യുവ വനിതാ ഡോക്ടറുടെ മൃതദേഹം സ്യൂട്ട്‌കേസില്‍, ജീവനൊടുക്കിയ നിലയില്‍ മുന്‍ കാമുകന്‍; സംഭവത്തില്‍ ദുരൂഹത

35

മെല്‍ബണ്‍: ഇന്ത്യന്‍ ദന്തഡോക്ടറെ ഓസ്‌ട്രേലിയയില്‍ കുത്തിക്കൊന്നു മൃതദേഹം സ്യൂട്ട്കേയ്സില്‍ ഒളിപ്പിച്ചു. 32കാരിയായ പ്രീതി റെഡ്ഡിയെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് സിഡ്‌നിയില്‍നിന്ന് ഇവരെ കാണാതായിരുന്നു. സ്വന്തം കാറില്‍ ഒരു സ്യൂട്ട്കേയ്സില്‍ കുത്തിനിറച്ച രീതിയിലായിരുന്നു ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

Advertisements

കിഴക്കന്‍ സിഡ്‌നിയില്‍ ഒരിടത്ത് പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു കാര്‍ കണ്ടെത്തിയതെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് പറഞ്ഞു.

ഇവരുടെ മരണത്തിനു പിന്നാലെ മുന്‍ കാമുകന്‍ വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച മക്‌ഡൊനാള്‍ഡ്‌സിലെ ജോര്‍ജ് സ്ട്രീറ്റില്‍ ആരെയൊ കാത്തിരിക്കുന്ന രീതിയിലായിരുന്നു പ്രീതി റെഡ്ഡിയെ അവസാനമായി കണ്ടതെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹത്തില്‍ നിരവധി തവണ കുത്തേറ്റതിന്റെ പാടുകളുണ്ട്. അതേസമയം പ്രീതിയും മുന്‍ കാമുകനും സിഡ്‌നിയിലെ ഹോട്ടലില്‍ താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ദന്തചികില്‍സയുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം കഴിഞ്ഞ ഞായറാഴ്ച രാവിലെ 11നാണ് ഇവര്‍ കുടുംബവുമായി അവസാനം സംസാരിച്ചത്.

പ്രഭാത ഭക്ഷണത്തിനു ശേഷം വീട്ടിലേക്കു തിരികെയെത്തുമെന്നാണ് പ്രീതി പറഞ്ഞിരുന്നത്. എന്നാല്‍ പ്രീതി തിരിച്ചെത്താതിരുന്നതോടെ കുടുംബം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പ്രീതിയുടെ തിരോധാനവും മരണ വിവരവും അറിഞ്ഞു സഹപ്രവര്‍ത്തകര്‍ ഞെട്ടല്‍ രേഖപ്പെടുത്തിയതായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രീതി ജോലിക്കെത്തിയോ എന്നു തിരക്കി തിങ്കളാഴ്ചയാണ് പ്രീതിയുടെ സഹപ്രവര്‍ത്തകര്‍ക്കു അധികൃതരുടെ വിളിയെത്തിയത്. മരണ വിവരമറിഞ്ഞ് ഉറങ്ങാന്‍ പോലും സാധിച്ചില്ല.

അവസാനം സംസാരിച്ചപ്പോള്‍ അടുത്ത ആഴ്ച കാണാമെന്നു പറഞ്ഞതായും പ്രീതിയുടെ സംസാരം സാധാരണ രീതിയില്‍ ആയിരുന്നെന്നും ഗ്ലെന്‍ബ്രൂക്ക് ഡെന്റല്‍ സര്‍ജറിയിലെ പ്രീതിയുടെ സഹപ്രവര്‍ത്തക ചെല്‍സീ ഹോംസ് പറഞ്ഞു.

പ്രീതിയുടെ ബന്ധങ്ങളെക്കുറിച്ചു കൂടുതല്‍ അന്വേഷിച്ചു വരികയാണെന്നു പൊലീസ് അറിയിച്ചു. കാണാതാകുന്നതിനു കുറച്ചു സമയം മുന്‍പ് ഒരു ഹോട്ടലിലെ സിസിടിവി ക്യാമറയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന പ്രീതിയുടെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്.

പ്രീതിയുടെ മൃതദേഹം കണ്ടെത്തുന്നതിന് ഒരു ദിവസം മുന്‍പ് മുന്‍ കാമുകന്‍ ഡോ. ഹര്‍ഷവര്‍ധന്‍ നാര്‌ദെ ഒരു വാഹനാപകടത്തില്‍ മരിച്ചു.

ഹര്‍ഷവര്‍ധന്‍ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാര്‍ മറ്റൊരു വാഹനത്തിനു നേരെ ഇടിച്ചു കയറ്റുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഹര്‍ഷവര്‍ധനും ഓസ്‌ട്രേലിയയില്‍ ദന്തഡോക്ടറായിരുന്നു. ഇയാളുടെ മരണത്തിനു മുന്‍പ് പ്രീതിയുടെ തിരോധാനത്തെക്കുറിച്ചു പൊലീസ് ഹര്‍ഷവര്‍ധനുമായി സംസാരിച്ചിരുന്നു.

Advertisement