കാലങ്ങളോളം ബോളിവുഡിൽ നിന്ന് കഠിന പ്രയത്നം കൊണ്ട് സ്വന്തമായൊരു ഇടം ഉറപ്പിച്ച താരമാണ് കങ്കണ റണൗത്ത്. ഒരുപാട് വിവാദങ്ങളിൽ നടി പെട്ടിരുന്നുവെങ്കിലും അവയൊന്നും വകവെയ്ക്കാതെ അഭിനയ മികവുകൊണ്ട് വിജയത്തിന്റെ ചവിട്ടു പടികൾ കയറികൊണ്ടിരിക്കുകയാണ് നടി. ബോളിവുഡ് ക്യൂൻ എന്നാണ് താരം ആരാധകർക്കിടയിൽ അറിയപ്പെടുന്നത്.
ചെയ്യുന്ന സിനിമകളിൽ തനിക്ക് പ്രഥമ പരിഗണന വേണമെന്ന് നിർബന്ധമുള്ള നടിയാണ് കങ്കണ. അത്തരത്തിലുള്ള സിനിമകളെ കങ്കണ തെരഞ്ഞെടുക്കാറുള്ളൂ. തനു വെഡ്സ് മനു റിട്ടേൺസ്, മണികർണിക, പങ്ക, മെന്റൽ ഹേ ക്യാ, ധാക്കഡ്, തലൈവി തുടങ്ങിയ സിനിമകൾ പരിശോധിച്ചാൽ താരത്തിന്റെ രീതി മനസിലാക്കാവുന്നതേയുള്ളൂ. തനിക്ക് പ്രധാന്യമില്ലാത്ത സിനിമകൾ ചെയ്യാൻ യാതൊരു താൽപര്യവുമില്ലെന്ന് കങ്കണ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
2013 ലെ ക്യൂൻ എന്ന സിനിമയിലൂടെയാണ് കങ്കണ ബോളിവുഡിൽ ശ്രദ്ധിക്കപ്പെടുന്നത്. അതുവരെയും മുൻനിര നായിക നടിയായി കങ്കണയെ പരിഗണിക്കുക പോലും ചെയ്തിരുന്നില്ല. ഏറെ ശ്രദ്ധിക്കപ്പെട്ട ക്യൂനിലെ അഭിനയത്തിന് കങ്കണയ്ക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചു. പിന്നീട് തനു വെഡ്സ് മനു റിട്ടേൺസ് ഉൾപ്പെടെ ഹിറ്റ് സിനിമകളിൽ കങ്കണ നായികയായി എത്തി.
ഹിറ്റ് നായകയാവുന്നതിന് മുമ്പ് പ്രതിസന്ധികളുടെ ഒരു കാലവും കങ്കണയ്ക്കുണ്ടായിരുന്നു. 2006 ൽ പുറത്തിറങ്ങിയ ഗ്യാങ്സ്റ്റർ ആണ് കങ്കണയുടെ ആദ്യ ചിത്രം. ഈ സിനിമ ലഭിക്കുന്നതിന് മുമ്പും അതിന് ശേഷവും കുറേനാൾ കങ്കണയ്ക്ക് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ലെന്നതാണ് സത്യം. ഗ്യാങ്സ്റ്ററിൽ അഭിനയിക്കുന്നതിന് മുമ്പ് താൻ ഒരു പോ ൺ ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങിയിരുന്നെന്നും കങ്കണ വെളിപ്പെടുത്തുന്നു.
വളരെ മോശമായ ഒരു ഓഫർ ലഭിച്ചതായി ഞാൻ ഓർക്കുന്നു. പക്ഷെ, ശരി ഇത് ചെയ്യാം എന്ന് ഞാൻ കരുതി’ ‘പിന്നെ അതിന്റെ ഒരു ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. എനിക്ക് ധരിക്കാൻ ഒരു മേലങ്കി നൽകി. അതിനുള്ളിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഒരു ബ്ലൂ ഫിലിം ആയാണ് എനിക്ക് തോന്നിയത്. ഇത് ശരിയല്ലെന്ന് എനിക്ക് തോന്നി,’ കങ്കണ വെളിപ്പെടുത്തി.
ഇതിനിടയിൽ ഗ്യാങ്സ്റ്റർ എന്ന സിനിമയുടെ ഓഫർ വന്നപ്പോൾ ഈ സിനിമ ചെയ്യാതെ ഗ്യാങ്സ്റ്റർ ചെയ്യാൻ തീരുമാനിക്കുക യായിരുന്നെന്ന് കങ്കണ പറഞ്ഞു. ആ സമയത്ത് പ്രൊഡ്യൂസർ ദേഷ്യപ്പെട്ടു. കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കാരണം ഞാനാ സിനിമ ഉപേക്ഷിക്കുകയാണ് ചെയ്തത്. എനിക്കന്ന് 17, 18 വയസ്സാണ് പ്രായം. ഗ്യാങസ്റ്ററിന്റെ ഓഫർ ലഭിച്ചില്ലായിരുന്നെങ്കിൽ ഞാനാ സിനിമ ചെയ്തേനെ. എല്ലാ ഓഫറുകൾക്കും യെസ് പറയുകയായിരുന്നു ഞാനെന്നും നടി കൂട്ടിച്ചേർത്തു.
അതേസമയം ക്യൂനിലൂടെ ലഭിച്ച വിജയം കങ്കണയ്ക്ക് പിന്നീട് നിലനിർത്താനായില്ലെന്നതാണ് മറ്റൊരു വസ്തുത. സിമ്രാൻ, രംഗൂൺ, ജഡ്ജ്മെന്റൽ ഹേ ക്യാ, പങ്ക, ധാക്കഡ് തുടങ്ങി പരാജയങ്ങളുടെ വൻനിരയാണ് കങ്കണയ്ക്ക് ഇപ്പോൾ കൈമുതലായി ഉള്ളത്. ഒടുവിലിറങ്ങിയ ധാക്കഡ് ആണ് നടിയുടെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്ന്. 80 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രത്തിന് മുടക്കു മുതലിന്റെ പകുതി പോലും തിരികെ ലഭിച്ചിട്ടില്ല.
ഇത് താരത്തിന് ഏറ്റ വലിയ തിരിച്ചടിയാണ്. ഒരു ദിവസം സിനിമയുടെ എട്ട് ടിക്കറ്റുകൾ മാത്രം വിറ്റതും വലിയ വാർത്തയായിരുന്നു. എമർജൻസി എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് നിലവിൽ കങ്കണ. ചിത്രത്തിന്റെ സംവിധാനവും നിർമാണവും കങ്കണ തന്നെയാണ്. തേജസ് എന്ന സിനിമയും കങ്കണയുടേതായി പുറത്തിറങ്ങാനുണ്ട്.