ഒരു പിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശിവദ. മഴ എന്ന മ്യൂസിക് ആൽബത്തിലൂടെയാണ്, താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. എന്തോ മൊഴിയുവാൻ ഉണ്ടാകുമീ എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് ഇപ്പോഴും ആസ്വാദകർ ഏറെയാണ്.
അതേസമയം, 2009ൽ പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ കേരള കഫേയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ശിവദ അഭിനയ ജീവിതം ആരംഭിച്ചത്. ജയസൂര്യ നായകനായി എത്തിയ സു സു സുധീ വാത്മീകം എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. സിനിമ ഹിറ്റായി നിൽക്കുമ്പോൾ തന്നെ താരം വിവാഹവും കഴിച്ചു. എന്നാൽ വിവാഹശേഷം സിനിമ ഉപേക്ഷിക്കുന്നവരിൽ നിന്നും തീർത്തും വ്യത്യസ്തയാണ് ശിവദ. താരം വിവാഹശേഷമാണ് കൂടുതൽ സിനിമകളിൽ അഭിനയിച്ചത്. കുഞ്ഞുണ്ടായതിന് ശേഷം വന്ന സ്വാഭാവിക ഇടവെളകൾ മാത്രമാണ് ഇതിനിടെ ശിവദ സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്.
വിവാഹം കഴിയുന്നതോട് കൂടി നടിമാരുടെ കരിയർ അവസാനിച്ചെന്ന് കരുതുന്നവരോട് രൂക്ഷമായാണ് ശിവദ പ്രതികരിക്കുന്നത്. സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകൾമാത്രമേ ഇങ്ങനൊരു പ്രശ്നം നേരിടുന്നുവുള്ളുവെന്നും താരം പറയുന്നു. കുഞ്ഞ് കൂടി ജനിക്കുന്നതോടെ ചെറിയ റോൾ പോരെ എന്ന് ചോദിക്കുന്നവർക്കും ശിവദ മറുപടി നൽകിയിരുന്നു.
രണ്ടാം വരവിലെ ശക്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് ശിവദയുടെ മറുപടി. വിവാഹം കഴിഞ്ഞ് കുഞ്ഞ് ആയില്ലേ, ഇനി ചെറിയ റോൾ പോരെ എന്ന് ചോദിക്കുന്നവരോട് വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ നടന്മാർക്ക് ചെറിയ വേഷങ്ങളാണോ കൊടുക്കാറുള്ളതെന്ന് താരം തിരിച്ചടിക്കുന്നു.
കുഞ്ഞുള്ളതല്ലേ എന്ന് പറഞ്ഞ് തന്നെ തേടി വരുന്ന സ്ഥിരം ചെറിയ റോളുകൾ സ്വീകരിക്കാറില്ലെന്നാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ശിവദ മുൻപ് തന്നെ വ്യക്തമാക്കിയത്. ട്വൽത്ത് മാൻ എന്ന ജീത്തുജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലെ ചിത്രം ശിവദയുടേതായി പുറത്ത് വന്നത് വലിയ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മേരി ആവാസ് സുനോ ആണ് ഏറ്റവും ഒടുവിലായി പ്രേക്ഷകരിലെത്തിയ ശിവദ ചിത്രം.
സിനിമയിൽ കത്തി നിൽക്കുന്ന സമയത്ത് വന്ന ഇടവേളയെ കുറിച്ച് താരം പറയുന്നതിങ്ങനെ: ‘വിവാഹനിശ്ചയം കഴിഞ്ഞ സമയത്താണ് സു സു സു സുധി വാത്മീകത്തിലേക്ക് ഓഫർ വരുന്നത്. സിനിമ ഹിറ്റായി നിൽക്കുമ്പോൾ കല്യാണം വിളിച്ച് തുടങ്ങി. സിനിമ ചെയ്ത് ക്ലിക്ക് ആയി നിൽക്കുന്ന സമയത്താണോ വിവാഹം എന്ന് എല്ലാവരും ചോദിച്ചതോടെ ടെൻഷനായി. കല്യാണം മാറ്റി വയ്ക്കണോ മുരളീ എന്ന് പോലും ഞാൻ ചോദിച്ചു.
താൻ പേടിക്കണ്ടടോ തന്റെ ഇഷ്ടങ്ങൾക്ക് ഞാൻ നോ പറയില്ലെന്ന് മുരളി പറഞ്ഞതോടെ ധൈര്യമായെന്നും താരം പറയുന്നു. അതേസമയം, കരിയറിന് വേണ്ടി കുഞ്ഞ് ഉടനെ വേണ്ടെന്ന പ്ലാനിങ് ഒന്നും ഉണ്ടായിരുന്നില്ല എന്നും ശിവദ പറയുന്നു. വിവാഹശേഷവും നേരത്തെ പറഞ്ഞ് വെച്ച സിനിമകളൊക്കെ ചെയ്തിരുന്നു. തമിഴിൽ മൂന്ന് സിനിമകൾ ചെയ്യാനിരിക്കുമ്പോഴാണ് ഗർഭിണിയാവുന്നത്. അതിൽ ചില സിനിമകൾ എനിക്ക് എട്ട് മാസം ആയപ്പോഴാണ് ഷൂട്ടിങ് തുടങ്ങിയത്. അതുകൊണ്ട് അതൊന്നും ചെയ്യാൻ കഴിഞ്ഞില്ല. നഷ്ടപ്പെട്ട മൂന്ന് സിനിമകളും മുൻനിര താരങ്ങൾക്കൊപ്പം ഉള്ളതായിരുന്നെന്നും ശിവദ പറയുന്നു.
അതേസമയം, സിനിമകൾ നഷ്ടപ്പെട്ടതിലൊന്നും തനിക്ക് വിഷമമില്ലെന്നാണ് ശിവദ പറയുന്നത്. കാരണം അതിലും വലിയ അനുഗ്രഹമാണ് അരുന്ധതിയെന്ന മകളെന്നാണ് ശിവദയുടെ അഭിപ്രായം. മകളെയും കൂട്ടിയാണ് താൻ സെറ്റിലേക്ക് പോവാറുള്ളത്. ഒരു തരത്തിലും അവൾക്ക് അമ്മയുടെ സാന്നിധ്യം കിട്ടാതെ വരുന്ന അവസ്ഥ ഉണ്ടാക്കിയിട്ടില്ലെന്നും താര്ം വിശദീകരിച്ചു.
അതേസമയം, പ്രസവത്തിന് ശേഷം നേരിട്ട ബോഡി ഷെയിമിങിനെ കുറിച്ചും താരം വെളിപ്പെടുത്തുന്നുണ്ട്. പ്രസവം കഴിഞ്ഞതിന് ശേഷമുള്ള എന്റെ ഫോട്ടോ കണ്ട് കടല വെള്ളത്തിൽ ഇട്ടത് പോലെ ആയല്ലോ എന്നിങ്ങനെയുള്ള കമന്റുകളാണ് വന്നതെന്ന് ശിവദ തുറന്നുപറയുന്നു.
വിവാഹവും പ്രസവവും സ്ത്രീകളുടെ കരിയറിനെ ഒരു തരത്തിലും ബാധിക്കേണ്ട കാര്യമല്ല. അവസരങ്ങൾ നഷ്ടപ്പെടും എന്ന തോന്നൽ വരാതിരിക്കുകയാണ് വേണ്ടതെന്നും മലയാളത്തിൽ വിവാഹശേഷം സ്ത്രീകളെ മാറ്റി നിർത്തുന്ന രീതി വളരെ കുറവാണെന്നും ശിവദ അഭിപ്രായപ്പെട്ടു.