ഒരുകാലത്ത് മലയാള സിനിമയുടെ മുഖമുദ്ര തന്നെ ആയിരുന്നു ബാലചന്ദ്ര മേനോൻ എന്ന കലാകാരൻ. ഒരേ സമയം നായകനായും സംവിധായകനായും അദ്ദേഹം മലയാള സിനിമയെ ഞെട്ടിച്ചിരുന്നു. കുടുംബ പശ്ചാത്തലത്തിൽ സരസമായ നർമ്മത്തിൽ ചാലിച്ച് ജീവിതഗന്ധിയായ സിനിമകൾ ആയിരുന്നു അദ്ദേഹം ഒരുക്കിയതിൽ ഏറെയും.
തെന്നിന്ത്യൻ സിനിമയിൽ തന്നെ സൂപ്പർ നടികളായി മാറിയ ഒരു പിടി നായികമാരേയും അദ്ദേഹം സിനിമാലോകത്തിന് സമ്മാനിച്ചിരുന്നു. ശോഭന, പാർവ്വതി, ആനി, നന്ദിനി, തുടങ്ങിയവരെല്ലാം ബാലചന്ദ്രമേനോന്റെ കണ്ടെത്തലുകൾ ആയിരുന്നു.
ഇപ്പോൾ സംവിധാന രംഗത്ത് അത്ര സജീവമല്ലാത്ത അദ്ദേഹം അഭിനയരംഗത്ത് നിറ സാന്നിധ്യമാണ്. സ്വഭാവ നടനായും അച്ഛൻ വേഷത്തിലും ഒക്കെ തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. അതേസമയം, ഈ കഴിഞ്ഞ മേയ് പന്ത്രണ്ടിന് ബാലചന്ദ്ര മേനോനും ഭാര്യ വരദയും അവരുടെ നാൽപതാമത് വിവാഹ വാർഷികം ആഘോഷിച്ചിരുന്നു. നീണ്ടകാലത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ച് അഭിമാനത്തോടെയാണ് അദ്ദേഹം പറഞ്ഞത്.
പിന്നീടിപ്പോഴിതാ ഭാര്യ വരദയെ ആദ്യമായി കണ്ടതെവിടെ വെച്ചാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബാലചന്ദ്ര മേനോൻ. സിനിമാ ചിത്രീകരണത്തിന് പോയപ്പോൾ താമസിച്ച ഹോട്ടലിൽ വെച്ചാണ് വരദയെ ആദ്യമായി കണ്ടതെന്നും ആദ്യ കാഴ്ചയിൽ തന്നെ വരദയോട് പ്രണയം തോന്നിയിരുന്നെന്നും താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
പിന്നീട് ഒട്ടുമ താമസിക്കാതെ തന്നെ വരദയുടെ വീട്ടിലെത്തി വിവാഹം ആലോചിച്ച് ഉറപ്പിക്കുകയായിരുന്നു. അന്ന് ഹോട്ടലിൽ വെച്ച് നടന്ന സംഭവത്തെ കുറിച്ച് ബാലചന്ദ്ര മേനോൻ തന്നെ തുറന്ന് പറഞ്ഞത്‌ജെബി ജംഗ്ഷൻ ഷോയിൽ പങ്കെടുത്തപ്പോഴാണ്.
താരത്തിന്റെ അന്നത്തെ വാക്കുകളിങ്ങനെ: ‘പതിനേഴോ പതിനെട്ടോ വയസുള്ള പെൺകുട്ടി എന്റെ ജീവിതത്തിൽ വന്നതിന് ശേഷം ഉണ്ടായ മാറ്റത്തിൽ അഭിമാനിക്കുന്ന ആളാണ് ഞാൻ. മണിയൻപിള്ള എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് വരദയെ ആദ്യം കാണുന്നത്. അന്ന് തിരുവനന്തപുരത്തെ കീർത്തി ഹോട്ടലിൽ വെച്ച് യാദൃശ്ചികമായിട്ടാണ് കാണുന്നത്.’- ബാലചന്ദ്രമേനോൻ വെളിപ്പെടുത്തുന്നു.
വരദയുമായിട്ടുള്ള ആദ്യ കൂടി കാഴ്ചയിൽ ഞങ്ങളെ കണ്ട ഏക സിനിമാ താരം നടൻ കുഞ്ചനാണ്. ഞാൻ താമസിച്ചിരുന്ന റൂമിന്റെ തൊട്ടടുത്ത റൂമിലാണ് ഇവർ താമസിച്ചിരുന്നത്. വരദയെ കണ്ട കാര്യം അവർ അറിഞ്ഞിട്ടില്ല. അന്ന് ഞാൻ നടനല്ല, സംവിധായകനാണ്. പിന്നീട് നേരെ വരദയുടെ വീട്ടിലേക്ക് കയറി ചെല്ലുന്നു. ഈ പെൺകുട്ടിയെ എനിക്ക് വേണം. ഞാനൊരു സിനിമാക്കാരൻ ആയത് കൊണ്ട് തരാതിരിക്കരുതെന്ന് വരദയുടെ അമ്മയോട് പറഞ്ഞു.
ഇതോടെ, തന്റെ കുടുംബ പശ്ചാത്തലം നോക്കട്ടെയെന്നും ജാതകം നോക്കിയിട്ടു മതി ബാക്കി തീരുമാനങ്ങളെന്നും പറഞ്ഞു. അന്ന് സത്യം പറഞ്ഞാൽ അവളുടെ അമ്മ ശരിക്കും വിറച്ച് പോയെന്നും, താൻ തിരിച്ചുപോന്നതിന് ശേഷം ആ കുട്ടിയുടെ മുഖത്ത് നോക്കി നോ പറയുക എങ്ങനെ എന്ന് അമ്മ വരദയോട് പറഞ്ഞിരുന്നെന്നും ബാലചന്ദ്ര മേനോൻ പറയുന്നു.
അതേസമയം, അന്ന് വീട്ടിൽ പോവുമ്പോൾ വരദ ഇല്ലായിരുന്നു. കോളേജിൽ പോയതാണ്. അമ്മായിയമ്മയോട് തനിക്ക് ഇന്നും വലിയ ബഹുമാനമാണെന്നും ബാലചന്ദ്ര മേനോൻ പറയുന്നുണ്ട്.
വരദയ്ക്ക് വെറും പതിനെട്ട് വയസ് മാത്രം ഉള്ളപ്പോൾ 1982 മേയ് പന്ത്രണ്ടിനാണ് ബാലചന്ദ്ര മേനോനും വരദയും തമ്മിൽ വിവാഹിതരാവുന്നത്. ദമ്പതികൾക്ക് ഒരു മകനും മകളുമുണ്ട്.