ബിജെപി നേതാവ് യെദിയൂരപ്പ ആണ് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരന്‍ എന്ന് അമിത് ഷാ, ഞെട്ടിത്തരിച്ച് ബിജെപി നേതൃത്വം

22

ബംഗളൂരു: ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരന്‍ യെദിയൂരപ്പയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപിയുടെ മുന്‍ മുഖ്യമന്ത്രിയും ഇത്തവണത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ യെദിയൂരപ്പയെ അഴിമതിക്കാരനാണെന്ന് തുറന്ന് സമ്മതിക്കുകയാണ് അമിത് ഷാ. ബംഗളൂരുവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ആയിരുന്നു അമിത് ഷായുടെ പ്രസ്താവന. അഴിമതിയില്‍ ആരെങ്കിലും ഒരു മത്സരം നടത്തുകയാണെങ്കില്‍ യെദ്യൂരപ്പയുടെ സര്‍ക്കാരിനായിരിക്കും ഒന്നാം സ്ഥാനമെന്നും അമിത് ഷാ പറഞ്ഞു.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പരാമര്‍ശം നടത്തവെയാണ് യെദിയൂരപ്പയാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനെന്ന് അമിത് ഷാ പറഞ്ഞത്. അഴിമതിക്കാരായ സര്‍ക്കാറിനെ കണ്ടെത്താന്‍ മത്സരം നടന്നാല്‍ യെദിയൂരപ്പ സര്‍ക്കാരായിരിക്കും ഒന്നാമത് എത്തുകയെന്ന്, യെദിയൂരപ്പയെ സമീപത്ത് ഇരുത്തിക്കൊണ്ടാണ് ബിജെപി നേതാക്കളെ ഞെട്ടിച്ച് അമിത് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.

Advertisements

അതേസമയം അമിത് ഷായുടെ നാക്കുപിഴയെ ആഘോഷമാക്കിയിരിക്കുകയാണ് കര്‍ണ്ണാടക കോണ്‍ഗ്രസും മുഖ്യമന്ത്രി സിദ്ധരാമയ്യയും.
സ്വന്തം ദേശീയാധ്യക്ഷന്‍ തന്നെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരായി യെദിയൂരപ്പ സര്‍ക്കാറിനെ വിലയിരുത്തിയതായി സിദ്ധരാമയ്യ പരിഹസിച്ചു.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബംഗളൂരുവില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു അമിത്ഷായ്ക്ക് നാക്ക് പിഴച്ചത്. കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന് മനസിലായതോടെ അമിത് ഷായുടെ ഇടത്തുണ്ടായിരുന്ന പ്രഹ്ലാദ് ജോഷി ഇടപെട്ട് സംഭവിച്ച അമളി വ്യക്തമാക്കി. ഇതോടെ താന്‍ ഉദ്ദേശിച്ചത് സത്യത്തില്‍ സിദ്ധരാമയ്യയെ ആണെന്ന് അമിത് ഷാ തിരുത്തി. ഇതെല്ലാം കേട്ട് ഞെട്ടിക്കൊണ്ട് അമിത് ഷായുടെ വലതുവശത്ത് കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പയും ഇരിപ്പുണ്ടായിരുന്നു.

ഇത് ആദ്യമായല്ല യെദ്യൂരപ്പയ്ക്ക് അമിത് ഷായുടെ നാക്കുപിഴ വില്ലനാകുന്നത്. അന്നും യെദ്യൂരപ്പയെ അഴിമതിക്കാരനെന്നായിരുന്നു അമിത് ഷാ വിശേഷിപ്പിച്ചത്. അമിത് ഷായുടെ പഴയ നാക്കുപിഴയും പുതിയ നാക്കുപിഴയും കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയയുടെ മേധാവി രമ്യ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘അമിത്ഷായ്ക്കും സത്യം പറയാന്‍ കഴിയുമെന്ന് തെളിഞ്ഞിരിക്കുന്നു. ഞങ്ങളും അമിത് ജിയ്ക്കൊപ്പമാണ്. ബിഎസ് യെദ്യൂരപ്പയും ബിജെപിയും തന്നെയാണ് ഏറ്റവും അഴിമതി നിറഞ്ഞത്’ എന്നായിരുന്നു രമ്യയുടെ ട്വീറ്റ്.

Advertisement