ബിഗ്‌ബോസ മലയാളം നാലാം സീസൺ വിജയിയായി പുറത്തിറങ്ങിയത് മുതൽ ദിൽഷ പ്രസന്നൻ നിരവധി വിമർശനങ്ങളാണ് നേരിടുന്നത്. താരത്തിന്റെ വിജയം ഡോ. റോബിന്റെ ഫാൻസിനെ കൂട്ടുപിടിച്ചും ബ്ലെസ്ലിയെ മോശക്കാരനാക്കി ചിത്രീകരിച്ചും ആണെന്ന വിമർശനമാണ് ഉണ്ടായത്. ഇപ്പോഴിതാ റോബിനും ബ്ലെസ്ലിയും തന്നെ തട്ടിക്കളിക്കുകയാണെന്നും ഇനി അവരുമായി വ്യക്തിപരമായി ഒരു ബന്ധവും വച്ചുപുലർത്താൻ താത്പര്യമില്ലെന്നും പറഞ്ഞ് ദിൽഷ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ദിൽഷ ഇന്നലെ ഇൻസ്റ്റഗ്രാം വീഡിയോയിൽ നടത്തിയ തുറന്നു പറച്ചിൽ ചർച്ചയാവുന്നതിനിടെ റോബിനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസിലെ മത്സരാർഥി ആയിരുന്ന നിമിഷ. റോബിനും ബ്ലെസ്ലിയും തന്നെ തട്ടിക്കളിക്കുകയാണെന്നും ഇനി അവരുമായി വ്യക്തിപരമായി ഒരു ബന്ധവും വച്ചുപുലർത്താൻ താത്പര്യമില്ലെന്നുമാണ് ദിൽഷ വീഡിയോയിൽ പറഞ്ഞത്.
അതേസമയം, നീ ഇതിനേക്കാൾ നല്ലത് അർഹിക്കുന്നു റോബിൻ എന്നാണ് നിമിഷ കുറിച്ചിരിക്കുന്നത്. റോബിനൊപ്പമുള്ള ചിത്രവും നിമിഷ പങ്കുവച്ചിട്ടുണ്ട്. എന്തൊക്കെയാണ് ഇന്നലെ രാത്രി കൊണ്ട് ഇവിടെ സംഭവിച്ചത്. ഒരുപാട് കാര്യങ്ങൾ നടന്നു. ദിൽഷയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. ആരും ആരേയും പ്രഷർ ചെയ്ത് ഒരു റിലേഷൻഷിപ്പിലേക്കോ ഒരു വിവാഹത്തിലേക്കോ കൊണ്ടുപോകാൻ പാടില്ല. ഡോ. റോബിൻ എന്റെ സുഹൃത്താണ്. അദ്ദേഹത്തിന്റെ ഈ വിഷമാവസ്ഥയിൽ കൂടെ നിൽക്കുന്നു. റോബിനൊപ്പം നിൽക്കുന്നു എന്നും നിമിഷ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചു.
സൈബർ ആക്രമണത്തെ കുറിച്ചും താരം പ്രതികരിക്കുന്നുണ്ട്. പിന്നെ റിയാസിനും ജാസ്മിനും എനിക്കും ഇതിനേക്കാൾ കൂടുതൽ സൈബർ ആക്രമണങ്ങൾ കിട്ടിയിട്ടുണ്ട്. പക്ഷേ ഞങ്ങൾ ഇവിടെ ഇരുന്ന് പൊട്ടിക്കരയുകയൊന്നും ചെയ്തിട്ടില്ല. ഞാൻ ഔട്ടായി വന്നപ്പോൾ കുറേ പേർ എന്നോട് പറഞ്ഞു, ജാസ്മിൻ കാരണമാണ് നീ ഔട്ടായത്. ജാസ്മിനെ ഒരു പാഠം പഠിപ്പിക്കാനാണ് നിന്നെ ഔട്ടാക്കി വിട്ടതെന്നൊക്കെ.
പക്ഷേ ഞാൻ അതൊന്നും സീരിസായി എടുത്തിട്ടില്ല. എനിക്കറിയാം എനിക്ക് ജാസ്മിനോട് എത്രമാത്രം സ്‌നേഹവും ബഹുമാനവും ഉണ്ടെന്ന്. ഞങ്ങളുടെ സൗഹൃദം എത്രമാത്രം ആഴമേറിയതും സത്യവുമാണെന്ന് ഞങ്ങൾക്കറിയാം. അത് ഒരു വീഡിയോയിൽ കട്ട് ചെയ്ത് ഇടാവുന്നതല്ല. മലയാളികളേ ഉണ്ടക്കണ്ണ് തുറന്നു നോക്കൂ. ഷോയിലെ റിയലായ മനുഷ്യർ, ഞങ്ങൾ ഇത് നേരത്തേ പറഞ്ഞതാണ്. പക്ഷേ ആരും കേട്ടില്ല. ആരോട് പറയാൻ ആര് കേൾക്കാൻ. ഉണ്ടക്കണ്ണ് തുറന്നു നോക്കൂ സുഹൃത്തേ എന്നൊക്കെയാണ് നിമിഷയുടെ വാക്കുകൾ.
അതേസമയം, ഇന്നലെ ദിൽഷ സോഷ്യൽമീഡിയയിലൂടെയാണ് റോബിനും ബ്ലെസ്ലിക്കും എതിരെ രംഗത്തെത്തിയത്. റോബിനോട് തനിക്ക് ഒരു ചെറിയ ഇഷ്ടമുണ്ടെന്നും പക്ഷേ അത് പ്രണയമാണോ എന്ന് അറിയില്ലെന്നും ദിൽഷ ഇന്നലെ പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരുന്നു. ഡോക്‌റോട് തീരുമാനം എടുക്കാനും മനസിലാക്കാനും സമയം ചോദിച്ചിട്ടുണ്ടെന്നും ദിൽഷ വീഡിയോയിൽ പറഞ്ഞു.
‘റോബിനേയും ബ്ലെസ്ലിയേയും ഇല്ലാതാക്കി ട്രോഫിയുമായി വന്ന് നിൽക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. 50 ലക്ഷത്തിലും ട്രോഫിയിലും മയങ്ങുന്ന ആളല്ല ഞാൻ’, ഡോക്ടറും ബ്ലെസ്ലിയുമായുള്ള എല്ലാ റിലേഷൻഷിപ്പും ഞാൻ ഇവിടെ നിർത്തുകയാണെന്നും ദിൽഷ വീഡിയോയിലൂടെ പറഞ്ഞിരുന്നു.
ഈ വാക്കുകൾക്ക് ‘സന്തോഷമായിരിക്കൂ ദിൽഷ, നിന്നോട് ബഹുമാനം മാത്രം. നിന്റെ എല്ലാ സ്വപ്നങ്ങളും പൂവണിയട്ടേ. അതുപോലെ തന്നെ എനിക്ക് തന്ന സപ്പോർട്ടിനും നല്ല നിമിഷങ്ങൾക്കും നന്ദി’- എന്നാണ് റോബിന്റെ കുറിപ്പിൽ പറയുന്നത്.