മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയാണ് പാസഞ്ചര്‍. ഒരുപക്ഷേ മലയാള സിനിമയിലെ ന്യൂ ജനറേഷന്‍ സിനിമയുടെ തുടക്കം തേടി പോയാല്‍ അത് ചെന്നെത്തി നില്ക്കുക പാസഞ്ചര്‍ എന്ന സിനിമയില്‍ ആയിരിക്കും. തികച്ചും വ്യത്യസ്തമാര്‍ന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
അന്നേവരെ മലയാള സിനിമ കഥ പറഞ്ഞിരുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായാണ് പാസഞ്ചര്‍ സിനിമയുടെ അവതരണം. പാസഞ്ചറിന് പിന്നാലെയാണ് ട്രാഫിക് പോലുള്ള സിനിമകള്‍ കടന്നു വന്നത്, ഇത് മലയാള സിനിമയുടെ മുഖം തന്നെ മാറ്റിയിരുന്നു.
പാസഞ്ചര്‍ സംവിധാനം ചെയ്തത് രഞ്ജിത്ത് ശങ്കര്‍ ആയിരുന്നു. ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത് ശ്രീനിവാസന്‍, ദിലീപ്, മംമ്ത മോഹന്‍ ദാസ് തുടങ്ങിയവര്‍ ആയിരുന്നു. എസ് സി പിള്ളയായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ്. പാസഞ്ചര്‍ എന്ന സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
ഈ സിനിമയുടെ ഷൂട്ടിങ് സമയത്ത് നടന്‍ ദിലീപില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. തനിക്കുണ്ടായ സാമ്പത്തിക നഷ്ടത്തെക്കുറിച്ചും അദ്ദേഹം മനസ് തുറക്കുന്നുണ്ട്. ഒന്നേമുക്കാല്‍ കോടി രൂപയ്ക്ക് തീര്‍ക്കേണ്ടതായിരുന്നു ഈ സിനിമയെന്നും എന്നാല്‍ അത് രണ്ട് കോടിയാകാന്‍ കാരണക്കാരനായത് ദീലിപ് ആണെന്നും അദ്ദേഹം പറയുന്നു.
അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് മനസ്സുതുറന്നത് മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്. ചിത്രത്തില്‍ നടന്‍ പൃഥ്വിരാജ് ചെയ്യേണ്ടിയിരുന്ന കാഥാപാത്രമാണ് ദിലീപ് ചെയ്തതെന്നും പൃഥ്വിരാജിന് മറ്റ് പല സിനിമകള്‍ വന്നതോടെയാണ് അദ്ദേഹം പിന്മാറിയതെന്നും എസ് സി പിള്ള പറയുന്നു.
ദിലീപ് കാരണം വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്ന് നിര്‍മ്മാതാവ് പറയുന്നു. വെറും ആറ് ദിവസത്തെ ഷൂട്ടിങ്ങിന് മാത്രം ദിലീപ് ഈടാക്കിയത് നല്ലൊരു തുകയാണെന്നും ഇതോടെ സിനിമയുടെ ബജറ്റുയര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനിന് വേണ്ടി എറണാകുളത്തായിരുന്നു സെറ്റിട്ടിട്ടത്.
എന്നാല്‍ അത് കണ്ടിട്ടും ദിലീപ് മൂന്നാറിന് പോയെന്നും അത് കാരണം സിനിമയുടെ മുഴുവന്‍ യൂണിറ്റുമായി മൂന്നാറില്‍ ചെല്ലേണ്ടി വന്നുവെന്നും അവിടെവെച്ചാണ് പാസഞ്ചറിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തതെന്നും അദ്ദേഹം പറയുന്നു. ഇത് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.
മുടക്ക് മുതലല്ലാതെ തനിക്ക് ആ സിനിമ കൊണ്ട് ലാഭം കിട്ടിയിട്ടില്ലെന്നും നിര്‍മാതാവ് കൂട്ടിച്ചേര്‍ത്തു. ഒരുപക്ഷേ ദീലിപ് സഹകരിച്ചിരുന്നെങ്കില്‍ സിനിമയിലൂടെ എന്തെങ്കിലും ലാഭം നിര്‍മ്മാതാവായ തനിക്ക് ലഭിക്കുമായിരുന്നുവെന്നും ആര്‍ക്കും ഈ അവസ്ഥ ഉണ്ടാവരുതെന്നും അദ്ദേഹം പറയുന്നുണ്ട്. ഇത്തരക്കാര്‍ കാരണം പല പ്രൊഡ്യൂസര്‍മാരും ഇല്ലാതായിട്ടുണ്ടെന്നും എസ് പി പിള്ള കൂട്ടിച്ചേര്‍ത്തു.