തടിച്ച ശരീരപ്രകൃതിയായതുകൊണ്ട് നേരിടുന്ന ബോഡി ഷെയിമിങ്ങിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ട്രാവൽ- ഫുഡ് വ്ളോഗർമാരായ സുജിത് ഭക്തനും ഭാര്യ ശ്വേത പ്രഭുവും. ഇരുവരും പോസ്റ്റ് ചെയ്യുന്ന വീഡിയോകളിൽ ശ്വേതക്കെതിരെ നടക്കുന്ന ബോഡി ഷെയിമിങിനെ കുറിച്ചാണ് ഇപ്പോൾ പ്രതികരണമുണ്ടായിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ഇത്തരം കമന്റുകളോടാണ് രണ്ടുപേരും പ്രതികരിച്ചിരിക്കുന്നത്.
ഇരുവരും തങ്ങളുടെ ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്താണ് പ്രതികരണം അറിയിച്ചിരിക്കുന്നത്. ”എന്റെ ഭാര്യ തടിച്ചിയാണ്. എന്റെ ഭാര്യക്ക് വണ്ണമുണ്ട്. എനിക്കും വണ്ണമുണ്ട്, അത്യാവശ്യം കുടവയറുണ്ട്. എന്റെ അനിയനും വണ്ണമുണ്ട്, വീട്ടിൽ എല്ലാവർക്കും വണ്ണമുണ്ട്. എന്റെ ഭാര്യക്ക് വണ്ണമുള്ളത് ഞാൻ സഹിച്ചോളാം. പക്ഷെ അത് സഹിക്കാൻ പറ്റാത്ത കുറേ ആൾക്കാരുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി അത് വലിയ പ്രശ്നമാണ്. ഞങ്ങളുടെ കല്യാണം കഴിഞ്ഞത് മുതൽ തുടങ്ങിയതാണ്.”-ദുരനുഭവതിതെ കുറിച്ച് സുജിത്ത് പറയുന്നു.
ഈയിടെ ഞങ്ങൾ യാത്ര തുടങ്ങിയത് മുതൽ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ബോഡി ഷെയിമിങ്. തൈറോയ്ഡിന്റെ പ്രശ്നങ്ങൾ കാരണം ശരീരം വണ്ണം വെക്കും. ശ്വേതക്ക് തൈറോയ്ഡിന്റെ പ്രശ്നമുണ്ട്. അത് കൺട്രോൾ ചെയ്യാൻ മരുന്നുകൾ കഴിക്കുന്നുണ്ട്. ശ്വേതയെ ടാർഗറ്റ് ചെയ്ത് ധാരാളം കമന്റുകൾ വരുന്നുണ്ട്. സ്ത്രീകളാണ് കൂടുതൽ കമന്റിടുന്നതെന്നും ഇവർ പറയുന്നു.
‘എനിക്ക് ശരിക്കും മനസിലാവുന്നില്ല, ശരിക്കും ആളുകളുടെ പ്രശ്നം എന്താണെന്ന്. ഒരു സ്ത്രീക്ക് പ്രസവത്തിന് ശേഷം അവരുടെ ശരീരത്തിലുണ്ടാകുന്ന ഹോർമോണൽ ചേഞ്ചസും ബാക്കിയുള്ള മാറ്റങ്ങളും സ്വന്തം അമ്മയും പെങ്ങളും ഭാര്യയും ആരാണെന്ന് മനസിലാവുന്ന ആൾക്കാർക്ക് മാത്രമേ മനസിലാക്കാൻ പറ്റുകയുള്ളൂ.’- താരങ്ങൾ പ്രതികരിക്കുന്നു.
ഹെൽത്ത് വൈസ് തടിയുള്ളവർക്ക് പ്രശ്നങ്ങളുണ്ടാകാം. ആരോഗ്യ ബുദ്ധിമുട്ടുകളുണ്ടാവാം. തടിയില്ലാത്തവർക്കെന്താ ആരോഗ്യ പ്രശ്നങ്ങളുണ്ടാവില്ലേ. ഫുൾടൈം ജിമ്മിൽ പോയി ഫിറ്റായി നടക്കുന്ന ആളുകൾ ഹാർട്ട് അറ്റാക്ക് വന്ന് മരിക്കുന്നില്ലേയെന്നും ഇവർ ചോദിക്കുന്നു.
ഓരോരുത്തരുടെ ലൈഫ് സ്‌റ്റൈലും കാര്യങ്ങളും ശരീരത്തെ ഒരു പരിധി വരെ ബാധിക്കും. എനിക്കിത്ര കുടവയർ വന്നത് യാത്രകൾ ചെയ്തുതുടങ്ങിയ സമയത്താണ്. ഞാൻ പണ്ട് മെലിഞ്ഞിരുന്ന വ്യക്തിയാണ്. ലൈഫ്സ്‌റ്റൈലിൽ വന്ന മാറ്റമാണ് കുടവയറിന് കാരണം. എന്നാൽ, ശ്വേത അങ്ങനെയല്ല. ശ്വേത ചെറുപ്പം മുതൽ ഇങ്ങനെയാണെന്നും സുജിത്ത് വിശദീകരിക്കുന്നുണ്ട്.
‘ചില ആളുകൾ ചെറുപ്പം മുതൽ ചബ്ബിയായിരിക്കും, അത് നമ്മൾ ആക്സപ്ട് ചെയ്യണം. ശ്വേതയുടെ വണ്ണം ഒരിക്കലും ഭക്ഷണം കഴിച്ചിട്ടല്ല. വെളുത്തവൻ കറുത്തവനെ കളിയാക്കുന്നു, മെലിഞ്ഞാൽ പ്രശ്നം, തടിച്ചാൽ പ്രശ്നം, എന്താണ് നിങ്ങളുടെയൊക്കെ പ്രശ്നം. ഇതൊക്കെ ശരിക്കും മോശമാണ്. സ്വന്തം ശരീരം തുണിയുരിഞ്ഞ് കണ്ണാടിയിൽ നോക്കിയിട്ട് വേണം അങ്ങനെ കമന്റ് ചെയ്യുന്നവർ ഇനി കമന്റ് ചെയ്യാൻ. നിങ്ങൾ അത്ര ഫിറ്റാണോ എന്ന് നോക്കിയിട്ട് വേണം കമന്റ് ചെയ്യാൻ,”- സുജിത് പൊട്ടിത്തെറിച്ചതിങ്ങനെ.
”ഈ നാട്ടിൽ തടിയുള്ള ഒരാൾക്ക് ജീവിക്കാൻ പറ്റില്ലേ. എനിക്ക് അറിയാത്തതുകൊണ്ട് ചോദിക്കുകയാണ്. ചിലർ ജന്മം കൊണ്ട് തടി വെക്കും, ചിലർ മെലിഞ്ഞ് എലുമ്പന്മാരെ പോലിരിക്കും. എലുമ്പന്മാരെ നിങ്ങൾ എലുമ്പന്മാർ എന്ന് വിളിക്കുമോ, തടിച്ചികളെ തടിച്ചി എന്ന് വിളിക്കുമോ. അപ്പൊ സാധാരണ പോലുള്ള ആളുകൾക്ക് മാത്രമേ ഇവിടെ ജീവിക്കാൻ പാടുള്ളൂ എന്നാണോ. എനിക്കിപ്പോൾ ആൾക്കാരോട് പുച്ഛമാണ്. ഐ ഡോണ്ട് കെയർ. കാരണം, ഞാൻ വണ്ണം വെക്കുന്നതിന്റെ കാരണമെന്താണെന്ന് എനിക്കറിയാം. എന്തുകൊണ്ടാണ് വണ്ണമുള്ളതെന്നും എനിക്കറിയാം. എനിക്കതിൽ പ്രശ്നമില്ലെങ്കിൽ നിങ്ങൾക്കെന്താണ് പ്രശ്നം. ‘- ശ്വേത ചോദ്യം ചെയ്യുന്നു.
‘ഒരാൾക്ക് ജീവിക്കണ്ടേ. തടിച്ചവർക്ക് മാത്രമല്ല, മെലിഞ്ഞ് ഈർക്കിലി പോലുള്ള ആൾക്കാർക്കും ഈ നാട്ടിൽ ജീവിക്കണ്ടേ. ഭയങ്കര സെക്സി ടൈപ്പിൽ ബോഡിയുള്ള ആൾക്കാർക്ക് മാത്രമേ ഈ നാട്ടിൽ ജീവിക്കാൻ പാടുള്ളൂ എന്നുണ്ടോ. നമ്മുടെ ചാനലിൽ മാത്രമല്ല, സോഷ്യൽ മീഡിയയിൽ കുറേയിടത്ത് ഞാൻ ഇത് കണ്ടിട്ടുണ്ട്,’- ശ്വേതയുടെ വാക്കുകൾ ഇങ്ങനെ.