ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ബാബു ആൻറണി. വില്ലനായാണ് കൂടുതലും സിനിമകളിൽ പ്രത്യക്ഷപ്പെടുന്നതെങ്കിലും ബാബു ആന്റണി എന്ന കേട്ടാൽ മലയാളിയ്ക്ക് എന്നും ഒരു കോരിത്തരിപ്പ് ആണ്. ഭരതൻറെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ വൈശാലിയിലെ ലോമാപത മഹാരാജാവിന്റെ വേഷം ബാബു ആൻറണിയെ മലയാള സിനിമയിലെ സജീവ സാന്നിധ്യമാക്കി മാറ്റുകയായിരുന്നു.
പിന്നീട് അങ്ങോട്ട് അദ്ദേഹത്തിന്റെ തേരോട്ടം തന്നെ ആയിരുന്നു. മലയാളത്തിലെ ആക്ഷൻ കിംഗ് എന്ന പേരിൽ ബാബു ആൻറണി നിറഞ്ഞു നിന്നു. ഇപ്പോഴിതാ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാറിലൂടെ വീണ്ടും ചലചിത്ര ലോകത്തേക്ക് തിരികെ എത്തുകയാണ് താരം.
അടുത്തിടെ പുറത്തിറങ്ങിയ അഭിമുഖത്തിൽ തന്റെ കരിയറിനെ കുറിച്ചും അമേരിക്കയിലേക്ക് പറിച്ചനടപ്പെട്ടതിനെ കുറിച്ചും സിനിമയിൽ എത്തിയ കാലത്തെ കുറിച്ചും എല്ലാം താരം മനസ്സ് തുറന്നിരുന്നു. മലയാളത്തിൽ തിളങ്ങി നിൽക്കുന്ന കാലത്താണ് അമേരിക്കയിലേക്ക് നടൻ പോവുന്നത്. പിന്നീട് വിവാഹിതനായി അവിടെ തന്നെ ജീവിതം ആരംഭിക്കുകയായിരുന്നു. ഇപ്പോൾ അമേരിക്കൻ പൗരത്വമുള്ള കുടുംബമാണ് താരത്തിന്റേത്.
സിനിമയിൽ നിന്നും ഇത്രനാളും ബ്രേക്ക് എടുത്തത് എന്തിനാണ് എന്നാണ് ആരാധകർക്ക് എല്ലാം അറിയേണ്ടത്. അമേരിക്കയിലേക്ക് പോവാനുണ്ടായ സാഹചര്യം വിശദീകരിച്ചിരിക്കുകയാണ് താരമിപ്പോൾ. സിനിമയിലെ തിരക്കേറിയ കാലത്തുണ്ടായ ചില പ്രതിസന്ധികളിൽ ഒപ്പം നിൽക്കാൻ ആരും ഇല്ലാത്ത സ്ഥിതി വന്നു. പിന്നിൽ നിന്ന് തള്ളി വീഴ്ത്താൻ ആരൊക്കെയോ ശ്രമിക്കുന്നത് പോലെ തോന്നി. ഒഴുക്കിന് അനുസരിച്ച് നീന്തുക എന്ന ഫിലോസഫി പിന്തുടരുന്ന ആളാണ് ഞാൻ. ആ ഒഴുക്ക് തടസപ്പെട്ടപ്പോൾ ഒന്ന് വഴി തിരിഞ്ഞു. അങ്ങനെയാണ് അമേരിക്കയിലേക്ക് പോയി പുതിയൊരു ജീവിതം തുടങ്ങിയതെന്നാണ് ബാബു ആന്റണി വെളിപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയിൽ മിക്സ് മാർഷ്യൽ ആർട്സ് പരിശീലിപ്പിക്കാൻ തുടങ്ങിയെന്നും താരം പറയുന്നു. ഇതിനിടെ, തന്റെ സഹോദരൻ അവിടൊരു ഓൾഡ് ഏജ് ഹോം നടത്തിയിരുന്നു. അവിടുത്തെ ക്രിസ്തുമസ് ആഘോഷത്തിന് പിയാനോ വായിക്കാൻ ഒരു റഷ്യൻ പെൺകുട്ടി വന്നു. അവളോട് ക്രഷ് തോന്നി. ഡേറ്റ് ചെയ്തു. അവളിവിടെ പൊൻകുന്നത്തേക്ക് വന്നു. ഒടുവിൽ ഏറെക്കാലം കഴിയും മുൻപെ ഞങ്ങൾ വിവാഹിതരായി.
യുഎസിലും മോസ്‌കോയിലും ഒക്കെ വിവാഹം ചെയ്ത് കറങ്ങിയെന്നും ആ യാത്രയ്ക്കിടയിൽ കുടുംബം വലുതായെന്നും താരം വെളിപ്പെടുത്തുന്നു. മൂത്തമകൻ ആർതർ മോസ്‌കോയിലും ഇളയവൻ അലക്സ് പൊൻകുന്നത്തുമാണ് ജനിച്ചത്.
ഇത്തവണ കേരളത്തിലേക്കുള്ള തിരിച്ചുവരവിൽ ബാബു ആന്റണിയുടെ കൂടെ ഭാര്യ ഇവാഗെനിയയും മക്കൾ ആർതറും അലക്സും ഉണ്ട്. അവധിക്കാലം കഴിഞ്ഞാൽ അമ്മയും മക്കളും അമേരിക്കയിലേക്ക് പോകാനിരിക്കുകയാണ്. ഇവാഗെനിയയുടെഅച്ഛനും അമ്മയുമൊക്കെ മോസ്‌കോയിലാണ്. യുദ്ധവും മറ്റ് പ്രശ്നങ്ങളും കാരണം അങ്ങോട്ട് പോയിട്ട് കുറേയായെന്നും താരം പറയുന്നു.
ഇതിനിഡയിൽ പലപ്പോഴും സിനിമയിലേക്ക് തിരിച്ച് വരാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അവസരം കിട്ടിയില്ലെന്നാണ് ബാബു ആന്റണിയുടെ മറുപടി. പണ്ട് ചങ്ങാത്തം ഉണ്ടായിരുന്ന സംവിധായകരെ വിളിച്ച് ചാൻസ് ചോദിച്ചിട്ടുണ്ട്. പക്ഷേ അടുപ്പത്തിന്റെ പേരിൽ ആരിൽ നിന്നും സഹായം ഉണ്ടായിട്ടില്ല. തിരിച്ച് വരവിൽ ചെയ്ത ബ്ലാക്ക്, ഇടുക്കി ഗോൾഡ് തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ തനിക്ക് മറക്കാനാവില്ലെന്നും നടൻ പറയുന്നു.