ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന സിനിമയിൽ കൂടി എത്തിയ കുഞ്ചാക്കോ ബോബൻ പിന്നീടങ്ങോട്ട് മലയാള സിനിമയുടെ ഒരു ഭാഗമായി മാറുകയായിരുന്നു. അന്ന് കുഞ്ചാക്കോ ബോബൻ എന്ന യുവാവ് ഉണ്ടാക്കിയ തരംഗം ചില്ലറ അല്ലായിരുന്നു.
ഇടക്കാലത്ത് ഇടവേളയെടുത്ത് രണ്ടാം വരവ് ഗംഭീരമാക്കിയ താരം ചോക്ലേറ്റ് ഹീറോ പരിവേഷം അഴിച്ചുവെച്ച് വളരെ സൂക്ഷ്മതയോടെ ആഴമുള്ള കഥാപാത്രങ്ങൾ ഏറ്റെടുത്ത് ഫലിപ്പിക്കുന്നുണ്ട്. അതേസമയം ന്നാ താൻ കേസ് കൊട്, ഒറ്റ് തുടങ്ങി നിരവധി സിനിമകളാണ് ചാക്കോച്ചന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
മലയാളത്തിന്റെ എവർഗ്രീൻ കാമുകനായിരുന്നു ഒരിക്കൽ ചാക്കോച്ചൻ. നിരവധി പേർ അദ്ദേഹത്തെ വിവാഹം ചെയ്യണമെന്ന് വരെ ആഗ്രഹിച്ചിരുന്നെങ്കിലും ചാക്കോച്ചന്റെ ഹൃദയം കവർന്നത് പ്രിയ ആയിരുന്നു. താരജോഡികളിൽ മലയാളികൾക്ക് എക്കാലവും പ്രിയങ്കരായ ജോഡികളാണ് ചാക്കോച്ചനും പ്രിയയും. വൈകിയാണെങ്കിലും അവരുടെ ജീവിതത്തിന് പൂർണത നൽകികൊണ്ട് 2019ൽ ഇരുവർക്ക് ഒരു മകനും പിറന്നു. പ്രിയ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിനെ കുറിച്ച് ചാക്കോച്ചൻ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.
താരം വിവാഹം കഴിച്ചതോടെ നിരാശയിലായത് നിരവധി പെൺകുട്ടികളാണ്. പിന്നെയും കോളേജ് കുമാരിമാരുടെ പുസ്തകത്തിനിടയിലും ഹൃദയത്തിലും ആ മുഖം കുറെ കാലം ഉണ്ടായിരുന്നു. എന്തിന് അന്നത്തെ ആൺകുട്ടികൾക്ക് വരെ ചാക്കോച്ചൻ ഒരു റോൾ മോഡൽ ആയിരുന്നു. മോളിവുഡിന്റെ സ്വന്തം ചോക്ലേറ്റ് ബോയ്. നിരവധി ആരാധികമാരാണ് ചാക്കോച്ചനോടുള്ള സ്നേഹം അറിയിച്ച് കത്തുകൾ അയച്ചിരുന്നത്.
ഇപ്പോഴിതാ, പുതിയ സിനിമ ന്നാ താൻ കേസ് കൊട് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കുഞ്ചാക്കോ ബോബൻ എംത്രീഡിബി കഫേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇത്തരത്തിലുള്ള ആരാധകരുടെ സന്ദേശത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു സമയത്ത് മെസേജുകൾ വരുന്നത് കൂടിയപ്പോൾ താൻ ചിലപ്പോൾ ശ്രദ്ധിച്ചില്ലേൽ വഴി തെറ്റി പോയേക്കുമെന്ന് പ്രിയയോട് പറയുമായിരുന്നുവെന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നു.
‘ആളുകൾ എന്റെ ഈ മാറ്റം അംഗീകരിക്കാൻ സമയമെടുക്കുമെന്ന് ഉറപ്പായിരുന്നു. അതുവരെ ഉണ്ടായിരുന്ന ഇമേജിനെ ബ്രേക്ക് ചെയ്ത് മുന്നോട്ട് പോകേണ്ടത് എളുപ്പമല്ലെന്ന് അറിയാമായിരുന്നു. അതിനായി നന്നായി പരിശ്രമിക്കണം. കമ്മിറ്റ്‌മെന്റ് വേണം. അതോടൊപ്പം പാഷനും. ന്നാ താൻ കേസ് കൊട് ടീസർ ഇറങ്ങിക്കഴിഞ്ഞപ്പോൾ അതിൽ എന്നെ കണ്ടില്ലെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ ഒരു സുഖമുണ്ട്’- താരം സിനിമയിൽ നടത്തിയ മാറ്റത്തെ കുറിച്ച് വിശദീകരിച്ചതിങ്ങനെ.
‘ഇപ്പോൾ താരം എന്നതിൽ നിന്ന് മാറി ഒരു നടൻ എന്നതിലേക്ക് എത്താനായെന്നാണ് വിശ്വാസം. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഭരതനാട്യം പഠിച്ച് അരങ്ങേറ്റം നടത്തിയിട്ടുണ്ട്. അമ്മൂമ്മയുടെ നിർബന്ധം മൂലമായിരുന്നു അത്. പിന്നെ അത് വിട്ടു. ശേഷം കോളജിൽ ആയിരിക്കുമ്പോൾ ഡാൻസ് എൻജോയ് ചെയ്തിരുന്നു. ക്ലാസിക്കൊക്കെ മറന്നു. ബ്രേക് ഡാൻസിലായി പ്രിയം. അതാകാം സിനിമയിൽ ഡാൻസ് ചെയ്യുന്നതിന് തുണയായത്. ട്രെയിൻഡ് ഡാൻസറാണ് ഞാൻ. ഇനി ഡാൻസിന് പ്രാധാന്യമുള്ള ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്.’
ഇപ്പോൾ പ്രണയലേഖനങ്ങൾ ലഭിക്കാറുണ്ടോ എന്ന ചോദ്യത്തോടും താരം പ്രതികരിക്കുന്നുണ്ട്.’ഇപ്പോൾ എനിക്ക് പ്രേമ ലേഖനങ്ങൾ കിട്ടാറില്ല. അതൊക്കെ മാറിയില്ലേ. ഇപ്പോൾ നേരിട്ട് കോളുകളും വാട്ട്‌സാപ്പും മെസേജുമൊക്കെയാണ്.
രാമന്റെ ഏദൻ തോട്ടം റിലീസായ സമയത്ത് ഒരുപാട് വർഷങ്ങൾക്ക് ശേഷം ആ രീതിയിലുള്ള കുറെ മെസേജുകൾ എനിക്ക് വന്നിരുന്നു. അപ്പോൾ ഞാൻ പ്രിയയോട് പറഞ്ഞത് എന്നെയൊന്ന് ശ്രദ്ധിച്ചോണേ… ഞാൻ ചിലപ്പോ വഴി തെറ്റി പോകാൻ സാധ്യതയുണ്ട്..എന്നായിരുന്നു’ കുഞ്ചാക്കോ ബോബൻ പറയുന്നു.