മുംബൈ: മുംബൈയിലെ ബിവൈഎല്‍ നായര്‍ ആശുപത്രിയില്‍ യുവാവ് എംആര്‍ഐ സ്‌കാനിങ് മെഷിനുള്ളില്‍പ്പെട്ടു മരിച്ചു. രാജേഷ് മാരു(32)വാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. സ്‌കാനിങ് മുറിയിലേക്ക് ഓക്സിജന്‍ സിലിണ്ടറുമായി വന്ന രാജേഷിനെ മെഷിനിലെ ശക്തിയേറിയ കാന്തം സിലിണ്ടറിനോടൊപ്പം മെഷിനുള്ളിലേക്ക് വലിച്ചെടുക്കുകയായിരുന്നു.
മെഷിനുള്ളില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ഉടന്‍ തന്നെ എമര്‍ജന്‍സി വാര്‍ഡില്‍ പ്രവേശിപ്പിച്ചെങ്കിലും പത്തുമിനിറ്റിനുള്ളില്‍ മരിച്ചു. അശുപത്രിയിലുള്ള ബന്ധുവിനെ സഹായിക്കാന്‍ വന്നതായിരുന്നു യുവാവ്.
സംഭവ സമയം മുറിയിലുണ്ടായിരുന്ന വാര്‍ഡ്ബോയ് പറഞ്ഞതനുസരിച്ചാണ് യുവാവ് ഓക്സിജന്‍ സിലിണ്ടര്‍ എടുത്തതെന്ന് ബന്ധുക്കള്‍ പറയുന്നു.
മെഷിന്‍ ഓണായിരിക്കുമ്പോള്‍ സ്‌കാനിങ് മുറിയില്‍ ലോഹ വസ്തുക്കള്‍ കയറ്റരുതെന്ന തങ്ങള്‍ പറഞ്ഞെങ്കിലും, അതു സാരമില്ലെന്നും മെഷിന്‍ ഓഫ് ആണെന്നുമാണ് വാര്‍ഡ്ബോയ് പറഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു. ആശുപത്രി അധികൃതര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.