ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുവായ ഒന്നാംപ്രതി വലയിലാക്കിയത് വീട്ടിലെ സാഹചര്യം മുതലെടുത്ത്. ഭിന്നശേഷിക്കാരിയായ മാതാവും ശാരീരിക ന്യൂനതയുള്ള പിതാവുമടങ്ങുന്ന കുടുംബത്തിന്റെ സാvdhത്തിക പിന്നോക്കാവസ്ഥ മുതലെടുത്താണ് ഒന്നാംപ്രതി പുന്നപ്ര സ്വദേശി ആതിര പെണ്‍കുട്ടിയെ വലയിലാക്കിയത്. റിസോര്‍ട്ടുകളില്‍ ആയൂര്‍വേദ മസാജിംഗ് ജോലിയാണെന്നാണ് ഇവര്‍ നാട്ടില്‍ പറഞ്ഞിരുന്നത്. ഇതിന്റെ മറവില്‍ നടത്തിയിരുന്ന അനാശാസ്യ പവര്‍ത്തനങ്ങള്‍ക്ക് മറയായാണ് പെണ്‍കുട്ടിയെ ആദ്യം ഇവര്‍ കൂട്ടിക്കൊണ്ടുപോകുന്നത്. പെണ്‍കുട്ടിയും സ്വന്തം കുട്ടിയും കൂടെയുള്ളത് മറ്റുള്ളവര്‍ക്ക് സംശയത്തിന് ഇടയാക്കില്ലെന്ന വിശ്വാസത്തിലായിരുന്നു ഈ നീക്കം. റിസോര്‍ട്ടുകളിലും മറ്റു സ്ഥാപനങ്ങളിലും ഇത്തരത്തില്‍ കൊണ്ടുപോകുന്നതിനിടയില്‍ ആതിരയുടെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
കേസിലെ രണ്ടാം പ്രതിയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായ നെല്‍സണ് പെണ്‍കുട്ടിയുടെ കുടുംബവുമായും അടുപ്പമുണ്ടായിരുന്നു. ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുത്താണ് ഇയാള്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്തത്. നഗര കേന്ദ്രത്തിലെ തന്നെ ഒരു റിസോര്‍ട്ടില്‍ ആതിര എത്തിച്ച പെണ്‍കുട്ടിയെ ഇയാള്‍ മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായി പെണ്‍കുട്ടിയെ രാത്രികാലങ്ങളില്‍ ആതിര കൂട്ടിക്കൊണ്ടുപോകുകയും പുലര്‍ച്ചെ വീട്ടില്‍ തിരികെയെത്തിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇവരെ തടഞ്ഞുവച്ചതോടെയാണ് നാടിനെ ഞെട്ടിച്ച പീഡനകഥ പുറത്തായത്.
തടഞ്ഞുവച്ച നാട്ടുകാരോട് തനിക്ക് വിവിധ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും ഇവരുടെ പേരുകളും ഫോണ്‍ നമ്പരുകളും ആതിര പറഞ്ഞിരുന്നു. നിലവില്‍ കേസില്‍ അറസ്റ്റിലായ മാരാരിക്കുളം പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്ഐ ലൈജുവിനെ ഫോണില്‍ നാട്ടുകാര്‍ തടഞ്ഞ സമയം ആതിര വിളിക്കുകയും ചെയ്തിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ സംഭവത്തിന്റെ ചുരുളഴിയുകയുമായിരുന്നു.
ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം കേസിലുള്‍പ്പെട്ടതായി ആക്ഷേപമുയര്‍ന്നതോടെ ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ സംഭവം അന്വേഷിക്കാന്‍ നിയോഗിക്കുകയും തുടര്‍ന്ന് ഒളിവില്‍ പോയ രണ്ടാംപ്രതി നെല്‍സണെ ബംഗളൂരുവില്‍ നിന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടുകയുമായിരുന്നു. ആതിരയുടെയും പെണ്‍കുട്ടിയുടെയും മൊബൈല്‍ ഫോണുകള്‍ വിശദമായി പരിശോധിച്ചതിനു ശേഷമാണ് മാരാരിക്കുളത്തെ പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്ഐ എറണാകുളം ഉദയംപേരൂര്‍ സ്വദേശി കെജി ലൈജു ആതിരയുടെ സുഹൃത്തുക്കളായ മണ്ണഞ്ചേരി സ്വദേശി ജിനുമോന്‍, പൊള്ളേത്തൈ സ്വദേശി പ്രിന്‍സ് എന്നിവരെ അറസ്റ്റ് ചെയ്തത്.
കേസില്‍ പിടിയിലായവര്‍ക്കെതിരെ പോക്സോ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട്പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണ ഭാഗമായി ഒന്നാം പ്രതി ആതിരയെ പോക്സോ കോടതി വെള്ളിയാഴ്ചവരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടുനല്‍കിക്കൊണ്ട് ഇന്നലെ ഉത്തരവായിരുന്നു. ഇവരെ ഇന്ന് വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് ഡിവൈഎസ്പി പിവി ബേബി പറഞ്ഞു. കേസിലെ രണ്ടാംപ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷയും കോടയില്‍ പോലീസ് നല്‍കിയിട്ടുണ്ട്. കേസില്‍ പോലീസ് ഉദ്യോഗസ്ഥരടക്കം കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രത്യേക സംഘം നടത്തുന്നത്.