നടി ശ്രീദേവി മുങ്ങിമരിച്ചത്, ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

19

നടി ശ്രീദേവിയുടെ മരണം ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. മരണത്തില്‍ ദുരൂഹതയില്ലെന്ന് നേരത്തെ വന്നിരുന്നു. എന്നാല്‍ നടിയുടേത് അപകടമരണമാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.

ബോധരഹിതയായി കുളിമുറിയിലെ ബാത്ത് ടബ്ബില്‍‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫൊറന്‍സിക് വിഭാഗം ബന്ധുക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി.

Advertisements

ശ്രീദേവിയുടെ ബന്ധുക്കളേയും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരേയും മൃതദേഹം കാണിച്ചിരുന്നു. വിട്ടുകിട്ടിയാല്‍ ഉടന്‍ മുംബൈയിലെത്തിക്കാനായി പ്രത്യേകവിമാനം ദുബായിലെത്തിയിട്ടുണ്ട്. മൃതദേഹം വിട്ടുകിട്ടാത്തിനാല്‍ സംസ്‌കാരം സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്.

ദുബായ് ഖിസൈസിലെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ശ്രീദേവിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ ഞായറാഴ്ച വൈകിട്ടോടെയാണ് പൂര്‍ത്തിയായത്.

ഫൊറന്‍സിക് റിപ്പോര്‍ട്ട് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബര്‍ദുബായ് പൊലീസ് സ്റ്റേഷനിലേക്ക് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ കോപ്പി വാങ്ങി മരണസര്‍ട്ടിഫിക്കറ്റും എംബാമിങ്ങും അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നീക്കത്തിലാണു കുടുംബം.

ബോണി കപൂര്‍ ഒരുക്കിയ ‘സര്‍പ്രൈസ് അത്താഴവിരുന്നിന്’ പുറപ്പെടുന്നതിനു തൊട്ടുമുന്നേയാണ് ശ്രീദേവിയെ മരണം കവര്‍ന്നത്. ശനിയാഴ്ച രാത്രിയാണ് ദുബൈയിലെ ജുമെയ്‌റ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലില്‍ വച്ച് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ശ്രീദേവി അന്തരിച്ചത്.

ശ്രീദേവിയുടെ കുടുംബത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ടുള്ള ഖലീജ് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം, അത്താഴവിരുന്നിന് പോകാനുള്ള ഒരുക്കത്തിലായിരുന്നു മരണത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ ശ്രീദേവിയും ഭര്‍ത്താവും.

ശ്രീദേവിക്ക് സര്‍പ്രൈസ് ഡിന്നര്‍ നല്‍കാനാണ് മുംബൈയില്‍നിന്ന് ബോണി കപൂര്‍ വീണ്ടും ദുബൈയിലേക്ക് തിരികെയെത്തിയത്. വൈകുന്നേരം 5.30( ദുബായ് സമയം )ഓടെയാണ് ബോണി കപൂര്‍ ജുമെയ്‌റ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലില്‍ ശ്രീദേവി താമസിച്ചിരുന്ന മുറിയില്‍ എത്തിയത്. ശേഷം ഉറങ്ങുകയായിരുന്ന ശ്രീദേവിയെ വിളിച്ചുണര്‍ത്തി.

തുടര്‍ന്ന് അത്താഴത്തിന് ക്ഷണിക്കുകയും 15 മിനുട്ടോളം ഇരുവരും സംസാരിച്ചിരിക്കുകയും ചെയ്തു. പിന്നീട് ശ്രീദേവി ശുചിമുറിയിലേക്ക് പോയി. 15 മിനിറ്റിന് ശേഷവും ശ്രീദേവി പുറത്തുവരാത്തതിനെ തുടര്‍ന്ന് ബോണി വാതിലില്‍ തട്ടി. എന്നാല്‍ അകത്തുനിന്ന് മറുപടി ലഭിക്കാത്തതോടെ ബോണി വാതില്‍ ബലം പ്രയോഗിച്ച് തുറക്കുകയായിരുന്നു.

ബാത് ടബ്ബിലെ വെള്ളത്തില്‍ ചലനമറ്റ് മുങ്ങിക്കിടക്കുന്ന നിലയിലാണ് ശ്രീദേവിയെ അവിടെ കാണാനായത്. തട്ടിവിളിച്ചു നോക്കിയെങ്കിലും പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്ന് ബോണി തന്റെ സുഹൃത്തുക്കളില്‍ ഒരാളെ വിളിച്ചു വരുത്തി. പിന്നീട് ഒമ്പത് മണിയോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസും മെഡിക്കല്‍ സംഘവും എത്തിയെങ്കിലും അതിനു മുന്നേ മരണം സംഭവിച്ചിരുന്നു.

Advertisement