നടക്കുന്നതായി അറിഞ്ഞാൽ മണി ലൊക്കേഷനിൽ വന്നുകയറുന്നത് പതിവായിരുന്നു. ആ വരവിൽ മണി ആടും കോഴിയുമെല്ലാം കരുതിയിരിക്കുമെന്നും കൂടെ പാചകത്തിനൊരാളും ഉണ്ടാകുമായിരുന്നുവെന്നും മമ്മൂട്ടി പറയുന്നു.

മണിയും നല്ല പാചകക്കാരനാണ് എനിക്കിഷ്ടമുള്ളതെല്ലാം ഉണ്ടാക്കിത്തരും. ഒഴിവു സമയങ്ങളിൽ സംസാരത്തിൽ നിറയെ പാട്ടും തമാശയും നിറയ്ക്കുമായിരുന്നു. സിനിമയിൽ വന്നശേഷം ഒരിക്കൽ മണി താൻ ചെറുപ്പത്തിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ നേതാവായിരുന്നു എന്ന് പറഞ്ഞു. അതു കേട്ടപ്പോൾ ഞാൻ ചിരിച്ച് ഒഴിഞ്ഞെങ്കിലും വിശ്വസിപ്പിക്കാൻ എന്നോണം മണി കുറേ പഴയ കഥകൾ പറഞ്ഞുവെന്നും മമ്മൂട്ടി പറയുന്നു.

അതേ സമയം തെറ്റു ചെയ്തതായി അറിഞ്ഞാൽ, വിളിച്ച് ശാസിക്കാൻ ഉള്ള അധികാരം മണി എനിക്ക് നൽകിയിരുന്നു. ഞാൻ വഴക്കു പറയുമ്പോൾ തലകുനിച്ച് കണ്ണു നിറയ്ക്കുന്ന മണിയുടെ ചിത്രം ഇന്നും ഓർമയിൽ ഉണ്ടെന്നും മമ്മൂട്ടി കുറിപ്പിൽ പറയുന്നു.

Also Read
അന്ന് എന്നോടൊപ്പം ആരും വരാൻ കൂട്ടാക്കിയില്ല, വസ്ത്രമായിരുന്നു അവരുടെ എല്ലാം പ്രശ്‌നം; മീനാക്ഷിയുടെ വെളിപ്പെടുത്തൽ

മണിയുടെ അവസാന നാളുകളിൽ കണ്ടതിനെക്കുറിച്ചും അദ്ദേഹം കുറിപ്പിൽ പങ്കുവെക്കുന്നുണ്ട്. അവസാന കാലത്ത് മണിയെ ക്ഷീണിതനായി കണ്ടപ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. പുതിയ സിനിമയ്ക്കുള്ള ഡയറ്റിങ്ങ് ആണെന്നായിരുന്നു മണിയുടെ ചിരിച്ചു കൊണ്ടുള്ള മറുപടി.

മണി ഇത്ര പെട്ടെന്നു പോകേണ്ട ഒരാളല്ല. പക്ഷേ, കാലം തട്ടിപ്പറിച്ചുകൊണ്ടുപോയി. നമുക്ക് കാണികളായി നിൽക്കാനേ കഴിയൂ എന്നും മമ്മുട്ടി പറയുന്നു.

Advertisement