മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനാണ് ജയസൂര്യ. കോമഡി വേഷങ്ങളിലെ മിന്നും പ്രകടനമായിരുന്നു മുമ്പ് ജയസൂര്യ എന്നാൽ. എന്നാൽ പിന്നീട് കഥ മാറി. സീരിയസായ വേഷങ്ങൾ ചെയ്യുന്നതിലേക്ക് താരം വളർന്നിരിക്കുകയാണ്. ഇപ്പോഴിതാ മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരവും ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക പരാമർശവുമൊക്കെ നേടാൻ ജയസൂര്യയ്ക്ക് സാധിച്ചു.
ജൂൺ ലൂഥറാണ് ഒടുവിൽ പുറത്തിറങ്ങിയ ജയസൂര്യയുടെ ചിത്രം. അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത ചിത്രം മേയ് 27ന് റിലീസായി ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു. കുറ്റാന്വേഷണ കഥയായിരുന്നു ജോൺ ലൂഥർ. ചിത്രത്തിൽ കേൾവി ശക്തി കുറയുന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടായിരുന്നു ജയസൂര്യ വേഷമിട്ടത്.
അതേസമയം, കൈനിറയെ ചിത്രങ്ങളാണ് ജയസൂര്യയുടേതായി വരാനിരിക്കുന്നത്. ഈശോ, എന്താടാ സജി, റൈറ്റർ, ആട് 3, കത്തനാർ, തുടങ്ങിയ സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. കടമറ്റത്ത് കത്തനാരായി ജയസൂര്യ എത്തുന്ന ചിത്രമായ കത്തനാർ രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് സിനിമയാണ്. സൂപ്പർ ഹിറ്റായി മാറിയ ആട് ടുവിന്റെ മൂന്നാം ഭാഗത്തിനായും ആരാധകർ കാത്തിരിക്കുകയാണ്.
അതിനിടെ താൻ തിരക്കിട്ട ഈ സിനിമാലോകത്തേക്ക് കടക്കുന്നതിന് മുൻപ് സാധാരണ ജീവിതം നയിച്ചിരുന്നതിനെ കുറിച്ചും പിന്നിട്ട വഴികളെ കുറിച്ചും തുറന്നുപറയാൻ മടിയില്ലാത്ത താരമാണ് ജയസൂര്യ. മമ്മൂട്ടി തനിക്ക് ഗുരുതുല്യനാണെന്നും അദ്ദേഹത്തെ വിളിച്ച് ചില വേഷങ്ങൾ ചെയ്യാൻ ടിപ്‌സ് ചോദിക്കുമായിരുന്നെന്നും പറയുകയാണ് ജയസൂര്യ. ലുക്കാചുപ്പി എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ആ കഥാപാത്രത്തെ ചെയ്യാൻ മമ്മൂട്ടിയാണ് തന്നെ സഹായിച്ചതെന്നാണ് ജയസൂര്യ പറയുന്നത്.
മമ്മൂട്ടി എന്ത് കാര്യവും ചോദിക്കാൻ പറ്റിയ റഫറൻസാണെന്നും മമ്മൂക്കയും ലാലേട്ടനുമൊക്കെ പുസ്തകമൊക്കെ എഴുതണമെന്നും വരും തലമുറയ്ക്ക് അത് സ്റ്റാനിസ്ലാവ്‌സ്‌കിയുടെ പുസ്തകം പോലെ വലിയ റഫറൻസാവുമായിരിക്കുമെന്നും ജയസൂര്യ പറയുന്നുണ്ട്.
ഇതിനുപിന്നാലെയാണ് ലുക്കാച്ചുപ്പിയുടെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവം താരം പങ്കുവെക്കുന്നത്. മമ്മൂക്കയൊക്കെ ഗുരുതുല്യരാണ്. ദൂരെ നിന്ന് കണ്ട ആൾക്കാരൊക്കെ എപ്പോൾ വേണമെങ്കിലും വിളിക്കാനുള്ള സ്വാതന്ത്ര്യം തരുന്നത് തന്നെ ഏറ്റവും വലിയ കാര്യമാണെന്നും ജയസൂര്യ പറയുന്നു.
ഒരു ദിവസം ലുക്കാ ചുപ്പിയുടെ ഷൂട്ട് കഴിഞ്ഞ് അടുത്ത പടത്തിൽ ഉടൻ തന്നെ ജോയിൻ ചെയ്യണമായിരുന്നു. കഥാപാത്രത്തിലേക്ക് കയറാൻ നല്ല ബുദ്ധിമുട്ടായിരുന്നു. ഷോട്ട് എടുക്കാൻ നിൽക്കുകയാണ്. എന്തു ചെയ്യണമെന്ന് അറിയില്ല. ഒരു വഴിയും കിട്ടുന്നില്ല.
തലേദിവസം വെളുപ്പിനെ മൂന്ന് മണിക്ക് ലുക്കാ ചുപ്പിയുടെ ഷൂട്ട് കഴിഞ്ഞ് രാവിലെ പുതിയ ലൊക്കേഷനിലെത്തി 7:30ന് മേക്കപ്പിട്ടു. എന്നിട്ട് ഉടനെ മമ്മൂട്ടിയെ വിളിച്ചു. മമ്മൂക്ക ഇങ്ങനൊരു സംഭവമുണ്ട് എന്ന് പറഞ്ഞു. അതിങ്ങനെ ചെയ്താൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. അവർക്കൊക്കെ ഇതൊന്നുമല്ല. അത് കിട്ടിയപ്പോൾ എനിക്ക് ഓക്കെ ആയി. എന്ത് കാര്യവും ചോദിക്കാൻ പറ്റിയ വലിയ റഫറൻസാണ് മമ്മൂക്ക- ജയസൂര്യ പറയുന്നു.
‘ഞാനൊക്കെ ഒരു മാസം ഒരു സിനിമ ചെയ്യുന്നവരാണ്, ചിലപ്പോൾ അടുത്ത മാസം സിനിമയുണ്ടാകില്ല. എന്നാൽ മമ്മൂക്കയൊക്കെ ഒരു ദിവസം രണ്ട് സിനിമയൊക്കെ ചെയ്തിരുന്ന കാലമുണ്ട്. അന്നത്തെ കാലത്ത് ഒരു കഥാപാത്രത്തിൽ നിന്നും അടുത്ത കഥാപാത്രത്തിലേക്ക് സ്വിച്ച് ചെയ്യാനുള്ള സമയം തീരെ കുറവായിരുന്നു. അതിനാൽ എന്തെങ്കിലും സൂത്രപ്പണികൾ അവരുടെ കൈയ്യിൽ ഉണ്ടാകുമെന്നാണ് ജയസൂര്യ പറയുന്നത്. അവർ അതൊക്കെ തനിക്ക് പകർന്നു നൽകുന്നുവെന്നത് വളരെ വലിയ കാര്യമാണെന്നും ജയസൂര്യ തുറന്നുപറയുകയാണ്.