വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ച് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് കൽപന. മലയാളത്തിൽ ഏറ്റവും മനോഹരമായി ഹാസ്യം അവതരിപ്പിച്ചിരുന്ന താരം കൂടിയാണിവർ. ഇന്ന് ഹാസ്യ വേഷങ്ങളിൽ കൽപനയെ മറിക്കടക്കാൻ ഒരു താരമില്ല. തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ അനശ്വരമാക്കാൻ നടിയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ആരാധകരെയും ബന്ധുക്കളെയുമെല്ലാം വേദനയിലാഴ്ത്തി അകാലത്തിൽ കൽപന വിടവാങ്ങിയത് ഇനിയും ഉൾക്കൊള്ളാൻ കഴിയുന്നില്ല.
പെട്ടെന്നൊരു ദിവസം കൽപനയുടെ മരണവാർത്ത വന്നപ്പോൾ എല്ലാവരും ഞെട്ടിയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ വെച്ചായിരുന്നു കൽപനയുടെ മരണം. നടിയുടെ വേർപാട് സംഭവിച്ചിട്ട് ആറ് വർഷത്തോളം കഴിഞ്ഞു. ഇതിനിടെ തന്റെ ജനനത്തെ കുറിച്ച് കൽപന പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിലൂടെ വൈറലാവുകയാണ്. ജെബി ജംഗ്ഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് കൽപന താൻ മാത്രം കുടുംബത്തിലാണ് ജനിച്ചതെന്ന് വെളിപ്പെടുത്തിയത്.
ഞങ്ങൾ അഞ്ച് മക്കളിൽ ഞാൻ മാത്രമാണ് കുടുംബത്തിൽ പിറന്നത്. ബാക്കിയെല്ലാവരും ആശുപത്രിയിലായിരുന്നു. ഒരു വിജയദശമി ദിനത്തിലാണ് ഞാൻ ജനിക്കുന്നത്. പൂജ വെക്കുന്നതിന് തലേന്ന് അമ്മയ്ക്ക് ഡാൻസ് പ്രോഗ്രാം ഉണ്ടായിരുന്നു. അമ്മ എന്നെ വയറ്റിലിട്ട് ഡാൻസൊക്കെ കളിച്ച് വീട്ടിൽ വന്നു. അർധരാത്രിയായപ്പോഴാണ് പ്രസവ വേദന വന്നത്. അസമയം ആയല്ലോ, ആശുപത്രിയിൽ പോവാമെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ ഇന്നെന്തായാലും പ്രസവം ഉണ്ടാവില്ലെന്ന് അമ്മ തീർത്തുപറയുകയായിരുന്നു. അതുകൊണ്ട് ആശുപത്രിയിൽ പോയില്ല.
പക്ഷേ രാത്രി വേദന കൂടിയതോടെ ഒരു വയറ്റാട്ടിയെ കൂട്ടികൊണ്ട് വന്നു. അവർ അകത്തേക്ക് കയറിയതും കറന്റ് പോയി. ഒരു വിളക്ക് കത്തിച്ചോണ്ട് വരാൻ അച്ഛന്റെ അമ്മയോട് പറഞ്ഞു. അന്ന് മണ്ണെണ്ണ വിളക്കാണ്. അച്ഛമ്മ പോയി എടുത്തോണ്ട് വന്നത് ഉമിക്കരിയും രണ്ട് ഈർക്കിലിയും. അച്ഛമ്മയ്ക്ക് സമനില തെറ്റിയത് പോലെയായി കാര്യങ്ങൾ. പിന്നീട് കുറച്ച് കഴിഞ്ഞപ്പോഴെക്കും വിളക്ക് കിട്ടി.
ബാക്കി സഹോദരങ്ങളൊക്കെ ജനിച്ചപ്പോൾ അമ്മ പട്ടിണിയിലായിരുന്നു. കൊഞ്ച് തീയലും അയല വറുത്തതും കൂട്ടി വയറ് നിറച്ചും കഴിച്ചതിന് ശേഷമാണ് ഞാൻ ജനിച്ചത്. ഇത്രയും ഭക്ഷണം കഴിച്ചത് കൊണ്ടാണോ അതോ പ്രസവവേദനയാണോ എന്ന് അമ്മയ്ക്ക് മനസിലായില്ല. വയറ് ഒഴിഞ്ഞപ്പോഴാണ് കുഞ്ഞ് പുറത്ത് വന്നല്ലേ എന്ന് അമ്മ പോലും പറയുന്നത്. എന്നാൽ, അനക്കമില്ലല്ലോ എന്ന് പറഞ്ഞ് വിളക്ക് ചെരിച്ച് നോക്കുമ്പോൾ ഞാൻ കട്ടിലിന്റെ സൈഡിലായി കിടക്കുകയായിരുന്നു. എന്നെ കൈയ്യിലെടുത്ത ശേഷം ചന്തിയ്ക്ക് ഒറ്റൊരു അടി അടിച്ചു. അന്ന് തുറന്ന എന്റെ വായ ഇന്നും അടച്ചിട്ടില്ലെന്ന് അമ്മ പറയും.
ആ അടിയിൽ ഒറ്റക്കരച്ചിലായിരുന്നു. ആ ദിക്ക് മുഴുവൻ എന്റെ കരച്ചിൽ കേട്ടിട്ടുണ്ടാവും. ബാക്കി മക്കളെയൊക്കെ അമ്മ പട്ടിണി കിടന്നും വേദനിച്ചും പ്രസവിച്ചതാണ്. അതുകൊണ്ട് ഇന്നും എവിടെ പോയാലും എനിക്ക് കൃത്യമായി ഭക്ഷണം കിട്ടും. ഭക്ഷണമാണ് എനിക്ക് പ്രധാനം. എന്ന് കരുതി ഒരുപാട് കറികളൊക്കെ കണ്ടാൽ എനിക്ക് കഴിക്കാൻ പറ്റില്ല. സാമ്പാറ്, അവിയൽ, ചമ്മന്തി, അതൊക്കെയാണ് ഇഷ്ടം. നോൺ വെജ് ഒന്നും കഴിക്കില്ല.- എന്നും താരം പറയുന്നുണ്ട്.
ഞങ്ങളിൽ എന്തെങ്കിലും നന്മയുണ്ടെങ്കിൽ അത് അച്ഛനും അമ്മയും തന്നതാണ്. ഒരു കട്ടിലിലാണ് ഞങ്ങൾ സഹോദരങ്ങൾ അഞ്ച് പേരും കിടന്ന് ഉറങ്ങിയിരുന്നത്. അമ്മയെ മാറ്റി നിർത്തി ഒരു ജീവിതം എനിക്കില്ല. അത്രയും അറ്റാച്ചമെന്റാണ് കുടുംബത്തോട്. പതിനെട്ട് വയസ് കഴിയുന്നത് വരെയും ഞങ്ങൾ ഒരുമിച്ചാണ് ഉറങ്ങുന്നത്. ആൺകുട്ടികൾക്ക് ഒരു കട്ടിലും ഞങ്ങൾ മൂന്ന് പേരും അമ്മയും ഒന്നിച്ച് ഒരു കട്ടിലിലുമായി കിടന്നു.
ഞങ്ങളുടെ അടുത്ത സുഹൃത്തുക്കൾ ഞങ്ങൾ തന്നെയാണ്. പുറത്ത് സൗഹൃദം വലിയ പ്രശ്നമാണ്. നമ്മൾ ഉദ്ദേശിക്കുന്ന നല്ല സുഹൃത്തുക്കളെ കിട്ടിയില്ലെങ്കിൽ നമ്മളെ മുതലെടുക്കുന്നവർ ഉണ്ടാവും. തൊഴിൽ സ്ഥലത്ത് എല്ലാവരും ഒരുപോലെ ആയിരിക്കില്ലല്ലോ എന്നും കൽപന ചോദിക്കുന്നു.