തന്റെ കവിത ദീപ നിശാന്ത് മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു; ആരോപണവുമായി യുവ കവി എസ് കലേഷ്

303

കൊച്ചി: തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ് അധ്യാപികയായ ദീപാ നിശാന്ത് കവിത മോഷണം നടത്തിയതായി ആരോപണം. പ്രസിദ്ധ യുവ കവിയായ എസ് കലേഷിന്റെ കവിത ചെറിയ മാറ്റങ്ങളോടെ സ്വന്തം പേരില്‍ അധ്യാപകരുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Advertisements

‘അങ്ങനെയിരിക്കെ മരിച്ചുപോയ ഞാന്‍’ എന്ന കവിത കോപ്പിയടിച്ച് ചെറിയ മാറ്റങ്ങള്‍ വരുത്തി ‘അങ്ങനെയിരിക്കെ’ എന്ന പേരില്‍ കോളേജ് അധ്യാപകസംഘടനയുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്. 2011 ല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും അതിന് ശേഷം മാധ്യമം ആഴ്ചപ്പതിപ്പില്‍ വരികയും ചെയ്ത തന്റെ കവിതയാണ് ദീപ നിശാന്ത് മോഷ്ടിച്ചതെന്ന് കവി കലേഷ് പറയുന്നു. കവിത മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിച്ചു വന്നത് കണ്ടപ്പോള്‍ വിഷമം തോന്നിയെന്നും കലേഷ് തന്റെ ഫെസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.

ദീപ നിശാന്തിന്റെ ചിത്രം സഹിതമാണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേ സമയം താന്‍ വളരെ നാളുകള്‍ക്ക് മുമ്പ് എഴുതിയ കവിതയാണ് അതെന്നും തെളിവില്ലാത്തതിനാല്‍ നിസ്സഹായ ആണെന്നും ദീപ നിശാന്ത് പറയുന്നു.

2011 മാര്‍ച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ എന്ന കവിത എഴുതി തീര്‍ത്ത് ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോര്‍ക്കുന്നു. ആ കവിതയിലൂടെ എന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. അതുവായിച്ച് ഇഷ്ടപ്പെട്ട ഏ.ജെ തോമസിന്റെ അഭിപ്രായപ്രകാരം സി. എസ്. വെങ്കിടേശ്വരന്‍ കവിത ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് ഇന്ത്യന്‍ ലിറ്ററേച്ചറില്‍ പ്രസിദ്ധീകരിച്ചു.

2015-ല്‍ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തില്‍ ആ കവിത ഉള്‍പ്പെട്ടു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരില്‍ വരികള്‍ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകര്‍പ്പ് ചില സുഹൃത്തുക്കള്‍ അയച്ചു തന്നു. അഗജഇഠഅ യുടെ ജേര്‍ണലിലാണ് കവിത അച്ചടിച്ചുവന്നത്. വിഷമം തോന്നി. അല്ലാതെന്ത് തോന്നാന്‍!’; കലേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ദീപാ നിശാന്തിന്റെ പ്രതികരണം

കവിത മോഷ്ടിച്ചവൾ എന്നൊരു തസ്തിക കൂടി ഇന്ന് പുതുതായി ലഭിച്ചിട്ടുണ്ട്. എസ് കലേഷ് മുൻപെഴുതിയ ഒരു കവിത ഞാൻ മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്നാണ് ഒരുപാട് പേർ ആർത്തുവിളിക്കുന്നത്. കിട്ടിയ സന്ദർഭം മുതലാക്കി മുൻപു മുതലേ എന്റെ നിലപാടുകളിൽ അമർഷമുള്ളവരും ആഘോഷം തുടങ്ങിയിട്ടുണ്ട്. അവസരം മുതലാക്കി ആർപ്പുവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഒരു സർവ്വീസ് മാസികയുടെ താളിൽ ഒരു കവിത മോഷ്ടിച്ചു നൽകി എഴുത്തുകാരിയാകാൻ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവർ അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകൾക്കു പുറകിലെ വൈകാരികപരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ല.

കവിത എന്റെ സ്ഥിരം തട്ടകമേയല്ല. കവിതയിലല്ല ദീപാനിശാന്ത് എന്ന പേര് ഇന്ന് ആരും അറിയുന്നതും. ഒരു സർവ്വീസ് പ്രസിദ്ധീകരണത്തിനായി സ്വന്തം ആധികാരികത മുഴുവൻ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തി ഞാൻ ചെയ്യും എന്നു കരുതുന്നുണ്ടെങ്കിൽ അങ്ങനെ തന്നെ മുന്നോട്ട് പോകുക.

ഞാനിതിൽ വീണുപോകും എന്ന് ആരും മോഹിക്കേണ്ടതില്ല. കഴിഞ്ഞ കുറേക്കാലമായി പരിഹാസങ്ങൾക്കും അപവാദങ്ങൾക്കും മധ്യേയാണ് എന്റെ ജീവിതം കടന്നു പോയത്. ഇതും അതിലൊരധ്യായം എന്നേ കരുതുന്നുള്ളൂ. എന്റെ സർഗാത്മക ജീവിതവും രാഷ്ട്രീയ ജീവിതവുമെല്ലാം ശിരസ്സുയർത്തിപ്പിടിച്ചു തന്നെ ഇനിയും തുടരും.

എന്റേതല്ലാത്ത ഒരു വരിയും ഇന്നുവരെ എന്റേതെന്ന് അവകാശപ്പെടാതിരുന്നിട്ടും എനിക്ക് ഇന്ന് സംഭവിച്ച ദുഃഖത്തിൽ ഒപ്പം നിൽക്കുന്ന എല്ലാവരോടും നന്ദിയുണ്ട്.

ഇക്കാര്യത്തിൽ എന്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണമാണിത്. ഇതിൽ കൂടുതലായി ഒന്നും പറയാനില്ല. ചില അനുഭവങ്ങൾ ഇങ്ങനെയും ബാക്കിയുണ്ടാവും എന്നു മാത്രം കരുതുന്നു.

Advertisement