മലയാളി കുടുംബ പ്രേക്ഷകരുടെ ഇടയിൽ തരംഗമായി മുന്നേറുന്ന പ്രിയപ്പെട്ട പരമ്പര ആണ് സാന്ത്വനം എന്ന സീരിയൽ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം തമിഴിലെ പാണ്ഡ്യൻ സ്റ്റോഴ്‌സ് എന്ന പരമ്പരയുടെ മലയാളം റീമേക്ക് ആണ്.
മലയാളത്തിന്റെ പ്രിയങ്കരിയായ നടി ചിപ്പി രഞ്ജിത്ത് ആണ് ഈ പരമ്പര നിർമ്മിക്കുന്നതും ഇതിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നതും. കുടുംബ അംഗങ്ങൾ തമ്മിലുള്ള സ്‌നേഹം തന്നെയാണ് സാന്ത്വനം സീരിയലിന്റെ ഹൈലൈറ്റ്.
ഈ പരമ്പരയിൽ പ്രാധാന്യം ഉള്ള ഒരു കഥാപാത്രമാണ് അപർണ്ണ എന്ന അപ്പു. നടി രക്ഷാ രാജ് ആണ് അപർണ്ണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമ സീരിയൽ രംഗത്തെ പ്രമുഖ താരമായ ചിപ്പിക്ക് ഒപ്പം ആണ് രക്ഷ രാജ് സീരിയലിൽ അഭിനയിക്കുന്നത്.
സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെ ആണ് രക്ഷ അഭിനയ രംഗത്തേക്ക് എത്തുന്നത്. ഈ സീരിയൽ ഹിറ്റ് ആയിരുന്നു. രക്ഷ അവതരിപ്പിച്ച സോഫി എന്ന കഥാപാത്രത്തെയും ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു.
ഈ സീരിയലിലെ അഭിനയം കണ്ടാണ് സാന്ത്വനത്തിലേക്ക് താരത്തിന് അവസരം ലഭിക്കുന്നത്. 2020 മുതൽ തന്നെ സാന്ത്വനത്തിൽ രക്ഷ അഭിനയിക്കുന്നുണ്ട്. തുടക്കത്തിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രം ആയിരുന്നെങ്കിലും ഇപ്പോൾ പോസിറ്റീവ് ആയാണ് കഥാപാത്രം നിലകൊള്ളുന്നത്.
കുറച്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സാന്ത്വനം സീരിയൽ ആണ് രക്ഷയ്ക്ക് വലിയൊരു ബ്രേക്ക് നൽകിയത്. അടുത്തിടെ ആണ് രക്ഷാ രാജാ വിവാഹിതയായത്. അർക്കജ് എന്നാണ് വരന്റെ പേര്. ഐടി പ്രൊഫഷണൽ ആണ് അർക്കജ്. ഏപ്രിൽ 25ന് കോഴിക്കോട് വെച്ചാണ് വിവാഹം നടന്നത്. സാന്ത്വനം സീരിയലിന്റെ മുഴുവൻ ക്രൂവും വിവാഹത്തിൽ പങ്കെടുത്തിരുന്നു.
വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തു. ഏറെ വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ പ്രണയകഥ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
അർക്കജ് തന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു എന്നും ജീവിതത്തിലെ പല വിഷമ സന്ധികളിലും കൂടെ നിന്നിട്ടുണ്ടെന്നും പതിയെ പതിയെ സൗഹൃദം പ്രണയത്തിലേക്ക് നീങ്ങുകയായിരുന്നുവെന്നും രക്ഷ പറയുന്നു. എന്തും തുറന്നു പറയാൻ സാധിക്കുന്ന സൗഹൃദം ഇരുവർക്കും ഇടയിൽ ഉണ്ടായിരുന്നു.രക്ഷയുടെ അച്ഛന് ഒരു അപകടം സംഭവിച്ച സാഹചര്യത്തിൽ എല്ലാ സഹായത്തിനും അർക്കജ് ഓടിയെത്തിയിരുന്നു.
വിവാഹ പ്രായമായപ്പോൾ വീട്ടുകാരോട് ഇക്കാര്യം തുറന്നു പറയുകയും സമ്മതം ലഭിക്കുകയും ചെയ്തു. വളരെ നല്ലൊരു കേൾവിക്കാരൻ ആണ് അർക്കജ് എന്ന് രക്ഷ പറയുന്നു. ഒപ്പം വലിയ സിനിമ പ്രേമിയുമാണ്. മികച്ച സിനിമകൾ കാണുമ്പോൾ തനിക്ക് സജസ്റ്റ് ചെയ്യാറുണ്ടെന്നും ഇടയ്ക്ക് സാന്ത്വനം സീരിയലിന്റെ സെറ്റിൽ ഷൂട്ടിംഗ് കാണാനായി അർക്കജ് വരാറുണ്ടെന്നും രക്ഷ പറഞ്ഞു.
ചിപ്പി അടക്കമുള്ള ആർട്ടിസ്റ്റുകളോട് അർക്കജ് വളരെ സൗഹൃദത്തിലാണ് ഇടപെടാറുള്ളതെന്നും രക്ഷ കൂട്ടിച്ചേർത്തു. വിവാഹശേഷം പിണക്കങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് വിവാഹം കഴിഞ്ഞിട്ട് രണ്ടുമാസം അല്ലേ ആയുള്ളൂ എന്നും അടിയൊന്നും ഇതുവരെ നടന്നിട്ടില്ലെന്നും രക്ഷ രാജ് വ്യക്തമാക്കുന്നു.