2012ലെ ഓണനാളിലായിരുന്നു ആദ്യത്തെ സർജറി, പിന്നീടുള്ള 9 ഓണങ്ങളും കഠിനമായ വേദനയുടേത് തന്നെയായിരുന്നു, ഒരു ഓണക്കാലം കൂടി കടന്നു പോകുമ്പോൾ, മകളെ ഓർത്തുള്ള അമ്മയുടെ തീരാവേദനയാണ് ഇത്. നീണ്ട 10 വർഷത്തോളം അർബുദത്തിനെതിരെയുള്ള പോരാളിയായി നിന്ന പടയായിരുന്നു നടി ശരണ്യ ശശി.
കൊവിഡും ന്യുമോണിയയും ഒരുമിച്ച് പിടികൂടി വരിഞ്ഞു മുറുക്കിയപ്പോഴായിരുന്നു ശരണ്യ ലോകത്തോട് വിടപറഞ്ഞത്. ഇന്നും ശരണ്യയുടെ വിയോഗം ആരാധകർക്കിടയിൽ തീരാനൊമ്പരമായി കിടക്കുകയാണ്. വർഷങ്ങളോളം അർബുദത്തോട് പടവെട്ടുമ്പോഴും താങ്ങും തണലുമായി നിന്നത് ശരണ്യയുടെ അമ്മയും നടി സീമാ ജി നായരും ആയിരുന്നു.
സാമ്പത്തിക പ്രതിസന്ധി നേരിട്ട കുടുംബത്തെ കരകയറ്റാൻ താരം അഭ്യർത്ഥനയുമായി രംഗത്ത് വന്നിരുന്നു പിന്നാലെ നിരവധി പേരാണ് ശരണ്യയ്ക്ക് സഹായഹസ്തവുമായി രംഗത്ത് വന്നത്. ഇപ്പോൾ മകൾ വിടപറഞ്ഞതിന് ശേഷമുള്ള ആദ്യത്തെ ഓണ അനുഭവം പങ്കുവെയ്ക്കുകയാണ് ശരണ്യയുടെ അമ്മ. ശരണ്യയുടെ ഫോട്ടോയ്ക്കൊപ്പമായാണ് അമ്മ ശരണ്യയുടെ പേജിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്.
ഓണത്തിന് ദിവസങ്ങൾ അവശേഷിക്കെയാണ് ശരണ്യ മരണത്തിന് കീഴടങ്ങിയത്. തൊട്ടുമുൻപുള്ള ഓണത്തിന് നടി പീസ് വാലിയിലായിരുന്നു. അന്ന് ജീവിതത്തിനെ കുറിച്ച് പുതിയ പ്രതീക്ഷകൾ ഉണ്ടായിരുന്ന നാളുകളായിരുന്നു. എന്നാൽ ആ പ്രതീക്ഷകൾ വിഫലമാക്കിയാണ് അടുത്ത ഓണം കാണാൻ നിൽക്കാതെ ശരണ്യ യാത്രയായത്.
2012 മുതൽ ഒരു ഓണവും അവൾക്ക് ആഘോഷിക്കാൻ കഴിഞ്ഞിട്ടില്ല. ആദ്യമായി ട്യൂമറിനുള്ള ഓപ്പറേഷൻ 2012 ഓണത്തിന്റെ അടുത്തനാളിലായിരുന്നു. പിന്നീടുള്ള, 9 ഓണങ്ങളും വേദനയുടേതായിരുന്നുവെന്ന് അമ്മ കുറിക്കുന്നു. നമ്മുടെ പ്രിയപ്പെട്ടവർ വേദനയിൽ മുഴുകിയിരിക്കുമ്പോൾ നമ്മൾക്ക് എന്ത് ഓണമാണ് ആഘോഷിക്കാനാവുക. 2012 മുതൽ എന്റെ ഓണങ്ങളെല്ലാം ഇങ്ങനെ നിറമില്ലാത്തവയാണ്. ഇനിമേൽ അങ്ങനെ തന്നെയാവുകയും ചെയ്യും.
എനിക്ക് നിങ്ങളോട് പറയുവാനുള്ളത് ഇതാണ്. കുടുംബത്തോടൊപ്പം ഓണമുണ്ണണം. കുടുംബത്തിലെ മുതിർന്നവരെ സന്ദർശിക്കണം. തുടർന്ന് ബന്ധുമിത്രാദികളോടൊപ്പം ചെലവിടാൻ സമയം കണ്ടെത്തണം. പണം ചെലവിട്ട് ആഘോഷിച്ചില്ലെങ്കിലും, കിട്ടുന്ന പൂക്കൾ കൊണ്ടെങ്കിലും പൂക്കളമിടണം. മനസ്സ് എല്ലായ്‌പോളും ശാന്തമാക്കി വെക്കണം.
നിങ്ങൾക്കെവർക്കും ഓണാശംസകൾ എന്നും ശരണ്യയുടെ അമ്മ വേദനയോടെ കുറിച്ചു. കുറിപ്പിന് അർബുദത്തോട് പടവെട്ടി തന്നെ വിപറഞ്ഞ നന്ദുവിന്റെ അമ്മയും കമന്റുമായി എത്തി. ജീവിതം ഒരു ഐസ് ക്രീം പോലെ ആണ്. അത് കഴിച്ചാലും ഇല്ലങ്കിലും സമയം ആകുമ്പോൾ അലിഞ്ഞു തീരും.
നമുക്ക് കിട്ടുന്ന ഈ നിമിഷത്തെ സന്തോഷത്തോടെ ചേർത്തു പിടിക്കണം. പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷിക്കണം. ഗീത എന്റെ പ്രിയപെട്ടവളെ ഞാൻ പ്രാർത്ഥനയോടെ ആശംസകൾ നേരുന്നു എന്നാണ് നന്ദുവിന്റെ അമ്മ കുറിച്ചത്. നന്ദുവും ശരണ്യയും ഉറ്റസുഹൃത്തുക്കൾ കൂടിയായിരുന്നു. ഇരുവരുടെയും വിയോഗം കേരളക്കരയ്ക്ക് തോരാത്ത കണ്ണീർ കൂടിയാണ്.