നഞ്ചമ്മ എന്ന പേര് അയ്യപ്പനും കോശിയും സിനിമയ്ക്ക് പിന്നാലെയാണ് മലയാളികളുടെ നാവിൽ തത്തിക്കളിക്കാൻ തുടങ്ങിയത്. ‘കളക്കാത്ത സന്ദനമേര വെഗു വേഗാ പൂത്ത്രിക്കും’- എന്ന വരികൾ മൂളി നോക്കാത്ത ഒരു സിനിമാപ്രേമിയും ഉണ്ടാകില്ല. എന്നാൽ താൻ പാടിയ പാട്ട് കേരളത്തിൽ ഇത്രയും ഓളം ഉണ്ടാക്കിയതൊന്നും നഞ്ചമ്മ അറിഞ്ഞിട്ടില്ല. ഇപ്പോൾ ദേശീയപുരസ്‌കാരം നേടിയതും നഞ്ചമ്മയ്ക്ക് അത്ഭുതം സമ്മാനിക്കുന്നുണ്ടാകില്ല.
പാലക്കാട് അട്ടപ്പാടിക്കടുത്തുള്ള നക്കുപ്പതി പിരിവിലെ നഞ്ചമ്മ ഒറ്റ സിനിമയിലൂടെയാണ് പ്രശസ്തയായത്. സിനിമയിലെ അറിയപ്പെടുന്ന ഗായിക ായെങ്കിലും അത്ര എളുപ്പമൊന്നും തിരിച്ചറിയാനാവാത്ത കൊച്ചു വീട്ടിലാണ് ഇപ്പോഴും നഞ്ചമ്മയുടെ താമസം. വീടിന് സിനിമയിലെ ഗായികയുടെ വീടെന്ന പത്രാസൊന്നുമില്ല. ലാളിത്യമാണ് നഞ്ചമ്മയുടെ പ്രത്യേകത. അട്ടപ്പാടിയിലെ ഊരിൽ കഴിയുന്ന നഞ്ചമ്മ ഭർത്താവിന്റെ പിന്തുണയോടെയാണ് ഫോക്ലോർ ഗാനങ്ങളുമായി ഊരുചുറ്റാൻ തുടങ്ങിയത്. അവിടെ നിന്നാണ് സച്ചി എന്ന സംവിധായകൻ നഞ്ചമ്മയെ കണ്ടെത്തിയതും സിനിമയിൽ അവസരം നൽകിയതും.
മുൻപ് അന്ന് അമ്മ പാടിയ പാട്ടുകളൊക്കെ എത്ര പേരാണ് കേട്ടതെന്ന് അറിയാമോ എന്ന ചോദ്യത്തിന് ”എന്റെയോ, അറിയില്ല”- എന്ന ആ മറുപടി സോഷ്യൽമീഡിയയിടെ മനംകവർന്നിരുന്നു. അയ്യപ്പനും കോശിയിലേയും ഗാനത്തെ കുറിച്ച് മുൻപൊരു അഭിമുഖത്തിൽ താരം വിശദീകരിച്ചിരുന്നു.
‘മരങ്ങളെപ്പറ്റി, കുഞ്ഞുങ്ങളെപ്പറ്റി, കുട്ടികൾക്ക് ചോറുകൊടുക്കുന്നതിനെപ്പറ്റി ഒക്കെയാണ് ആ പാട്ട്.”- നഞ്ചമ്മ പറയുന്നു. ചുറ്റുവട്ടത്തെ വീടുകളിലൊക്കെ കളിക്കാൻപോകുമായിരുന്നു കുട്ടിക്കാലത്ത്. ഊരിലെ മരിപ്പിനും കല്യാണത്തിനും പോകും. അങ്ങനെ സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ കണ്ടും കേട്ടും അറിഞ്ഞു. അതിൽനിന്ന് ഞാനുണ്ടാക്കിയ പാട്ടുകളാണ് ഇതൊക്കെ’.-
അയ്യപ്പനും കോശിയും സിനിമ തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെ കുറിച്ചും നഞ്ചമ്മ വെളിപ്പെടുത്തിയിരുന്നു. അയ്യപ്പനും കോശിയും സിനിമ ഇറങ്ങിയതിൽപ്പിന്നെ എല്ലാ ദിവസവും വീട്ടിൽ ആളുകൾ കാണാൻ വരും. അതുകൊണ്ട് ആടിനെ മേയ്ക്കാനൊന്നും പോവാൻ പറ്റിയില്ലെന്നാണ് അന്ന് നഞ്ചമ്മ പരിഭവം പറഞ്ഞത്. ആടുമേയ്ക്കലാണ് നഞ്ചമ്മയുടെ ജീവനോപാധി. രാവിലെ പത്ത് പത്തരയ്ക്ക് ആടിനെയുംകൊണ്ട് മല കയറും. രാവിലെ എന്തെങ്കിലും ഭക്ഷണം കഴിക്കും. ചിലപ്പോൾ റാഗിപ്പുട്ട്, ചിലപ്പോൾ ചോറ്. ഉച്ചയ്ക്ക് ഒന്നും കഴിക്കില്ല. വെള്ളം മാത്രം കുടിക്കും ആടിനെ മേച്ച് വീട്ടിൽ വൈകുന്നേരം എത്തിയാലാണ് പിന്നീട് നഞ്ചമ്മയുടെ ഭക്ഷണം.
തന്നെ സിനിമയിലേക്ക് കൈപിടിച്ച് എത്തിച്ച സച്ചിയുടെ മരണം തീരാനോവാണെന്ന് പറയുകയാണ് നഞ്ചമ്മ. ഇപ്പഴും ഓർക്കുമ്പോൾ സങ്കടമാവും. എന്റെ അച്ഛനും അമ്മയും മരിച്ചിട്ടുപോലും ഇത്ര സങ്കടം വന്നിട്ടില്ലെന്നാണ് സച്ചിയുടെ വിയോഗത്തെ കുറിച്ച് നഞ്ചമ്മ പറഞ്ഞത്.
ആടിനെയും മാടിനെയും മേച്ച് നടന്ന എന്നെ സച്ചിസാറാണ് നാട്ടിലറിയുന്ന ആളാക്കിമാറ്റിയത്. കാണാൻ വന്നപ്പോൾ ഞാൻ പറഞ്ഞു, സാറേ, ഒന്നും അറിയാത്ത ആളാണെന്ന്. അപ്പോൾ സച്ചി സാർ പറഞ്ഞത് നിങ്ങളൊന്നും പേടിക്കണ്ട. ഞാനുണ്ട്. ഞാൻ പറയുന്നപോലെ അഭിനയിച്ചാമതി എന്നായിരുന്നു. സാർ പറഞ്ഞപോലെ അഭിനയിച്ചു. പക്ഷേ, നമ്മൾ പടം എടുത്ത് ആറുമാസമാകുമ്പോഴേക്കും സാർ മരിച്ചു. മരിക്കുന്നതിന് മുമ്പത്തെ ദിവസം ഫോണിൽ വിളിച്ചിരുന്നുവെന്നും നഞ്മ്മ ഓർക്കുന്നു.
അന്ന്, ‘നഞ്ചമ്മച്ചേച്ചീ, ഞാനെന്തായാലും അട്ടപ്പാടിക്ക് വരും, കുടുംബത്തിനെയും കൂട്ടി. നിങ്ങളെ വീട്ടിൽ വന്നാൽ എന്ത് തരും.’ എന്നാണ് ചോദിച്ചതെന്നും, ‘സാറിന് തരാൻ വേണ്ടീട്ട് ഒന്നുമില്ല എന്റെ കൈയിൽ. ഞാൻ പുട്ടുണ്ടാക്കിത്തരാം. അല്ലെങ്കിൽ റാഗിക്കളി ഉണ്ടാക്കിത്തരാം. വാ സാറേന്ന്’- മറുപടി പറഞ്ഞെന്നും നഞ്ചമ്മ ഓർക്കുന്നു.
നഞ്ചമ്മയുടെ ഭർത്താവ് നഞ്ചപ്പൻ മരിച്ചിട്ട് പത്ത് വർഷമായി ഭർത്താവായിരുന്നു തന്റെ തണലും പിന്തുണയും എന്നും നഞ്ചമ്മ പറയുന്നുണ്ട്. പേരുപോലെതന്നെ ഞങ്ങൾടെ മനസ്സും ഒരുപോലായിരുന്നു. അത്രയും സ്‌നേഹമായിരുന്നു തമ്മിൽ. ഇന്നത്തെക്കാലത്ത് അങ്ങനൊന്നും ആരുമുണ്ടാവില്ല. ഞാൻ വീട്ടിൽ അടങ്ങിയിരിക്കുന്നതൊന്നും ഇഷ്ടമല്ലായിരുന്നു. എപ്പഴും എന്നോട് പറയും, നീ പോയി നാലുപേരെയൊക്കെ കണ്ടിട്ട് വാ എന്ന്.
അതോടെയാണ് അട്ടപ്പാടിയിൽ മാത്രം ഇരുന്നാൽപ്പോരാ. വെളിയിലൊക്കെ പോവണം എന്ന് തോന്നിയത്. കഴിഞ്ഞ പതിനഞ്ചുവർഷമായിട്ട് ഞങ്ങള് കുറേപ്പേര് ഗ്രൂപ്പായിട്ട് പാട്ടുപാടാൻ പോവും. പതിനാല് ജില്ലകളിലും പോയിട്ടുണ്ട്. നഞ്ചപ്പൻ പത്തുവർഷം മുമ്പ് മരിച്ചു. ഞങ്ങൾക്ക് രണ്ട് മക്കളാണ്. ഒരു മോനും ഒരു മോളും. രണ്ടാളെയും കുറച്ചൊക്കെ പഠിപ്പിച്ചു. ഇപ്പോൾ മോളും മരുമകനുമുണ്ട് എന്റൊപ്പം വീട്ടിൽ- നഞ്ചമ്മ ജീവിതം പറയുന്നു. അട്ടപ്പാടിയിലെ ആസാദ് കലാസംഘത്തിലെ അംഗമാണ് നഞ്ചമ്മ. 2010-ൽ സംസ്ഥാന ഫോക്ലോർ അവാർഡ് നേടിയിട്ടുമുണ്ട്.
മുമ്പ് തൊഴിലുറപ്പുപണിക്ക് പോയിരുന്ന നഞ്ചമ്മയ്ക്ക് ഇപ്പോൾ ജോലി കിട്ടാറില്ലെന്നതാണ് വിഷമം. സിനിമയിൽ വന്നതുകൊണ്ട് അവരെന്നെ ജോലിക്ക് എടുക്കില്ല. നീ പണിയെടുത്താൽ ഞങ്ങളെ പഞ്ചായത്തിലൊക്കെ ചീത്തപറയുമെന്ന് പറയും. അങ്ങനെ ആ പണിയും പോയി. പിന്നെ കണക്ക് പറഞ്ഞ് പൈസ വാങ്ങിയില്ലെങ്കിൽ എങ്ങനെ ജീവിക്കുമെന്നാണ് നഞ്ചമ്മ ചോദിക്കുന്നത്.
വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് വേൾഡ് മലയാളിയുടേത് അല്ല.