ഐഎൻഎസ് വിക്രാന്ത് വാർത്തകളിൽ നിറയുമ്പോൾ ഇന്ത്യയുടെ പഴയ വിമാനവാഹിനിക്കപ്പൽ കൊണ്ടുവരാൻ ബ്രിട്ടനിലേക്ക് പോയ മലയാളത്തിന്റെ സൂപ്പർ ഹീറോ ജയനെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. അത് കുറിച്ചതാകട്ടെ എഴുത്തുകാരൻ എൻ.എസ് മാധവൻ ആണ്.
”1961ൽ ഇന്ത്യ ബ്രിട്ടീഷ് നിർമ്മിത വിമാനവാഹിനിക്കപ്പൽ എച്ച്.എം.എസ് ഹെർക്കുലീസ് വാങ്ങിയപ്പോൾ (പിന്നീട് #insvikranth എന്ന് പുനർനാമകരണം ചെയ്യപ്പെട്ട), കപ്പൽ കൊണ്ടുവരാൻ കൃഷ്ണൻ നായർ എന്ന ഒരു നാവികനും ബ്രിട്ടനിലേക്ക് പോയിരുന്നു. പിന്നീട് അദ്ദേഹം ജയൻ എന്ന മറ്റൊരു പേരിൽ സിനിമയിൽ ചേർന്നു, കേരളത്തിന്റെ ആദ്യ സൂപ്പർഹീറോ ആയി!” എന്ന് എൻഎസ് മാധവൻ കുറിക്കുന്നു. കൂടാതെ ഇതിന്റെ ഓർമ കൂടി അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്.
#TIL When India bought British-made aircraft carrier HMS Hercules in 1961, (later rechristened as #insvikranth), a certain seaman named Krishnan Nair also went to Britain to bring the ship. He later joined films under another name, Jayan, and became Kerala’s 1st superhero! pic.twitter.com/NfWj6H5XtI
— N.S. Madhavan (@NSMlive) September 2, 2022
ഐഎൻഎസ് വിക്രാന്തിന്റെ ഉദ്ഘാടന ദിവസം ഒരു മലയാള പത്രത്തിൽ വന്ന വാർത്തയിൽ നിന്നെടുത്ത വിവരം ട്വീറ്റ് ചെയ്തതാണ് താൻ. 1961-ൽ ബ്രിട്ടനിൽ പോയി എച്ച്.എം.എസ് ഹെർക്കുലീസ് എന്ന വിമാനവാഹിനിക്കപ്പൽ ഇന്ത്യയിലേക്ക് കൊണ്ടുവന്ന കൂട്ടത്തിലുണ്ടായിരുന്ന എൻ.എം ഇബ്രാഹിമിന്റെ ഓർമക്കുറിപ്പായിരുന്നു അതെന്ന് എൻഎസ് മാധവൻ പറയുന്നു.
രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടന് വേണ്ടി നിർമ്മിച്ച് പിന്നീട് ഇന്ത്യ വാങ്ങിയതാണ് വിക്രാന്ത്. കൊണ്ടുവരാൻ പോയ കൂട്ടത്തിൽ കൊല്ലം സ്വദേശി കൃഷ്ണൻ നായരും ഉണ്ടായിരുന്നു. ആ ആളാണി പിന്നീട് മലയാള സിനിമാലോകം അടക്കി വാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂർ പെരിഞ്ഞനം സ്വദേശിയായ ഇബ്രാഹിമും സിനിമയിൽ ഭാഗ്യം പരീക്ഷിച്ചിരുന്നു. ഉല്ലാസ യാത്രയിൽ അദ്ദേഹം ഉപനായകനായും ജയൻ വില്ലനായും അഭിനയിച്ചതും ഓർക്കുന്നുണ്ട്. ഇത് വായിച്ചതിൽനിന്നുള്ള കൗതുകംകൊണ്ട് ട്വീറ്റ് ചെയ്തതാണ് താനെന്നും എൻഎസ് മാധവൻ കുറിച്ചു.