മലയാളികൾക്ക് ഇഷ്ടപ്പെട്ട നടനാണ് ഷൈൻ ടോം ചാക്കോ. താരം തന്റെ അഭിനയമികവ് കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്. സിനിമാലോകത്തെ രസികൻ, ചൂടൻ എന്നിങ്ങനെയുള്ള പേരുകളാണ് നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഭിച്ചിട്ടുള്ളത്. അഭിമുഖങ്ങളിൽ ഷൈൻ ആരേയും കൂസാതെയുള്ള സംസാര രീതി പിന്തുടരുന്നത് താരത്തിന് ഒട്ടേറെ വിവാദങ്ങൾ കേൾക്കാൻ കാരണമായിരുന്നു. സിനിമയ്ക്ക് പുറത്തുള്ള താരത്തിന്റെ സംസാരവും പ്രവൃത്തികളും ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്ന ഷൈനിന്റെ ഒരു വീഡിയോയാണ് വൈറലാവുന്നത്. ഷൈൻ പ്രധാന റോളിലെത്തുന്ന കുടുക്ക് എന്ന സിനിമയുടെ പ്രൊമോഷനെത്തിയതായിരുന്നു താരം. ഇതിനിടെയാണ് പ്രണയത്തെ കുറിച്ചും തന്റെ തകർന്ന വിവാഹത്തെ കുറിച്ചും താരം മനസ് തുറന്നത്.
‘ആരുമായിട്ടും ഞാനങ്ങനെ വഴക്ക് കൂടാറില്ല. ചില ബന്ധങ്ങളിൽ ആയിരിക്കുമ്പോൾ ഉണ്ടായിട്ടുണ്ട്. ലവ് റിലേഷൻസ് എനിക്ക് തീരെ വർക്കാവില്ല. വിവാഹജീവിതം എല്ലാവർക്കും വർക്കാവില്ല. ക്രിസ്റ്റ്യൻസിൽ ദൈവവിളി കിട്ടി അച്ചനും കന്യാസ്ത്രീമാരും ആവുന്നത് പോലെയാണ് വിവാഹവും. എല്ലാവർക്കും ആ വിളി കിട്ടണമെന്നില്ലെന്നാണ്’ ഷൈൻ 1000 ആരോസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
‘ഇനി ലവ് പരിപാടി വിട്ടിട്ട് ഡേറ്റിങ് പരിപാടിയിലേക്ക് തിരിയുന്നതാണ് കുറച്ച് കൂടി സൗകര്യം. അതിൽ ബാധ്യതയുണ്ടാവില്ല. വർക്കാവില്ലെന്ന് തോന്നുന്ന സമയത്ത് നല്ല കൂട്ടുകാരായി തുടരാം എന്ന പറയാം. പ്രണയത്തിലാവുമ്പോൾ അത് നടക്കില്ല. കൂട്ടുകാരായി ഇരിക്കുന്നവർക്ക് അതുപോലും ഇല്ലാതെയാവും.’
‘എനിക്ക് പ്രണയം ഉണ്ടായിട്ടുണ്ട്. പക്ഷേ രണ്ട് പേരും ഒരുമിച്ചിട്ടുള്ള അധിക പ്രണയം ഇല്ലായിരുന്നു. ചില സമയങ്ങളിൽ പ്രണയിച്ചിട്ടുണ്ട്. അത് എവിടെയോ മുറിഞ്ഞ് പോകും. പിന്നെ അങ്ങനെ സീരിയസായി കണ്ടിട്ടില്ല. റിലേഷനിലെ പ്രധാന ഘടകം നമ്മുടെ വിഷമം മറ്റേ ആളുടെ അടുത്ത് പറയണം. അതെനിക്ക് വിശദീകരിക്കാൻ താൽപര്യമില്ല. അതുകൊണ്ടാണ് പ്രണയമൊന്നും മുന്നോട്ട് പോവാത്തത്’ നടൻ പറഞ്ഞത്.
‘പ്രണയിക്കാത്തത് കൊണ്ട് തന്നെ ഞാൻ അറേഞ്ച് മ്യാരേജാണ് ചെയ്തത്. അതും ഒരുപാട് കാരണങ്ങൾകൊണ്ട് വർക്കായില്ല. കുറച്ച് കാലം എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. അവരെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചു. അവരുടെ ഭാഗത്ത് നിന്നും ഞാൻ സന്തുഷ്ടനായിരുന്നു. പക്ഷേ എന്റെ ഭാഗത്ത് നിന്ന് അവർ സന്തുഷ്ടരായിരുന്നില്ല. അതെന്റെ പ്രശ്നമാണെന്ന് ഈ രണ്ട് ബന്ധങ്ങളിൽ നിന്നും മനസ്സിലായി’.
‘അതുകൊണ്ടാണ് വേറൊരാളുടെ ചിന്താമണ്ഡലങ്ങൾ ഭരിക്കുന്ന പ്രണയബന്ധങ്ങളുലാവാൻ താൽപര്യമില്ലാത്തത്. ഒരു തരത്തിലും അത് വർക്കാകില്ലെന്ന തോന്നലുണ്ട്. എനിക്ക് വിവാഹം ശരിയാവില്ലെന്ന് ഒത്തിരിപേർ എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ എല്ലാവരെയും വിവാഹം കഴിപ്പിക്കുക എന്നതാണ് ഇവിടുത്തെ രീതി. നാളെ പിള്ളേരെ കൊണ്ട് ചെയ്യിപ്പിക്കാൻ പോവുന്നതും അതൊക്കെ തന്നെയാണ്’.
‘ഒരു റിലേഷൻ ബ്രേക്കപ്പ് ആവുമ്പോൾ ഒരുപാട് കാലം ദുഃഖിച്ചിരിക്കുന്നത് പെൺകുട്ടികളാണ്. എന്തിനാണ് ഇത്രയധികം ദുഃഖിക്കുന്നത്. അങ്ങനൊരാൾ ഒഴിഞ്ഞ് പോയി എന്നല്ലേ ചിന്തിക്കേണ്ടതെന്ന്’ എന്നും ഷൈൻ ചോദിക്കുന്നു.