മലയാള ചലച്ചിത്ര, ടെലി-സീരിയൽ അഭിനേത്രിയും സിനിമകളിലും സീരിയലുകളിലും അമ്മ വേഷങ്ങളിലൂടെ തിളങ്ങി പ്രേക്ഷകർക്കിടയിൽ ജീവിക്കുന്ന നടി മങ്ക മഹേഷ് ഏവർക്കും സുപരിചിതയാണ്. 1997ൽ പുറത്തിറങ്ങിയ മന്ത്രമോതിരമെന്ന സിനിമയിലൂടെയാണ് മങ്ക മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നാടക വേദികളിൽ നിന്നാണ് താരം അഭിനയ ലോകത്തിലേയ്ക്ക് എത്തിയത്. അടുത്തിടെ താരം രണ്ടാം വിവാഹം ചെയ്തത് വാർത്തകളിൽ നിറഞ്ഞിരുന്നു.
ഇപ്പോഴിതാ അഭിനയിക്കാൻ ഏറ്റവും ഇഷ്ടമുള്ള വേഷത്തെ കുറിച്ച് ആരാധകരുമായി പങ്കുവെയ്ക്കുകയാണ് മങ്ക മഹേഷ്. അമ്മ കഥാപാത്രങ്ങളിലേക്ക് ഒതുങ്ങിയെങ്കിലും ഒരു പുരസ്‌കാരം ലഭിക്കുന്ന വേഷം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് നടി വെളിപ്പെടുത്തി. അഭിനയത്തിന് പ്രധാന്യം കൊടുക്കുമ്പോൾ ഗ്ലാമർ നോക്കേണ്ടതില്ലല്ലോ എന്നും നടി ചോദിക്കുന്നു. സീരിയൽ ടുഡേ എന്ന യൂട്യൂബ് ചാനലിനോടായിരുന്നു നടിയുടെ പ്രതികരണം.
മരണം വരെ അഭിനയിക്കാനുള്ള മോഹമൊന്നും ഇല്ലെന്നും, എങ്കിലും നല്ലൊരു വേഷം ചെയ്യണമെന്നുണ്ടെന്നും, ഒരു അവാർഡിന് പറ്റിയ കഥാപാത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്നും മങ്ക പറയുന്നു. ഗ്ലാമറിന് പ്രധാന്യം കൊടുക്കാതെ അഭിനയത്തിന് പ്രധാന്യം കൊടുക്കണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമാണ്. അത് നടക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നതായും നടി കൂട്ടിച്ചേർത്തു. സത്യൻ അന്തിക്കാടിന്റെയും ഫാസിലിന്റെയും സിനിമകളിൽ മാത്രമാണ് ഞാൻ അഭിനയിക്കാത്തത്. ബാക്കി ഒരുവിധം എല്ലാ സംവിധായകരുടെ കൂടെയും അഭിനയിച്ചതായും താരം പറയുന്നു.
നമ്മൾ ഇനി എന്തു തന്നെ ചെയ്താലും മുഖത്ത് പ്രായം കാണിക്കും. മുഖത്തുള്ള ചുളിവുകൾ മായിച്ചുകളയാൻ ഇനി താത്പര്യവുമില്ല. ഇപ്പോൾ ഞാൻ അമ്മമ്മ ആയി. എന്റെ കൊച്ച് മകന് പതിനാല് വയസുണ്ട്, ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്നു. അപ്പോൾ എനിക്ക് വയസായെന്ന് പറയുന്നതിൽ എന്താണ് കുഴപ്പമെന്ന് താരം ചോദിക്കുന്നു, അതിൽ തനിക്ക് ഒരു മടിയും ഇല്ലെന്ന് നടി കൂട്ടിച്ചേർത്തു.
അതുപോലെയുള്ള വയസായ വേഷങ്ങൾ ലഭിച്ചാലും മതി. മോഹൻലാലിന്റെ അമ്മയായിട്ട് ചെയ്യണമെങ്കിൽ അതിലും തനിക്ക് യാതൊരു മടിയും ഇല്ലെന്ന് നടി കൂട്ടിച്ചേർത്തു. സീരിയലിൽ കുറച്ച് ഭരിക്കുന്ന കഥാപാത്രമാണെന്ന് കരുതി വ്യക്തി ജീവിതത്തിൽ താൻ അങ്ങനെ അല്ലെന്നും നടി വെളിപ്പെടുത്തി. എനിക്കൊരു മകളാണുള്ളത്. അവളുടെ കല്യാണം കഴിഞ്ഞു. ഒരു മകനില്ലാത്തത് കൊണ്ട് ആ കുറവ് പരിഹരിച്ച് നല്ലൊരു മരുമകനെയും ലഭിച്ചു.
പിന്നെ രണ്ട് കൊച്ചുമക്കളും, ഭർത്താവും ഉണ്ട്. ഇവരെ ഞാനെന്തിന് ഭരിക്കണമെന്നും നടി ചോദിക്കുന്നു. സീരിയലുകളിലാണെങ്കിലും തനിക്ക് നല്ല വേഷങ്ങൾ തന്നെയാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്നും മങ്ക മഹേഷ് കൂട്ടിച്ചേർത്തു. സിനിമാ നടി എന്ന ലേബലിൽ അറിയപ്പെടാൻ മാത്രമല്ല ആഗ്രഹം. മകളുടെ അമ്മയായിട്ടും നല്ലൊരു അമ്മായിയമ്മയാണെന്നും കേൾക്കാനും ഇഷ്ടമാണെന്നും മങ്ക പറയുന്നു.
Also read; ഓണവും പ്രത്യേകതകളും ഒന്നുമില്ലാത്ത ഒരു മനുഷ്യൻ; സാധാരണ ലുക്കിലെത്തിയ പ്രണവിനോട് ആരാധകർ
പിന്നെ സിനിമയിൽ വന്നത് കൊണ്ടാണ് എവിടെ പോയാലും ഈ ബഹുമാനം എനിക്ക് കിട്ടുന്നത്. യാത്ര ചെയ്യുമ്പോഴാണെങ്കിലും വഴിയിൽ പോലീസിനെ കണ്ടാൽ ആ നിങ്ങളാണോ, എങ്കിൽ ശരിയെന്ന് പറഞ്ഞ് ഒരു ബഹുമാനം നൽകും. ഈ പരിഗണന അമ്പലങ്ങളിൽ പോയാലും ലഭിക്കാറുണ്ടെന്ന് താരം വെളിപ്പെടുത്തി. അതൊക്കെ സിനിമയിലും സീരിയലിലും അഭിനയിച്ചത് കൊണ്ടാണല്ലോ എന്നോർത്ത് അഭിമാനിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.