അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ്: പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍

15

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ പാകിസ്താനെ 203 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്താന്‍ 29.3 ഓവറിൽ 69 റൺസിന് എല്ലാവരും പുറത്തായി. ആറ് ഓവറിൽ 17 റൺസ് മാത്രം വിട്ടു നൽകി നാലു വിക്കറ്റെടുത്ത ഇഷാൻ പൊറേലിന്റെ മികവാണ് ഇന്ത്യക്കു തുണയായത്.

Advertisements

റിയാൻ പരാഗ് നാലു ഓവറിൽ ആറു റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ശിവ സിങ് എട്ടു ഓവറിൽ 20 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടി. അനുകൂൽ സുധാകർ റോയ്, അഭിഷേക് ശർമ എന്നിവർ ഓരോ വിക്കറ്റും. ബാറ്റിങ്ങിൽ പാകിസ്താന്റെ മൂന്നു ബാറ്റ്സ്മാൻമാർ മാത്രമാണ് രണ്ടക്കത്തിലെത്തിയത് – റൊഹൈൽ നാസിർ(18), സാദ് ഖാൻ(15), മുഹമ്മദ് മൂസ(11).

നേരത്തെ, 94 പന്തിൽ ഏഴു ബൗണ്ടറിയോടെ സെഞ്ചുറി നേടി (പുറത്താകാതെ 102 റൺസ്) മികച്ച ബാറ്റിങ് കാഴ്ചവച്ച ശുഭ്മാൻ ഗില്ലിന്റെ തോളിലേറിയാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. പൃഥ്വി ഷായും മൻജ്യോത് കൽറയും ചേർന്നുണ്ടാക്കിയ 89 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് വൻസ്കോറിലേക്ക് ഇന്ത്യ നീങ്ങുമെന്ന സൂചന നൽകിയെങ്കിലും 41 റൺസെടുത്ത പൃഥ്വി ഷാ റൺഔട്ടായി.

47 റൺസെടുത്ത കൽറയും പിന്നാലെ പുറത്തായി. ഒരു വശത്ത് ശുഭ്മാൻ ഗിൽ വീറോടെ പൊരുതിനിന്നപ്പോൾ മറുവശത്തെത്തിയ ബാറ്റ്സ്മാൻമാർ ഒന്നിനു പിന്നാലെ ഒന്നായി കാര്യമായ സ്കോർ കൂട്ടിച്ചേർക്കാതെ മടങ്ങി. വാലറ്റത്ത് 33 റൺസെടുത്ത അങ്കുൽ റോയിയുടെ ബാറ്റിങ്ങാണ് ശുഭ്മാന് തുണയായത്.

10 ഓവറിൽ 67 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് നേടിയ മുഹമ്മദ് മൂസയും 51 റൺസ് വിട്ടുനിൽകി മൂന്നു വിക്കറ്റ് നേടിയ അർഷാദ് ഇഖ്ബാലും പാക്ക് ബോളിങ്ങിൽ തിളങ്ങി. ക്വാർട്ടർ ഫൈനൽ അടക്കം ഇതുവരെയുള്ള നാലു മൽസരങ്ങളും വൻമാർജിനിൽ ജയിച്ചുകയറിയാണ് ഇന്ത്യ സെമിയിലെത്തിയത്.

ആദ്യ മൽസരത്തിൽ ഓസീസിനെ 100 റൺസിനു തോൽപിച്ച ശേഷം തുടർന്നുള്ള മൽസരങ്ങളിൽ പാപുവ ന്യൂഗിനി, സിംബാബ്‍വെയെ എന്നിവർക്കെതിരെ പത്തു വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ അവിശ്വസനീയ കുതിപ്പ് നടത്തിയ ഇന്ത്യ ക്വാർട്ടറിലും മോശമാക്കിയില്ല. ബംഗ്ലദേശിനെ തോൽപിച്ചത് 131 റൺസിന്. ബാറ്റിങ്ങിൽ ഉജ്വല ഫോമിലായ ശുഭ്മാൻ ഗിൽ ടൂർണമെന്റിലെ ടോപ്സ്കോററുമാണ്.

മറുഭാഗത്ത് ടൂർണമെന്റിൽ പാകിസ്താന്റെ മുന്നേറ്റം അനായായമായിരുന്നില്ല. ആദ്യ മൽസരത്തിൽ അഫ്ഗാനിസ്ഥാനോടു തോറ്റ ടീം തുടർന്നുള്ള മൂന്നുമൽസരങ്ങളിലും വിജയം കണ്ടു. ദക്ഷിണാഫ്രിക്കയ്ക്കും ശ്രീലങ്കയ്ക്കുമെതിരെ മൂന്നുവിക്കറ്റിന്റെ ജയത്തോടെ പാകിസ്താൻ കടന്നുകൂടുകയായിരുന്നു.

Advertisement