അവസാനം ഫിഫയും പ്രഖ്യാപിച്ചു: ഇതാണ് ലോകകപ്പിലെ മികച്ച ഗോള്‍

13

റഷ്യന്‍ മാമാങ്കം കഴിഞ്ഞെങ്കിലും കാല്‍പന്ത് ആരവത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. റഷ്യന്‍ മണ്ണില്‍ പുതിയ താരങ്ങള്‍ ഉദിച്ചുയര്‍ന്നപ്പോള്‍ നിരവധി നല്ല നിമിഷങ്ങളും കാണികള്‍ക്കായി ഒരുങ്ങി. ചര്‍ച്ചകള്‍ക്കൊടുവില്‍ ലോകകപ്പിലെ മികച്ച ഗോള്‍ ഏതെന്ന് തെരെഞ്ഞെടുത്തിരിക്കുകയാണ്. റഷ്യന്‍ മണ്ണില്‍ തിളങ്ങിയത് ഫ്രഞ്ച് യുവതാരം ബെഞ്ചമിന്‍ പവാര്‍ഡ് ആണ്. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനക്കെതിരെ പവാര്‍ഡ് നേടിയ ലോംഗ് റേഞ്ചര്‍ ഗോളാണ് ലോകകപ്പിലെ മിന്നും ഗോളായി ആരാധകര്‍ തെരഞ്ഞെടുത്തത്. ഔദ്യോഗികമായി ഫിഫയും ഇക്കാര്യം പ്രഖ്യാപിച്ചു.

മെസ്സി, റൊണാള്‍ഡോ, കൂട്ടിന്യോ, ലൂക്കാ മോഡ്രിച്ച്, ടോണി ക്രൂസ് തുടങ്ങിയ സൂപ്പര്‍ താരങ്ങളെ മറികടന്നാണ് 22 കാരനായ പ്രതിരോധതാരം ഈ അവാര്‍ഡിന് അര്‍ഹനായത്. പതിനെട്ട് ഗോളുകളില്‍ നിന്ന് ആരാധകര്‍ ചെയ്ത വോട്ടിന്റെ അടിസ്ഥാനത്തിലാണ് പവാര്‍ഡിന്റെ ഗോള്‍ തിളക്കം പ്രഖ്യാപിച്ചത്. പവാര്‍ഡ് ഗോള്‍ നേടിയ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീനക്കെതിരെ 4-3നാണ് ഫ്രാന്‍സ് വിജയിച്ചത്.

Advertisements

അര്‍ജന്റീനക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗ്രീസ്മാന്റെ പെനാല്‍റ്റി ഗോളിലാണ് ഫ്രാന്‍സ് ആദ്യം ലീഡ് നേടിയത്. ഡി മരിയയിലൂടെ അര്‍ജന്റീന തിരിച്ചുവന്നു. രണ്ടാം പകുതിയില്‍ മെര്‍ക്കാഡോ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. പിന്നീട് പവാര്‍ഡിലൂടെ ഫ്രാന്‍സ് വീണ്ടും ലീഡ് നേടി. ഇരട്ടഗോളോടെ എംബാപ്പെയാണ് ഫ്രാന്‍സിന്റെ ജയം ഉറപ്പിച്ചത്. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ അഗ്യുറോ ഒരു ഗോള്‍ മടക്കിയെങ്കിലും ഫലമുണ്ടായില്ല. ഫ്രാന്‍സിനു വേണ്ടി ഇരട്ടഗോള്‍ നേടി മൈതാനവും ആരാധകരുടെ മനസ്സും കീഴടക്കിയ കിലിയന്‍ എംബപെ എന്ന പത്തൊന്‍പതുകാരന്റെ താരോദയത്തിനും ഈ മല്‍സരം വേദിയായി.

21നു ലീഡ് നേടിയ ശേഷമായിരുന്നു അര്‍ജന്റീനയുടെ കീഴടങ്ങല്‍. ഗോളടിച്ചും തിരിച്ചടിച്ചും ഇഞ്ചോടിഞ്ചു പൊരുതിയ ആദ്യപകുതിയില്‍ ഇരുടീമും 11 സമനില പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അര്‍ജന്റീന 21നു മുന്നിലെത്തി. പിന്നീടുള്ള 10 മിനിറ്റിനിടെ മൂന്നു ഗോളുകള്‍ തുടരെ നേടി ഫ്രാന്‍സ് കളം പിടിച്ചു. ജര്‍മനിക്കു പിന്നാലെ അര്‍ജന്റീനയും പുറത്തായതോടെ, കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ രണ്ടു ടീമുകളും കളമൊഴിഞ്ഞു.

ഫൈനലില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് ലോക കിരീടം സ്വന്തമാക്കിയത്. ആദ്യപകുതിയില്‍ ഫ്രാന്‍സ് 21ന് മുന്നിലായിരുന്നു. 1998ല്‍ സ്വന്തം നാട്ടില്‍ കപ്പുയര്‍ത്തിയശേഷം ഫ്രാന്‍സിന്റെ ആദ്യ ലോകകപ്പ് വിജയമാണിത്. അതേസമയം, കന്നി കിരീടം തേടിയെത്തിയ ക്രൊയേഷ്യയ്ക്ക്, ഫുട്‌ബോള്‍ ലോകത്തിന്റെ ഹൃദയം കവര്‍ന്ന പ്രകടനത്തിനൊടുവില്‍ രണ്ടാം സ്ഥാനവുമായി മടക്കം.

ക്രൊയേഷ്യന്‍ താരം മരിയോ മാന്‍സൂകിച്ചിന്റെ സെല്‍ഫ് ഗോളില്‍ ഫ്രാന്‍സാണ് ആദ്യം ലീഡെടുത്തത്. പിന്നാലെ അന്റോയിന്‍ ഗ്രീസ്മന്‍ (38, പെനല്‍റ്റി), പോള്‍ പോഗ്ബ (59), കിലിയന്‍ എംബപെ (65) എന്നിവര്‍ ഫ്രാന്‍സിന്റെ ലീഡുയര്‍ത്തി. ക്രൊയേഷ്യയുടെ ആശ്വാസഗോളുകള്‍ ഇവാന്‍ പെരിസിച്ച് (28), മരിയോ മാന്‍സൂക്കിച്ച് (69) എന്നിവര്‍ നേടി.

1958 ലോകകപ്പിനുശേഷം മുഴുവന്‍ സമയത്ത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന ഫൈനല്‍ കൂടിയായി ഇത്. 1974നു ശേഷം ലോകകപ്പ് ഫൈനലിന്റെ ആദ്യപകുതിയില്‍ മൂന്നു ഗോള്‍ പിറക്കുന്നത് ആദ്യം. മല്‍സരം കൈവിട്ടെങ്കിലും ആരാധകരുടെ ഹൃദയം കവര്‍ന്ന പ്രകടനത്തോടെയാണ് മോഡ്രിച്ചിന്റെയും സംഘത്തിന്റെയും മടക്കം. ഈ കിരീടനേട്ടത്തോടെ മരിയോ സഗല്ലോ (ബ്രസീല്‍), ഫ്രാന്‍സ് ബെക്കന്‍ബോവര്‍ (ജര്‍മനി) എന്നിവര്‍ക്കുശേഷം കളിക്കാരനായും പരിശീലകനായും ലോകകപ്പ് കിരീടം നേടുന്ന ആദ്യ വ്യക്തിയെന്ന നേട്ടം ഫ്രഞ്ച് പരിശീലകന്‍ ദിദിയെ ദെഷാമിനും സ്വന്തം.

Advertisement