13 തവണ പീഡിപ്പിക്കപ്പെട്ടിട്ടും മിണ്ടാതിരുന്നത് ഭയംകൊണ്ട്; കന്യാസ്ത്രീയുടെ കത്ത് പുറത്ത്

26

ന്യൂഡൽഹി: കന്യാസ്ത്രീകൾക്കും മറ്റ് സ്ത്രീകൾക്കും സഭയിൽ അധികാരമുള്ള പലരിൽനിന്നും ലൈംഗികാധിക്ഷേപം ഉണ്ടാകാറുണ്ടെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീ. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Advertisements

ഏഴു പേജുള്ള കത്താണ് കന്യാസ്ത്രീ സ്ഥാനപതിക്ക് അയച്ചിരിക്കുന്നത്. വത്തിക്കാൻ സ്ഥാനപതിയെ കൂടാതെ, ബിഷപ്പുമാർക്കും സിബിസിഐ പ്രസിഡന്‍റിനും ബിഷപ്പുമാർക്കും വിവിധ സഭ മേലധികാരികൾക്കും കത്ത് അയച്ചിട്ടുണ്ട്.

ലൈംഗിക അധിക്ഷേപത്തിന് ഇരയായ ഒരാളെന്ന നിലയിൽ നീതി തേടിക്കൊണ്ടാണ് താൻ ഇത്തരത്തിൽ ഒരു കത്തയയ്ക്കുന്നതെന്നും കന്യാസ്ത്രി കത്തിൽ പറയുന്നു. പീഡനക്കേസിലെ ഇര എന്ന നിലയിലാണ് കത്ത് അയയ്ക്കുന്നത്.

കത്തോലിക്ക സഭയിൽ വൈദികർക്കും ബിഷപ്പുമാർക്കും മാത്രമേ പരിഗണനയുള്ളൂ. കന്യാസ്ത്രീകൾക്ക് യാതൊരു പരിഗണനയുമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും കത്തിൽ പറയുന്നുണ്ട്. കത്തിന്റെ പകർപ്പ് ‘ന്യൂസ് 18 കേരളം’ പുറത്തുവിട്ടു.

സഭയിൽനിന്നും തനിക്ക് നീതി ലഭിച്ചില്ല. ബിഷപ്പ് ഫ്രാങ്കോ ഉന്നത ബന്ധങ്ങളുപയോഗിച്ച് തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നു. കേസ് അട്ടിമറിച്ച് മുന്നോട്ടുപോകാനാണ് ഫ്രാങ്കോ ശ്രമിക്കുന്നതെന്നും കത്തിൽ പറയുന്നുണ്ട്. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

താൻ പരാതിപ്പെട്ടപ്പോൾ 13 തവണ പീഡിപ്പിക്കപ്പെട്ടിട്ടും എന്തുകൊണ്ട് പരാതിപ്പെട്ടില്ലെന്നാണ് സഭയിൽനിന്നും ചോദിച്ചത്. ഇക്കാര്യം പറയാൻ ഭയവും മാനക്കേടും ഉണ്ടായിരുന്നു. സന്യാസിനെ സമൂഹത്തെയും തന്റെ കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭയന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്ക്ലിൽനിന്നും നേരിടേണ്ടിവന്ന അധിക്ഷേപത്തെക്കുറിച്ചും സഭയിൽനിന്നും നേരിടേണ്ടിവന്ന അവണനകളെക്കുറിച്ചും കത്തിൽ കന്യാസ്ത്രീ വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോയിൽ നിന്ന് 2014 മുതൽ 2016 വരെ നേരിട്ട പീഡനങ്ങളെക്കുറിച്ചും തുടർന്ന് സഭയിൽ നിന്ന് പുറത്തുപോകാൻ തീരുമാനിച്ചതിനെക്കുറിച്ചും പിന്നീട് ആ തീരുമാനം പിൻവലിച്ചതിനെക്കുറിച്ചും കത്തിൽ പറയുന്നുണ്ട്.

Advertisement