മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സോഷ്യൽ മീഡിയയിലൂടെ ആണ് സൗഭാഗ്യ ആരാധകരെ നേടിയെടുത്തത്. പ്രശ്സത നർത്തകിയും നടിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മയുടെ ശിഷ്യനും നർത്തകനുമായ അർജുൻ സോമശേഖരനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചിരിക്കുന്നത്.
2020 ലാണ് സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാവുന്നത്. അന്ന് മുതലിങ്ങോട്ട് സൗഭാഗ്യയും ഭർത്താവ് അർജുൻ സോമശേഖറും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോൾ ഇരുവരും ഒന്നിച്ച് ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുക ആണ്. മാത്രമല്ല തങ്ങളുടെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ സൗഭാഗ്യ പങ്കുവെക്കുന്നതും പതിവാണ്.
കഴിഞ്ഞ വർഷം സൗഭാഗ്യ ഒരു കുഞ്ഞിന് ജന്മം കൊടുത്തതോടെ മകളെ ചുറ്റിപ്പറ്റിയാണ് ഓരോ വീഡിയോസും വരാറുള്ളത്. ഇപ്പോഴിതാ താരം ഭർത്താവ് അർജുൻ സോമശേഖറിനൊപ്പം ടെലിവിഷൻ അഭിനയ രംഗത്തേക്ക് എത്തിയിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് ഉരുളയ്ക്ക് ഉപ്പേരി എന്നൊരു പരമ്പര അവതരിപ്പിക്കുന്നുണ്ട്. ഒപ്പം യൂട്യൂബ് ചാനലിലും സജീവമാണ്. അടുത്തിടെ സൗഭാഗ്യ കുടുംബസമേതം ജഗദീഷ് അവതാരകനായ പണം തരും പടം എന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു.
സൗഭാഗ്യയും അർജുനുമാണ് മത്സരിച്ചത്. മത്സരത്തിനിടെ സൗഭാഗ്യയുടെ പിതാവും നടനുമായ രാജാറാമിനെ കുറിച്ചും ചോദ്യം ഉയർന്നിരുന്നു. തുടർന്ന് പിതാവിന്റെ പിന്തുണയെ കുറിച്ചും അദ്ദേഹത്തിന്റെ വേർപാടിനെ പറ്റിയും താരപുത്രി സംസാരിക്കുകയും ചെയ്തു. ഒപ്പം തന്റെ മകൾ അച്ഛനായി പുനർജനിച്ചതാണെന്നും താരം സൗഭാഗ്യ വെങ്കിടേഷ് പറയുന്നു.
‘എനിക്ക് ആദ്യമായി ഉണ്ടായ റിലേഷൻഷിപ്പ് അഞ്ച് വർഷത്തോളം നീണ്ടുപോയതാണ്. എന്നാൽ അത് തകർന്നതോടെ എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായി അത് മാറി. ഇതോടെ ആ മോശം സമയം കഴിഞ്ഞു. ഇനി ജീവിതത്തിൽ നല്ല കാലമാണെന്ന് കരുതി ഇരിക്കുമ്പോഴാണ് അച്ഛൻ പെട്ടെന്ന് അങ്ങ് പോയത്.
മാനസികമായി തകർന്നിരിക്കുന്ന ആ സമയത്ത് തന്നെ അച്ഛനും പോയതോടെ എനിക്കത് ഉൾകൊള്ളാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അമ്മ കൂടെയുള്ളതാണ് എനിക്കേറ്റവും സഹായകമായത്. അതിൽ നിന്നും തിരിച്ച് കയറാൻ പറ്റിയെന്നും താരപുത്രി പറയുന്നു.
പിതാവിനെ കുറിച്ച് പറയുകയാണെങ്കിൽ അദ്ദേഹം നല്ലൊരു അച്ഛനായിരുന്നു. അദ്ദേഹത്തെ ബെസ്റ്റ് ഡാഡി എന്ന് പറയാം. കരിയറിലൊന്നുമല്ല അദ്ദേഹം മികച്ചുനിന്നത്. ഈ ലോകത്തെ ഏറ്റവും മികച്ച അച്ഛനെന്ന റോളിലാണെന്നും താരം പ്രശംസിച്ചു. ഞാൻ സുദർശനയ്ക്ക് ആഗ്രഹിച്ചതും അതുപോലൊരു ഡാഡിയെയാണ്. ദൈവം സഹായിച്ച് അങ്ങനെ തന്നെ ഒരാളെ കിട്ടിയെന്നും സൗഭാഗ്യ ഭർത്താവിനെ കുറിച്ച് പറയുന്നു.
അതേസമയം, രാജാറാമിനെ കുറിച്ചുള്ള ഓർമ്മകൾ തനിക്ക് പ്രചോദനമല്ല, വേദനയാണെന്ന് താരയും മറുപടിയായി പറഞ്ഞു. വലിയൊരു നഷ്ടബോധമാണ് തോന്നുന്നത്. കാരണം എനിക്ക് രാജൻ ചേട്ടനെ ഭയങ്കര ഇഷ്ടമായിരുന്നു. ഇങ്ങനെ ഒരാൾക്ക് മറ്റൊരാളെ സ്നേഹിക്കാൻ പറ്റുമോന്ന് അറിയില്ല. അത്രയ്ക്കും ഇഷ്ടമായിരുന്നു. രാജൻ ചേട്ടൻ തിരിച്ച് എന്നെ സ്നേഹിച്ചില്ലെന്ന പരാതി എനിക്കുണ്ട്. പക്ഷേ സൗഭാഗ്യയുടെ കുട്ടിയായി രാജൻ ചേട്ടൻ വന്നത് പോലെ തോന്നുന്നു. എന്നോട് വലിയ അടുപ്പമുണ്ട് മകൾക്ക്. അത് രാജൻ ചേട്ടന്റെ ആത്മാവ് ആയിരിക്കും’- എന്നും താര കല്യാൺ പറയുന്നു.
‘എന്നെ ഒരു അമ്പത് വയസ് വരെയേ കാണാൻ സാധിക്കുകയുള്ളുവെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ടായിരുന്നു. അമ്പത് വയസിന് ശേഷം എന്നെ ഫോട്ടോയായി കാണാമെന്ന് അച്ഛൻ പറയുമ്പോൾ അങ്ങനെ പറയല്ലേ, പറയുന്നത് പോലെ തന്നെ സത്യമായാലോ എന്ന് ഞാൻ ചോദിച്ചു. അത് സത്യമായാൽ നിന്റെ മകളായി ഞാൻ ജനിക്കുമെന്നും എനിക്കൊരു പെൺകുട്ടിയായി ജനിക്കാൻ ആഗ്രഹമുണ്ടെന്നും അച്ഛൻ പറഞ്ഞിട്ടുണ്ട്. ഗർഭിണിയായപ്പോഴും പെൺകുട്ടി തന്നെ ജനിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു’ -സൗഭാഗ്യ വ്യക്തമാക്കുന്നു.