മലയാള സിനിമയിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമയിൽ വളരെ പെട്ടെന്ന് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് ഹരിഷ് പേരടി. വില്ലനായിലെ ക്യാരക്ടർ വേഷമായാലും അച്ഛൻ ആയാലും ഏത് തരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ച കലാകാരനാണ് ഹരീഷ് പേരടി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലൈഫ് ഓഫ് ജോസൂട്ടി, ഞാൻ, വർഷം, വിശുദ്ധൻ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഹരീഷ് അവതരിപ്പിച്ചത്.
മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും ഹരീഷ് പേരടി തന്റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. നാടകത്തിൽ നിന്നുമാണ് ഈ കലാകാരൻ വെള്ളിത്തിരയിലേക്ക് എത്തിയത്. ഹിറ്റ് മേക്കർ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ഹ്രസ്വചിത്രത്തിലാണ് ഹരീഷ് പേരടി ഇപ്പോൾ അഭിനയിക്കുന്നത്. നടൻ മോഹൻലാലിന് ഒപ്പം അഭിനയിക്കാൻ അവസരം ലഭിച്ച താരം അതിന്റെ സന്തോഷം പങ്കുവെക്കുകയാണ്.
തന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു ഹരീഷ് പേരടിയുടെ വെളിപ്പെടുത്തൽ. അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിച്ചാലും മാറ്റിനിർത്താത്ത ആളാണ് മോഹൻലാൽ എന്ന് ഹരീഷ് പേരടി കുറിയ്ക്കുന്നു. അഭിനയത്തിൽ മാത്രമല്ല മനുഷ്യത്വത്തിലും മോഹൻലാൽ വിസ്മയാകുന്നു എന്നും ഹരീഷ് പേരടി കുറിക്കുന്നു.
Also Read
കോരിച്ചൊരിയുന്ന മഴയത്ത് കുത്തിയൊലിക്കുന്ന പുഴയിൽ ഒറ്റയ്ക്ക് ചങ്ങാടം തുഴഞ്ഞ് മോഹൻലാൽ; വൈറലായി വീഡിയോ
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
എത്ര നമ്മൾ കൂടെ നിന്നാലും ചില അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിച്ചാൽ മാറ്റിനിർത്താൻ കാരണങ്ങൾ കണ്ടെത്തുന്ന ഈ കാലത്ത് അഭിപ്രായ വ്യത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രീയവുമാണെന്ന പൂർണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേർത്തുനിർത്തുമ്പോൾ ലാലേട്ടൻ യഥാർത്ഥ വിസ്മയമാകുന്നു. അഭിനയത്തിൽ മാത്രമല്ല മനുഷ്യത്വത്തിലും.
തട്ടിയും ഉരുമ്മിയും ഞങ്ങൾ ഇനിയും മുന്നോട്ടുപോകും ഓളവും തീരവും പോലെ എന്നായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്. മലയാള സിനിമയെ സ്റ്റുഡിയോ ഫ്ളോറുകളിൽ നിന്ന് ഔട്ട്ഡോറിലേക്ക് നയിച്ച ചിത്രമെന്ന് പേരുകേട്ട സിനിമയാണ് പിഎൻ മേനോന്റെ സംവിധാനത്തിൽ 1970 ൽ പുറത്തിറങ്ങിയ ഓളവും തീരവും. മലയാള സിനിമയിലെ റിയലിസത്തിന് നാന്ദി കുറിച്ച ചിത്രമാണ് ഇത്.
രചന എം ടി വാസുദേവൻ നായരുടേത് ആയിരുന്നു. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് മേക്കിങ്ങ് മൂവിയായ ഓളവും തീരവും പ്രദർശനത്തിനെത്തിയിട്ട് അമ്പത് വർഷങ്ങൾ പിന്നിടുമ്പോൾ അതിന്റെ അണിയറ പ്രവർത്തകർക്കുള്ള ആദരമെന്ന നിലയ്ക്കാണ് പ്രിയദർശനും സംഘവും ഓളവും തീരവും പുനഃസൃഷ്ടിക്കുന്നത്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനു ശേഷം മോഹൻലാൽ പ്രിയദർശൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ദുർഗ്ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ഹരീഷ് പേരടി, മാമുക്കോയ എന്നിവരും ചിത്രത്തിലുണ്ട്. തൊമ്മൻകുത്ത്, കാഞ്ഞാർ, തൊടുപുഴ എന്നിവിടങ്ങളിലാണ് ഓളവും തീരവും എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. ഓളവും തീരവും ഒറിജിനലിൽ ‘ബാപ്പുട്ടി’ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മധുവാണെങ്കിൽ പുരനാഖ്യാനത്തിൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹൻലാൽ ആണ്.
എംടി പ്രിയദർശൻ മോഹൻലാൽ എന്ന കൗതുകമുണർത്തുന്ന കോമ്പിനേഷൻ കൂടിയാണ് ഇത്. എംടി വാസുദേവൻ നായരുടെ പത്ത് ചെറുകഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജിയിലെ ഒരു ചിത്രമാണ് ഓളവും തീരവും. സന്തോഷ് ശിവൻ ഛായാഗ്രഹണവും സാബു സിറിൾ കലാസംവിധാനവും നിർവ്വഹിക്കുന്നു. ന്യൂസ് വാല്യു പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമ്മിക്കുന്നത്.