ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ല, പ്രതികളെ ഒരാഴ്ചയ്ക്കകം പിടികൂടുമെന്ന് മുഖ്യമന്ത്രി

20

തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി. നിലവിലെ പോലീസ് അന്വേഷണം കുറ്റമറ്റരീതിയിലാണ്. ഇനിയും പ്രതികളുണ്ടെങ്കില്‍ പിടികൂടും. യഥാര്‍ഥ പ്രതികളെയല്ല പിടികൂടിയതെന്ന് ആക്ഷേപമുണ്ടെങ്കില്‍ ഏത് അന്വേഷണവുമാകാം. ഡമ്മി പ്രതികളെയാണ് പിടിച്ചതെന്ന വാദം അടിസ്ഥാനരഹിതമാണ്. പിടിയിലായത് യഥാര്‍ഥ പ്രതികളെയല്ലെന്ന് പ്രതിപക്ഷം ഇപ്പോള്‍ പറയുന്നില്ല. ശേഷിച്ച പ്രതികളെ ഒരാഴ്ചയ്ക്കകം പിടികൂടും.

ഷുഹൈബ് വധത്തില്‍ മുഖം നോക്കാതെ നടപടിക്ക് നിര്‍ദേശം നല്‍കി. പിടിയിലുള്ളതു ഡമ്മി പ്രതികളാണെന്ന വാദം അടിസ്ഥാനരഹിതമാണ്. നീതിപൂര്‍വമായ അന്വേഷണമാണു നടക്കുന്നത്. രണ്ടു പേരാണു ഷുഹൈബിനെ വെട്ടിയത്. ഒരാളും കൊല്ലപ്പെടരുതെന്നാണു സര്‍ക്കാര്‍ നിലപാട്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അക്രമത്തിലേക്ക് വഴിമാറരുത്. കണ്ണൂരില്‍ അക്രമസംഭവങ്ങള്‍ 30 ശതമാനത്തോളം കുറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങള്‍ 2016ല്‍ ഏഴായിരുന്നത് 2017ല്‍ രണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisements

സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതീക്ഷിച്ചിരുന്നതാണെന്ന് സുധാകരന്‍ പറഞ്ഞു. സി പി ഐ എം ജില്ലാ നേതൃത്വത്തിന് സംഭവത്തില്‍ പങ്കുണ്ട്. സി ബി ഐ അന്വേഷണം നടത്തിയാല്‍ ഗൂഢാലോചന പുറത്താകും. ഗാന്ധിയന്‍ സമരത്തിന്റെ അന്തഃസത്ത കിരാതന്മാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആകില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

സണ്ണി ജോസഫ് എംഎല്‍എയുടെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വിറകു കീറുന്നതുപോലെയാണ് മനുഷ്യശരീരം വെട്ടിമുറിച്ചതെന്ന് സണ്ണി ജോസഫ് ആരോപിച്ചു. ഷുഹൈബിനെ കൊല്ലിച്ചവരേയും പിടിക്കണമെന്നും മുഖ്യമന്ത്രി കൊലപാതകം നിസാരവത്ക്കരിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ആകാശ് തില്ലങ്കേരിക്ക് പി.ജയരാജനുമായി അടുത്ത ബന്ധമുണ്ട്. കൊല്ലിച്ചവരെ പിടികൂടണം. ഷഹൈബ് വധത്തില്‍ സിബിഐ അന്വേഷണം വേണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം ചെയറിന്റെ മുഖം മറച്ചുള്ള പ്രതിഷേധം സഭയോടുള്ള അവഹേളനമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പ്രതിഷേധം സഭയുടെ അന്തസ് പാലിച്ചാകണം. ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്ന് പ്രതിപക്ഷാംഗങ്ങള്‍ക്ക് താക്കീത് നല്‍കി. പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി പ്ലക്കാര്‍ഡുകളുയര്‍ത്തി മുദ്രാവാക്യം മുഴക്കിയിരുന്നു. സ്പീക്കറുടെ പരാമര്‍ശം ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ വികാരമാണ് പ്രതിപക്ഷം പ്രകടിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

ഫെബ്രുവരി 12 ന് രാത്രിയാണ് എടയന്നൂരില്‍ വച്ച് അഞ്ചംഗസംഘം ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഷുഹൈബ് വധത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ഉപവാസ സമരം ആരംഭിച്ചിരുന്നു. സുധാകരന്റെ ഉപവാസത്തിന്റെ എട്ടാം ദിവസമാണിന്ന്.

Advertisement