തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്. പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്തായ വിമല്‍കുമാര്‍(30) എന്നയാളാണ് പിടിയിലായത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചുള്ള സമയത്തെത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
വിവരം പുറത്തു പറഞ്ഞാല്‍ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. സ്വകാര്യ ചാനലിലെ ജീവനക്കാരനായിരുന്ന വിമൽകുമാർ പല പെണ്‍കുട്ടികളെയും പ്രണയം നടിച്ച് വശീകരിച്ചിട്ടുണ്ടെന്നാണ് പോലീസിന് കിട്ടിയ സൂചന.
പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ജെകെ ദിനില്‍, നേമം പോലീസ് ഇന്‍സ്പെക്ടര്‍ കെ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതിക്ക് എതിരെ മറ്റ് നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. മോഷണം, പിടിച്ചുപറി എന്നിവയില്‍ ഒന്നിലധികം കേസുകളുണ്ട്. പൂജപ്പുര സ്വദേശിയായ ശിവപ്രസാദിന് ബൈക്കില്‍ ലിഫ്റ്റ് നല്കി കൊണ്ടുപോയി ബാഗും 8000 രൂപയും അടിച്ചു മാറ്റിയതിനും, തിരുമല സ്വദേശിയായ വിഷ്ണു എന്ന ബാലന്റെ മാല കവര്‍ന്നതിനും, ധനരാജന് എന്നയാളുടെ ബൈക്ക് മോഷ്ടിച്ചതിനും കേസുകള്‍ നടക്കുകയാണ്.