നൃത്തത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ നടിയാണ് ശാലു മേനോൻ. ചുരുക്കം ചില സിനിമകളിലാണ് താരം എത്തിയതെങ്കിലും സീരിയലുകളിലൂടെ നടി തന്റെ അഭിനയ മികവ് കാണിച്ചു തന്നു. കേരളത്തെ പിടിച്ചുകുലുക്കിയ സോളാർ വിവാദത്തിൽ ജയിലിൽ കഴിയേണ്ടി വന്ന നടി പുറത്തിറങ്ങിയതിന് പിന്നാലെ ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
കിടിലൻ ഫോട്ടോഷൂട്ടൊക്കെ നടത്തിയാണ് താരം വീണ്ടും സീരിയൽ രംഗത്ത് സജീവമായിരിക്കുന്നത്. 49 ദിവസമാണ് നടി ജയിൽ വാസം അനുഭവിച്ചത്. ഇപ്പോൾ കേസിലെ പ്രതിസ്ഥാനത്ത് നിൽക്കുന്ന സരിത നായരുമായുള്ള ബന്ധത്തെ കുറിച്ചും ജയിൽ ജീവിതത്തെ കുറിച്ചും വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നടി.
ശാലു മേനോന്റെ വെളിപ്പെടുത്തൽ ഇങ്ങനെ;
എനിക്ക് അറിയില്ലായിരുന്നു സരിത എന്ന വ്യക്തിയെ, സരിത എന്ന വ്യക്തി എന്റെ വീട്ടിൽ വന്നിരുന്നു. പക്ഷേ സരിതയായിട്ടല്ലായിരുന്നു. ലക്ഷ്മി എന്ന പേരിൽ സ്റ്റുഡന്റ് ആയിട്ടാണ് വന്നത്. ഫോം ഫിൽ ചെയ്ത് എനിക്ക് ദക്ഷിണ തന്ന് ഡാൻസ് പഠിക്കാനായി ചേർന്നു. അതിനു ശേഷം ഒരു ദിവസം മാത്രം ഡാൻസ് ക്ലാസിൽ വന്നു പോയി. പിന്നീട് കേസ് സമയത്താണ് ഈ ഒരു വ്യക്തിയാണ് സരിതാ നായർ എന്നും ഡാൻസ് പഠിക്കാൻ വന്നത് ഇതിനായിരുന്നു എന്ന്.
പിന്നീട് കോടതിയിൽ കാണുന്നു ജയിലിൽ അടുത്തടുത്ത റൂമുകളിലായിരുന്നു. അല്ലാതെ യാതൊരു വിവരവും സരിതയെ കുറിച്ച് അറിയില്ലായിരുന്നു. സിനിമയിലും സീരിയലിലുമൊക്കെയാണ് ജയിലിനെ കുറിച്ച് കണ്ടത്. അത് ഭയങ്കരമായിട്ടുള്ള ഒരു അനുഭവമാണ് പറഞ്ഞാൽ മനസ്സിലാകില്ല ആ ദിവസങ്ങള!!െക്കുറിച്ച്. നാൽപ്പത്തിയൊൻപത് ദിവസം ജയിലിലായിരുന്നു. എന്റെ വീട്ടിൽ ഞാനും അമ്മയും അമ്മൂമയും അടക്കം മൂന്ന് സ്ത്രീകൾ മാത്രേയുള്ളു.
അറസ്റ്റ് നടക്കും എന്നൊക്കെ വാർത്ത കണ്ടിരുന്നു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ പേടിക്കേണ്ടതില്ലല്ലോ എന്ന രീതിയിലായിരുന്നു അവസ്ഥ. പക്ഷേ എല്ലാം വളരെ പെട്ടന്നായിരുന്നു പിന്നെ അറസ്റ്റ് ചെയ്യുന്നു, ജയിലിൽ പോവുന്നു തുടങ്ങി എല്ലാം പെട്ടെന്നാണ് നടന്നത്. ജയിലിൽ ചെല്ലുമ്പോൾ അവിടെയുള്ള ജയിൽവാസികളൊക്കെ എന്നെ നോക്കുന്നു. ആ സമയത്ത് സീരിയലിൽ സജീവമായി നിൽക്കുന്നത് കൊണ്ട് എല്ലാവർക്കും അറിയാം.
എന്നെ സംബന്ധിച്ചിടത്തോളം അമ്മയെ പിരിഞ്ഞ് നിന്നിട്ടില്ല. ഗൾഫിലോ അമേരിക്കയിലോ എവിടെ പ്രോഗ്രാമിന് പോകുമ്പേഴും അമ്മയും കൂടെയുണ്ടാവും. അവരില്ലാതെ ഞാനെവിടെയും പോവാറില്ല. ജയിലിലെ ആളുകളൊക്കെ പല സ്വഭാവക്കാരാണ്. സ്നേഹത്തോടെ പെരുമാറിയവരുണ്ട്. എന്റെ അടുത്ത് കൂടുതൽ പേരും സ്നേഹത്തിലാണ് സംസാരിച്ചത്. ഓരോരുത്തരും അവരുടെ വിഷമങ്ങളൊക്കെ പങ്കുവെച്ചു.
ഇതിന്റെയൊന്നും സത്യാവസ്ഥ നമുക്കും അറിയില്ല. സ്വന്തം മകൻ അമ്മയെ മോഷണക്കുറ്റം ആരോപിച്ച് ജയിലാക്കിയ കഥ വരെ കേട്ടു. ആദ്യത്തെ ഒരാഴ്ച വലിയ ബുദ്ധിമുട്ടായിരുന്നു. അവിടെ കിടക്കാനും മറ്റുമൊക്കെ പ്രശ്നമായി. സെലിബ്രിറ്റിയാണെന്നുള്ള പരിഗണന തന്നു. വലിയ സംഭവമായിട്ടല്ല, ടോയ്ലെറ്റ് ഉപയോഗിക്കാനൊക്കെ അകത്ത് തന്നെ സൗകര്യം ഒരുക്കി തന്നു കിടക്കുന്നതൊക്കെ എല്ലാവരെയും പോലെ പായയിൽ തന്നെയാണ്.
സൂപ്രണ്ടിന്റെ റൂമിന്റെ അടുത്ത് തന്നെയുള്ള റൂമിലായിരുന്നു ഞാൻ കിടന്നത്. വിഷമം ആയിരുന്നു മുന്നോട്ടുളള ജീവിതം എങ്ങനെ എന്നതായിരുന്നു ചിന്ത. ഡാൻസ് ,അഭിനയം എല്ലാം പാതിവഴിയിൽ ആകുമോ എന്നും ചിന്തിച്ചു. പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ബോൾഡാവണമെന്ന് തീരുമാനിച്ചു. പുറത്തിറങ്ങി കഴിയുന്ന കാര്യങ്ങളെ പറ്റിയാണ് ഞാൻ ചിന്തിച്ചത്. പിന്നെ പിന്നെ ബോൾഡായി മുന്നോട്ട് പോവാമെന്ന് കരുതി.
അമ്മയും അമ്മൂമ്മയും അമ്മയുടെ സഹോദരനുമാണ് ഈ സമയത്ത് കൂടെ നിന്നത്. അതല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല. ജയിലിൽ നിന്നും ഇറങ്ങിയതിന് ശേഷം പലരും വന്നു. ആത്മാർഥമായി കൂടെ നിന്നത് ആരൊക്കെയാണെന്ന് ഈ സാഹചര്യത്തിൽ തിരിച്ചറിയാൻ പറ്റിയത്. പിന്നീട് പുറത്ത് വന്നതിനുശേഷം സീരിയൽ അഭിനയിച്ചു, ഒരുപാട് ഡാൻസ് ഷോ ചെയ്തു. ഒരു യൂട്യൂബ് ചാനലും തുടങ്ങി. ഡാൻസ് സ്‌കൂളുകൾ തുടങ്ങി. ഇപ്പോൾ സജീവമായി അഭിനയത്തിൽ തുടരുകയാണ്.